Connect with us

National

ചത്ത വവ്വാലുകളെ കണ്ടെത്തി; ഹിമാചലിലും നിപ്പാ ഭീതി

Published

|

Last Updated

സിംല: ഹിമാചല്‍ പ്രദേശിലും വവ്വാല്‍ ഭീതി. കേരളത്തിലെ നിപ്പാ വൈറസ് ബാധയുടെ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുന്ന പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ചത്ത വവ്വാലുകളെ കണ്ടതാണ് ഭീതിക്കിടയാക്കിയത്. നഹാന്‍ ജില്ലയിലെ ബര്‍മാ പാപ്രി സ്‌കൂളില്‍ 18 വവ്വാലുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ആരോഗ്യവകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിന്റെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തി. വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

എല്ലാ വര്‍ഷവും ഈ പ്രദേശത്ത് കൂട്ടത്തോടെ വവ്വാലുകള്‍ വരികയും കുറേയെണ്ണം ചത്തൊടുങ്ങാറുമുണ്ട്. എന്നാല്‍ ഇത്തവണ ഇത്രയധികം ഒരിടത്ത് ചത്ത് കിടക്കുന്നത് ഭീതി പടര്‍ത്തുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജയ് ശര്‍മ പറഞ്ഞു. എന്നാല്‍ ഭീതിയുടെ ആവശ്യമില്ലെന്നും എണ്ണം കൂടിയെന്നത് കൊണ്ട് മാത്രം നിപ്പാ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ്പാ വൈറസിനെക്കുറിച്ച് അധ്യാപകരേയും വിദ്യാര്‍ഥികളേയും ബോധവത്കരിച്ചിട്ടുണ്ട്. ലക്ഷണങ്ങളും മുന്‍കരുതല്‍ നടപടികളും വിശദീകരിച്ചിട്ടുണ്ട്. എവിടെയെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുമായി ശാരീരികമായ സമ്പര്‍ക്കം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാന്‍ ഇതു കാരണമായിട്ടുണ്ടെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുപര്‍ണ ഭരദ്വാജ് പറയുന്നത്. കേരളത്തിലെ മരണങ്ങള്‍ക്കു പിന്നാലെയാണ് ഇവിടെ വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. നിപ്പാ ഭീതി അകന്നിട്ടില്ലെന്ന് അവര്‍ പറയുന്നു.