പിണറായിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മമത

Posted on: May 25, 2018 6:07 am | Last updated: May 24, 2018 at 11:48 pm

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയും സി പി എം നേതാവുമായ പിണറ വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമത പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നത്. മുതിര്‍ന്ന സി പി എം നേതാവുകൂടിയായ പിണറായി വിജയന് ബംഗാളിലെ സി പി എമ്മിന്റെ മുഖ്യശത്രുവായ മമതാ ബാനര്‍ജി ആദ്യമായാണ് ജന്മദിനാശംസ നേരുന്നതെന്നത് ശ്രദ്ധേയമാണ്.

അതേസമയം, കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേദിയില്‍ പിണറായി വിജയനും മമതാ ബാനര്‍ജിയും കണ്ടുമുട്ടിയിരുന്നെങ്കിലും ഇരുവരും സംസാരിച്ചിരുന്നില്ല. രാജ്യത്തെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്ത ബി ജെ പി വിരുദ്ധ കൂട്ടായ്മയില്‍ കേരള- ബംഗാള്‍ മുഖ്യമന്ത്രിമാര്‍ സംസാരിക്കാതെ അകലം പാലിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ചടങ്ങില്‍ നേരത്തെയെത്തിയ പിണറായി വേദിയില്‍ ചന്ദ്രബാബു നായിഡുവിന് സമീപത്താണ് ഇരുന്നത്. വൈകിയെത്തിയ മമതാ ബാനര്‍ജി പ്രമുഖ നേതാക്കളെ അഭിവാദ്യം ചെതെങ്കിലും അവസാന ഭാഗത്തിരുന്ന പിണറായി അഭിവാദ്യം ചെയ്യാതിരുന്നതും മമത അടുത്തെത്തിയെങ്കിലും പിണറായി ശ്രദ്ധിക്കാതിരുന്ന വാര്‍ത്താ ചാനലുകള്‍ എടുത്തുകാട്ടിയിരുന്നു. ഇതിനിടെയാണ് പിണറായിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മമതയുടെ ട്വീറ്റ്.