National
റോഹിങ്ക്യന്‍ മുസ്ലിംകളെ തിരിച്ചയക്കാന്‍ അന്താരാഷ്ട്ര സഹായം തേടി ശേഖ് ഹസീന

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യന്‍ മുസ്ലിംകളെ തിരിച്ചയക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീന. റോഹിംഗ്യകളെ തിരിച്ച് മ്യാന്‍മറില്‍ എത്തിക്കാന്‍ ആ രാജ്യത്തിന് മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യ സന്ദര്‍ശിക്കുന്ന ശേഖ് ഹസീന പശ്ചിമ ബംഗാളിലെ വിശ്വഭാരതി യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ സംബന്ധിച്ചു.
മാനുഷിക പരിഗണനയുടെ പുറത്താണ് ബംഗ്ലാദേശ് റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് അഭയം നല്‍കിയത്. ഇത് തുടരാനാകില്ല. അവര്‍ മ്യാന്‍മറിലേക്ക് തന്നെ മടങ്ങണം. ഇതിന് മറ്റു രാജ്യങ്ങള്‍ മ്യാന്‍മറിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഹസീന ആവശ്യപ്പെട്ടു.
ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം റോഹിങ്ക്യകളാണ് പലായനം ചെയ്തത്. ഇവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് അതിര്‍ത്തിയിലും ബംഗ്ലാദേശിലുമായാണ് അഭയം തേടിയിരിക്കുന്നത്.