അവഗണിക്കാനാകുമോ ഈ ആര്‍ത്തനാദങ്ങള്‍?

ഇന്ന് എസ് വൈ എസ് സാന്ത്വന ദിനം

അല്ലാഹു നല്‍കിയ ആരോഗ്യവും ആയുസ്സും സമ്പത്തും അല്‍പ്പമെങ്കിലും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുമ്പോഴേ അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്തവരായിത്തീരാന്‍ നമുക്ക് സാധിക്കൂ. വിശുദ്ധ റമസാനിലെ കാരുണ്യത്തിന്റെ പത്തിലെ രണ്ടാം വെള്ളിയാഴ്ചയായ ഇന്ന് എസ് വൈ എസ് സാന്ത്വന ദിനമായി ആചരിക്കുകയാണ്. ഈ സദ്കര്‍മത്തിനായി നമ്മുടെ സമ്പത്തിന്റെ ചെറുതല്ലാത്ത ഒരംശം മാറ്റിവെക്കാം.
പ്രസിഡന്റ്, സമസ്ത കേരള സുന്നി യുവജന സംഘം
Posted on: May 25, 2018 6:00 am | Last updated: May 24, 2018 at 10:26 pm

എത്ര ശ്രമിച്ചാലും മനസ്സില്‍ നിന്ന് മായാത്ത അനുഭവങ്ങളും പേറിയാണ് ഓരോ സാന്ത്വന പ്രവര്‍ത്തകനും അന്തിയുറങ്ങാന്‍ വീടണയുന്നത്. ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ അവരുടെ ഉറക്ക് നശിപ്പിക്കുന്നു. വര്‍ഷങ്ങളായി ചീഞ്ഞൊലിക്കുന്ന മുറിവ് ബാധ്യതയായി കൊണ്ടുനടക്കുന്നവര്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന ഔഷധങ്ങള്‍ മാത്രം സേവിച്ച് ശരീരത്തെ കാര്‍ന്നു തിന്നുന്ന രോഗത്തെ കീഴടക്കാന്‍ ശ്രമിക്കുന്നവര്‍, പട്ടിണി നടുവൊടിക്കുമ്പോഴും ആത്മാഭിമാനം കാരണം ആര്‍ക്കു മുമ്പിലും കൈനീട്ടാനാവാതെ സഹനത്തിന്റെ മൂര്‍ത്തരൂപം പ്രാപിച്ചവര്‍, ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും അവഗണിച്ച് നഷ്ട പ്രതാപങ്ങളെ താലോലിച്ച് മരണം പ്രതീക്ഷിച്ച് ജീവിക്കുന്നവര്‍, ഈ വിലാപത്തിന് അറുതിയില്ല; എത്ര സംവിധാനങ്ങളൊരുക്കിയാലും അതൊന്നും പര്യാപ്തവുമല്ല. ഇത്തരമൊരു ദുരന്തം തലക്കു മേല്‍ തൂങ്ങിയാടുമ്പോള്‍ മാനവീകതയുടെ മതം വിശ്വസിക്കുന്ന നമുക്കെങ്ങനെ ആലസ്യത്തില്‍ ചുരുണ്ടുകൂടാന്‍ കഴിയും? എസ് വൈ എസ് നടത്തുന്ന അതിവിപുലവും വ്യവസ്ഥാപിതവുമായ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നത് സമൂഹത്തിന്റെ ഒടുങ്ങാത്ത ദൈന്യതക്കു മുമ്പിലാണ്.

നമ്മുടെ ഒരു സാന്ത്വനം പ്രവര്‍ത്തകന്‍, കവുങ്ങില്‍ കയറാന്‍ ശ്രമിച്ച് കാല്‍മുട്ടിനു താഴെ തൊലിയുരിഞ്ഞ് മകന്‍ നാലാം ക്ലാസുകാരനുമായി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിയതായിരുന്നു. മുറിവ് വെച്ചുകെട്ടാന്‍ ഊഴം കാത്തു നില്‍ക്കുന്നതിനിടയില്‍ അവന്‍ മോഹാലസ്യപ്പെട്ട് വീഴുന്നതാണ് കാണുന്നത്. ആശുപത്രിയില്‍ വെച്ചുതന്നെയായതിനാല്‍ ആവശ്യമായ പരിചരണം ലഭിച്ച കുട്ടി വൈകാതെ കണ്ണുതുറന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴാണ്, അവന്‍ ഡ്രസ്സിംഗ് റൂമിലുള്ള വൃദ്ധയിലേക്ക് വിരല്‍ ചൂണ്ടുന്നത്. വിരിയുടെ ചെറിയ പഴുതിലൂടെ കൂട്ടിനകത്തേക്ക് ഒളിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച അവന്റെ ബോധം കളഞ്ഞതായിരുന്നു. കാല്‍പാദത്തിനു മുകളില്‍ വലിയ തേങ്ങപൊതിച്ച ചകരി പോലൊരു ഭീമന്‍ മുറിവ്. ചുവന്നിരിക്കുന്ന അതില്‍ രക്തവും പഴുപ്പും കുമിഞ്ഞു നില്‍ക്കുന്നു. കാല്‍ നീരുവെച്ച് വീര്‍ത്തതിനാല്‍ മുറിവിന് കൂടുതല്‍ ആഴം വന്നിട്ടുമുണ്ട്. ആരും സഹായത്തിനില്ലാതെ ഭീമാകാരമായ ഈ വൃണവും പേറി ഏന്തിവലിഞ്ഞെത്തിയതാണ് പാവം! പിന്നീടുള്ള അന്വേഷണത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ കാര്യം മനസ്സിലായി- ഈ അമ്മ ഒറ്റക്കാണു താമസം. ബന്ധുക്കളാരുമില്ല. പ്രമേഹം അവരെ കാര്‍ന്നുതിന്നുന്നു. ഈ മുറിവ് പ്രത്യക്ഷപ്പെട്ടിട്ട് ഏഴുവര്‍ഷമെങ്കിലുമായി. ഇടവിട്ട് ആശുപത്രിയിലെത്തുന്ന അവരുടെ മുറിവ് ഡ്രസ്സ് ചെയ്യാന്‍ ആശുപത്രിയിലെ പുരുഷ നഴ്‌സിനു മാത്രമാണത്രെ ധൈര്യമുള്ളത്. ഒരു സ്ത്രീ നഴ്‌സ് നമ്മുടെ പ്രവര്‍ത്തകനോട് പറഞ്ഞതിങ്ങനെ; ഞങ്ങള്‍ക്കു തന്നെ അവരുടെ മുറിവുകണ്ടാല്‍ തലകറങ്ങും. പിന്നല്ലേ ഈ ചെറിയ കുട്ടി?

