ലൈംഗികാതിക്രമം: പ്രതികള്‍ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുന്നു

Posted on: May 25, 2018 6:08 am | Last updated: May 24, 2018 at 11:51 pm

പാലക്കാട്: സംസ്ഥാനത്ത് ലൈംഗികാതിക്രമ കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുകളുപയോഗിച്ച് രക്ഷപ്പെടുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമകേസുകളടക്കമുള്ളവ ഇത്തരത്തില്‍ രക്ഷപ്പെടുന്നതാണ് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാ ന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തൊണ്ണൂറ് ശതമാനം പോക്‌സോ കേസുകളിലും പ്രതികള്‍ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുന്നതായി ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവിധ കോടതികളിലായി 3655 കേസുകളാണ് കെട്ടിക്കിടക്കുന്നത്.

ലൈംഗികാതിക്രമ കേസുകളില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് പോക്‌സോ ആക്ട് നിഷ്‌കര്‍ഷിക്കുമ്പോഴാണ് നീതികിട്ടാത്ത കുരുന്നുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. വിചാരണ നീളുന്നതോടെ ഇരകള്‍ സ്വാധീനിക്കപ്പെടുന്നതായി ബാലവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നതാണ് 2012ല്‍ നിലവില്‍ വന്ന പോക്‌സോ ആക്ട്. രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കലും കേസിന്റെ എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്നാണ് 2018 ലെ ഭേദഗതിയിലൂടെ നിയമം അനുശാസിക്കുന്നത്.

പോക്‌സോ ആക്ട് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ സമര്‍പ്പിക്കപ്പെട്ട 4275 കേസുകളില്‍ 3655 കേസുകളും വിചാരണ പൂര്‍ത്തിയാക്കാതെ കെട്ടിക്കിടക്കുകയാണ്. 620 കേസുകള്‍ തീര്‍പ്പാക്കിയതില്‍ ശിക്ഷിക്കപ്പെട്ടത് 73 പേര്‍ മാത്രമാണ്. പെണ്‍കുട്ടികളെ ക്രൂരമായ ബലാത്സംഗം ചെയ്തവരടക്കം 484 പേരെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടത്. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 817 കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്കിരയായത് സ്വന്തം വീട്ടില്‍ വെച്ചാണ്. 1663 പേരെയും ചൂഷണം ചെയ്തത് അടുത്തറിയാവുന്നവരും.

പോക്‌സോ കേസിന് പുറമെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ലൈംഗിക പീഡനങ്ങളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനവാണ് സൂചിപ്പിക്കുന്നത്്. 2017ല്‍ 3068 പീഡനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1101 ഇരകളും പ്രായപൂര്‍ത്തിയാകാത്തവരാണ്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാതെ ശക്തമായ നടപടിയുണ്ടാകണമെന്ന നിര്‍ദേശമാണ് എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2016ല്‍ 1656 ലൈംഗിക പീഡന കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017ല്‍ ഇത് 3068 ആയി ഉയര്‍ന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്- 287. കൊല്ലത്ത് 208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത നഗരവും കൊല്ലമാണ്. 95 ലൈംഗിക പീഡന കേസുകള്‍. ഇക്കാലയളവില്‍ സംസ്ഥാനത്ത് 4498 ലൈംഗിക പീഡനശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 26 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടു. 304 കൊലപാതക കേസുകളും 581 കൊലപാതകശ്രമ കേസുകളുമാണ് സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.