Connect with us

International

ആണവ കരാറുമായി മുന്നോട്ടുപോകാന്‍ ഇ യുവിന് ഇറാന്റെ പുതിയ നിര്‍ദേശം

Published

|

Last Updated

തെഹ്‌റാന്‍: 2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയ പശ്ചാത്തലത്തില്‍ കരാറുമായി മുന്നോട്ടുപോകുന്നതിന് ഇറാന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ മുന്നില്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഇറാനുമായുള്ള വ്യാപാര ബന്ധം സുരക്ഷിതമാക്കാന്‍ യൂറോപ്യന്‍ ബേങ്കുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈ മുന്നോട്ടുവെച്ചിരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുക, ഇറാന്റെ എണ്ണ വ്യാപാരത്തെ അമേരിക്കയുടെ സമ്മര്‍ദത്തില്‍ നിന്ന് മോചിപ്പിക്കുക, ഇറാന്റെ പശ്ചിമേഷ്യയിലെ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ പേരിലും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാതിരിക്കുക തുടങ്ങിയവയാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.

ഇറാനുമായുള്ള വ്യാപാരം സുരക്ഷിതമാക്കാന്‍ യൂറോപ്യന്‍ ബേങ്കുകള്‍ നടപടി സ്വീകരിക്കണമെന്നും ഫ്രാന്‍സുമായും ജര്‍മനിയുമായും ബ്രിട്ടനുമായും പോരാട്ടം നടത്താന്‍ ഇറാന്‍ താത്പര്യപ്പെടുന്നില്ലെന്നും അതേസമയം, ഈ മൂന്ന് രാജ്യങ്ങളെയും പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നും ഖംനാഈ കൂട്ടിച്ചേര്‍ത്തു. ഈ ആവശ്യങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ വഴങ്ങാത്തപക്ഷം ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്ക തുടര്‍ച്ചയായി ആണവ കരാറിനെ ലംഘിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിശ്ശബ്ദരായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ നിശ്ശബ്ദത വെടിയണമെന്നും അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.