ഇത് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡെറ്റോള്‍ മണക്കുന്ന ഇടവഴികളിലെ നിത്യക്കാഴ്ച്ച. ഇതിലേറെ കൊടിയ ദുരന്തങ്ങള്‍ക്കു മുകളില്‍ താമസിക്കാന്‍ വിധിക്കപ്പെട്ട പരസഹസ്രങ്ങള്‍ നമുക്കുചുറ്റുമുണ്ട്. അനാഥ വൃദ്ധയെ പരിചരിക്കാനും അവരുടെ വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും അന്നം നല്‍കി ആശ്വസിപ്പിക്കാനും സ്ഥിരമായി രാത്രി ഉറക്കൊഴിച്ച് സമയം കണ്ടെത്തിയിരുന്ന അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ അനുയായികളായ നാം ഹൃദയത്തോട് ഉന്നയിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഇത്തരം സാധു സമൂഹത്തെ നമുക്കവഗണിക്കാനാകുമോ? കുടുംബത്തോടൊപ്പം സുഖസുന്ദരമായി ആരാധനകളില്‍ നിഷ്ഠ പുലര്‍ത്തി ജീവിച്ചതുകൊണ്ടു മാത്രം ബാധ്യത പൂര്‍ത്തിയാക്കിയെന്നു നമുക്ക് അഭിമാനിക്കാനൊക്കുമോ? പട്ടിണിയും കടവും പേറി ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് പൊറുതി മുട്ടുന്ന സഹജീവികളെ പരിഗണിക്കാതെ നമ്മുടെയൊക്കെ ഈമാന്‍ പൂര്‍ണമാവുമോ? ഇത്തരം നൂറു കൂട്ടം പച്ചയായ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറി നില്‍ക്കാനാണു ഭാവമെങ്കില്‍ തീര്‍ച്ചയായും, ‘ജനങ്ങള്‍ക്കുവേണ്ടി പുറത്തിറക്കപ്പെട്ട ഉത്തമ വിഭാഗമാണു നിങ്ങള്‍’ എന്ന ഖുര്‍ആന്‍ പ്രഖ്യാപന(3/104)ത്തിന്റെ ഫലം നമ്മെ കടാക്ഷിക്കുകയേ ഇല്ല. ഇതു മനസ്സിലാക്കിയാണ് പൊതുജന പിന്തുണയോടെ കേരളത്തിലുടനീളം ആശുപത്രികളും വീടുകളും കേന്ദ്രീകരിച്ച് എണ്ണിയാലൊതുങ്ങാത്ത സാന്ത്വന- സഹായപ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയും കീഴ്ഘടകങ്ങളും പ്രത്യേകിച്ച് സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സാന്ത്വനം പ്രവര്‍ത്തകരും നേതൃത്വം നല്‍കുന്നത്. നമുക്കിത് പ്രകടനപരത ആസ്വദിക്കാനുള്ള ഒപ്പിക്കലുകളല്ല; ആരെയെങ്കിലും ബോധ്യപ്പെടുത്താനുള്ള തട്ടിക്കൂട്ടലുകളുമല്ല; വന്‍ സാമ്പത്തിക ഭദ്രത കാരണം ഹുങ്കാരം പ്രദര്‍ശിപ്പിച്ചുള്ള മത്സരവുമല്ല. പ്രത്യുത, കാരുണ്യത്തിന്റെ മതവും കരുണാവാരിധിയായ റബ്ബും ലോകത്തിനാകമാനം കാരുണ്യമെന്നു വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച മുഹമ്മദ് നബി (സ)യും ഏല്‍പ്പിച്ചുതന്ന ദൗത്യം മാത്രം. പ്രശസ്തിയും അഭിനന്ദനങ്ങളും ഒരു എസ് വൈ എസ് പ്രവര്‍ത്തകനും ആശിക്കുന്നില്ല. റബ്ബിന്റെ കോടതിയിലെത്തുമ്പോള്‍ ഉത്തരവാദിത്വം നിര്‍വഹിച്ച ഒരു ഉത്തമ പൗരനായിത്തീരണമെന്ന വിനയഭാവം മാത്രമാണ് നമ്മെ നയിക്കുന്നത്. -നാഥന്‍ സ്വീകരിക്കട്ടെ.

രോഗീ പരിചരണം, സാധു സംരക്ഷണം, വിധവകള്‍ക്കും പ്രകