Connect with us

National

ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് കുമാരസ്വാമി

Published

|

Last Updated

ബെംഗളൂരു: 2006ല്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പിതാവ് ദേവെഗൗഡയെ പോലെ മതേതര വാദിയായി ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നും നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബി ജെ പിയുമായി സഖ്യമുണ്ടാക്കാനുള്ള തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ബി ജെ പി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്തപാടാണെന്നും കുമാരസ്വാമി വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യ രൂപവത്കരണത്തിന് വഴിവെച്ചത്. 2004ല്‍ സമാനമായ രീതിയില്‍ സഖ്യം രൂപവത്കരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റൊരു സഖ്യത്തിന് ഇരുപാര്‍ട്ടികളും നിര്‍ബന്ധിതരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുന്ന കാര്യത്തില്‍ കോണ്‍ഗ്രസുമായി ആലോചിച്ച് തീരുമാനമെടുക്കും. കര്‍ഷകര്‍ക്ക് തന്റെ പാര്‍ട്ടിയും കുടുംബവും എന്നും മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളത്. ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ സംസാരിച്ചു. കുമാരസ്വാമി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും 2006ല്‍ കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം കുമാരസ്വാമിയെ വെല്ലുവിളിച്ചു. നൂറില്‍ 99 പേരും കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തെ ശപിക്കുന്നുണ്ട്. നിങ്ങളുടെ രാഷ്ട്രീയഭാവി അവസാനിപ്പിക്കുന്നവരുമായാണ് ഇപ്പോള്‍ നിങ്ങള്‍ കൂട്ടുകൂടിയിരിക്കുന്നതെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തന്റെ തീരുമാനം കുമാരസ്വാമി സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ 28 ന് കര്‍ണാടക ബന്ദ് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാറിന് ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും യെദ്യൂരപ്പ പറഞ്ഞു.