Connect with us

Kerala

ഇന്ധന വിലയിലെ അധിക നികുതി: ലാഭം ഒഴുകുന്നത് കേന്ദ്രത്തിലേക്ക്; കേരളത്തിന് പ്രതിമാസം 600 കോടി

Published

|

Last Updated

തിരുവനന്തപുരം: ഇന്ധന വില റെക്കോര്‍ഡുകള്‍ തിരുത്തി മന്നേറുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അധിക നികുതി വരുമാനത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവിലെത്തിയത് 7,291 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ലാഭ വരുമാനത്തെ അപേക്ഷിച്ച് ചെറിയ ഒരു ഭാഗം മാത്രമാണിത്. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് തീരുവയിലൂടെ ലഭിക്കുന്ന ലാഭത്തിന് പുറമെ ഇതുവഴി ലഭിക്കുന്ന അധിക ലാഭത്തില്‍ നിന്നുള്ള ഒരു വിഹിതം എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇങ്ങനെ 5,400 കോടി രൂപയാണ് ലാഭ വിഹിതമായി എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നത്.

അതേസമയം, പ്രതിമാസം ശരാശരി 607.5 കോടി രൂപയാണ് ഇന്ധന വിലയുടെ ക്രമാതീതമായ വര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്. അവസാനമായി കണക്കുകള്‍ പുറത്തുവന്ന ഫെബ്രൂവരി- മാര്‍ച്ച് മാസങ്ങളിലെ അന്തരം സംസ്ഥാന ഖജനാവിന്റെ നേട്ടം വ്യക്തമാക്കുന്നതാണ്. സംസ്ഥാന ജി എസ് ടി സെല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2017 മെയ് മുതല്‍ 2018 ഫെബ്രുവരി വരെ ഓരോ മാസവും ശാശരി അറുനൂറ് കോടിയോളം ലഭിച്ച ലാഭം മാര്‍ച്ച് മാസത്തില്‍ 1,182 കോടിയായി ഉയര്‍ന്നിരുന്നു. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ കെ ജി എസ് ടി ചട്ടം 63 അനുസരിച്ച് ഏപ്രില്‍ മാസത്തിലെ തുകയുടെ തൊണ്ണൂറ് ശതമാനം മാര്‍ച്ചില്‍ ഈടാക്കുന്നതുകൊണ്ടാണ് ഈ അന്തരമെന്നാണ് സംസ്ഥാന ജി എസ് ടി സെല്ലിന്റെ വിശദീകരണം.

അതേസമയം ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലേക്കെത്തുന്ന പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്ന അധികനികുതി കുറക്കാന്‍ തയ്യാറാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം, ഇന്ധന നികുതിയുടെ പകുതിയിലേറെ ലാഭമെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വില നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മാത്രമല്ല, അസംസ്‌കൃത എണ്ണവില വര്‍ധനയുടെ മറവില്‍ എണ്ണ വിലയോടൊപ്പം എക്‌സൈസ് തീരുവയും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പതിമൂന്ന് തവണയായി വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ ഒരു ലിറ്റര്‍ പെട്രോളിന് 19.47 രൂപയാണ്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇത് 9.27 രൂപയായിരുന്നു.

ജി എസ് ടി സെല്ലിന്റെ 2019 മെയ് 18ലെ കണക്ക് പ്രകാരം 36.6 രൂപ അടിസ്ഥാന വിലയുള്ള ഒരു ലിറ്റര്‍ പെട്രോള്‍ ഇരുപത് രൂപയിലധികം നികുതി ഈടാക്കി 56.30 രൂപക്കാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇത് പിന്നീട് വില്‍പ്പന നികുതിയും അഡീഷനല്‍ നികുതിയും ഡീലറുടെ കമ്മീഷനും സെസും മറ്റു ചെലവുകളും കഴിഞ്ഞാണ് സംസ്ഥാനത്ത് നിലവില്‍ 81 രൂപക്ക് ഉപഭോക്താവിന് നല്‍കുന്നത്.

അതേസമയം തുടര്‍ച്ചയായ 11 ാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് ഇരുപത് പൈസയും വര്‍ധിച്ച് യഥാക്രമം 81.62 രൂപക്കും 74.36 രൂപക്കുമാണ് വില്‍പ്പന നടന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest