പുതിയ മുഖങ്ങള്‍, പുതിയ ഊര്‍ജം; അതാണ് സെര്‍ബിയ

Posted on: May 25, 2018 6:20 am | Last updated: May 25, 2018 at 12:25 am

ബെല്‍ഗ്രേഡ്: റഷ്യയിലേക്ക് സെര്‍ബിയ വരിക ഏറെ പുതുമുഖങ്ങളുമായിട്ടാകും. ഇന്നലെ കോച്ച് മ്ലാദെന്‍ കസ്റ്റായിച് പ്രഖ്യാപിച്ച 27 അംഗ സാധ്യതാ സ്‌ക്വാഡില്‍ ഭൂരിഭാഗവും യുവതാരങ്ങളാണ്. സന്നാഹ മത്സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 23 അംഗ അന്തിമ സ്‌ക്വാഡ് പിന്നീട് പ്രഖ്യാപിക്കും.

ഫുള്‍ബാക്കുകളായി നികോല മിലെന്‍കോവിചും മിലന്‍ റോഡിചും സ്‌ക്വാഡിലുണ്ട്. ഡുസന്‍ ബാസ്റ്റ, ഇവാന്‍ ഒബ്രാഡോവിച് എന്നിവര്‍ക്ക് പുറമെ ഇരുപത് വയസുള്ള സ്‌ട്രൈക്കര്‍ ലൂക ജോവിചും സെര്‍ബിയന്‍ നിരയിലുണ്ട്.

ബെന്‍ഫിക്കയുടെ താരമായ ലൂക ജോവിച് ലോണില്‍ ജര്‍മന്‍ ക്ലബ്ബ് എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടിയാണ് സീസണില്‍ കളിച്ചത്. ഗംഭീര ഫോമിലായിരുന്നു യുവ സ്‌ട്രൈക്കര്‍. ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പ് ചാമ്പ്യന്‍മാരാവുകയും ചെയ്തു.

റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിന്റെ ഇരുപത്തിരണ്ടുകാരന്‍ വിംഗര്‍ നെമാന്‍ജ റഡോനിച് രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയത് നവംബറിലാണ്. ദക്ഷിണകൊറിയക്കെതിരെ ആയിരുന്നു ആദ്യ മത്സരം. റഡോനിച് കഴിഞ്ഞാല്‍ സെര്‍ബിയന്‍ ലീഗില്‍ കളിക്കുന്ന രണ്ട് പേരെ ടീമിലുള്ളൂ. റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിന്റെ ഡിഫന്‍ഡര്‍ മിലന്‍ റോഡിചും പാര്‍ട്ടിസന്‍ ബെല്‍ഗ്രേഡിന്റെ ഗോളി വഌദ്മിര്‍ സ്‌റ്റോയികോവിചും. സെര്‍ബിയയുടെ ഒന്നാം ഗോളിയാവുക സ്‌റ്റോയികോവിചാകും.

പരുക്കിന്റെ പിടിയിലുള്ള സെന്റര്‍ ബാക്ക് മാറ്റിയ നസ്റ്റാസിചും ടീമിലുണ്ട്. ദീര്‍ഘകാലമായി കാല്‍മുട്ടിനേറ്റ പരുക്കുമായി വിശ്രമത്തിലാണ് നസ്റ്റാസിച്. സെര്‍ബിയ കോച്ചിന്റെ വിശ്വസ്തനാണ് നസ്റ്റാസിച്. അതുകൊണ്ടു തന്നെ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന അവസാന മണിക്കൂര്‍ വരെ കോച്ച് തന്റെ ഇഷ്ട സെന്റര്‍ ബാക്കിന് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ അവസരം നല്‍കും. ശനിയാഴ്ച മെഡിക്കലിന് വിധേയനാകുന്നുണ്ട് നസ്റ്റാസിച്.
2010 ലോകകപ്പിന് ശേഷം സെര്‍ബിയ കളിക്കുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റാണിത്. ജൂണ്‍ നാലിന് ആസ്ത്രിയന്‍ നഗരമായ ഗ്രാസില്‍ വെച്ച് ചിലിയുമായി സന്നാഹ മത്സരം കളിക്കുന്ന സെര്‍ബിയ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ബൊളിവിയയുമായും ഒന്ന് ഏറ്റ്മുട്ടും.
ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലാണ് സെര്‍ബിയ. കോസ്റ്ററിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍ ഉള്‍പ്പെട്ട ഗ്രൂപ്പാണിത്.

സാധ്യതാ സ്‌ക്വാഡ്:

ഗോള്‍ കീപ്പര്‍മാര്‍ : വഌദ്മിര്‍ സ്റ്റോയികോവിച് (പാര്‍ട്ടിസന്‍ ബെല്‍ഗ്രേഡ്), പ്രെഡ്രാഗ് റകോവിച് (മക്കാബി ടെല്‍ അവിവ്), മാര്‍കോ ദിമിത്രോവിച് (എയ്ബര്‍), അലക്‌സാണ്ടര്‍ ജൊവനോവിച് (ആര്‍ഹസ്).
ഡിഫന്‍ഡര്‍മാര്‍ : അലക്‌സാണ്ടര്‍ കൊലറോവ് (എ എസ് റോമ), ബ്രാനിസ്ലാവ് ഇവാനോവിച് (സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്), ഡുസ്‌കോ ടോസിച് (ഗ്വാംഗ്‌ഷോ), അന്റോണിയോ റുകാവിന (വിയ്യാറയല്‍), മിലോസ് വെല്‍കോവിച് (വെര്‍ഡര്‍ ബ്രെമന്‍), മിലന്‍ റോഡിച് (റെഡ്‌സ്റ്റാര്‍ ബെല്‍ഗ്രേഡ്), ഉറോസ് സ്പാജിക് (ക്രസ്‌നോദര്‍), മാതിയ നസ്റ്റാസിച് (ഷാല്‍ക്കെ 04), നികോല മിലെന്‍കോവിച് (ഫിയോറന്റീന).
മിഡ്ഫീല്‍ഡര്‍മാര്‍ : നെമാന്‍ജ മാറ്റിച് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ലൂക മിലിവോജെവിച് (ക്രിസ്റ്റല്‍പാലസ്), സെര്‍ഗെജ് മിലിന്‍കോവിച്-സാവിച് (ലാസിയോ), മാര്‍കോ ഗ്രൂയിച് (ലിവര്‍പൂള്‍), ആദെം ജാജിക് (ടൊറിനോ), ഡുസാന്‍ ടാഡിച് (സതംപ്ടണ്‍), മിയാത് ഗാസിനോവിച് (എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ട്),ഫിലിപ് കോസ്റ്റിച് (ഹാംബര്‍ഗ് എസ് വി), ആന്ദ്രിയ സികോവിച് (ബെന്‍ഫിക്ക), നെമാന്‍ജ റഡോനിച് (റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്), നെമാന്‍ജ മാക്‌സിമോവിച് (വലെന്‍സിയ).
സ്‌ട്രൈക്കര്‍മാര്‍ : അലക്‌സാണ്ടര്‍ മിട്രോവിച് (ന്യൂകാസില്‍ യുനൈറ്റഡ്), അലക്‌സാണ്ടര്‍ പ്രിയോവിച് (സലോനിക), ലൂക ജോവിച് (ബെന്‍ഫിക്ക).