കുമ്മന‌ം രാജശേഖരൻ മിസ്സോറാം ഗവർണർ

Posted on: May 25, 2018 9:01 pm | Last updated: May 26, 2018 at 10:29 am

ന്യൂഡല്‍ഹി: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. നിലവിലെ മിസോറാം ഗവര്‍ണര്‍ ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ ഔദ്യോഗിക കാലാവധി ഈ മാസം 28ന് അവസാനിക്കാനിരിക്കെയാണ് 66കാരനായ കുമ്മനത്തിന്റെ നിയമനം. ഇതിന് പുറമെ ഒഡീഷയുടെ പുതിയ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.

അഡ്വ. വി കെ രാമകൃഷ്ണ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1952 ഡിസംബര്‍ 23ന് കോട്ടയം നഗരത്തിനടുത്ത് അയ്മനം കുമ്മനത്ത് ജനിച്ച രാജശഖരന്‍ ഹിന്ദു ഐക്യ വേദിയിലൂടെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

1974ല്‍ ദീപികയിലിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങിയ കുമ്മനം, വിവിധ പത്രങ്ങളില്‍ ജോലി നോക്കിയ ശേഷം സക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുകയും പിന്നീട് മുഴുവന്‍ സമയം സംഘ് പ്രവര്‍ത്തനത്തിനായി ജോലി രാജിവെക്കുകയുമായിരുന്നു. കേരള ഭൂഷണം, കേരള ദേശം, കേരളധ്വനി, രാഷ്ട്ര വാര്‍ത്ത തുടങ്ങിയ പത്രങ്ങൡ സബ് എഡിറ്ററായി ജോലി നോക്കിയ ശേഷമാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.

പിന്നീട് 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാറി അതേ വര്‍ഷം തന്നെ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1989ല്‍ ജന്മഭൂമിയില്‍ പത്രാധിപരായും 2007ല്‍ മാനേജിംഗ് ഡയറക്ടറായും 2011ല്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിരുന്നു. 1992ല്‍ ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദുഐക്യവേദി ജനറല്‍ കണ്‍വീനറായിരിക്കെ 2015 ഡിസംബറിലാണ് വി മുരളീധരന്റെ ഒഴിവില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പി സംസ്ഥാന അധ്യക്ഷനായിരിക്കെ തിരുവനന്തപുരം വട്ടിയൂര്‍കാവിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമ്മനത്തിന്റെ നിയമനമെന്നത് ശ്രദ്ധേയമാണ്.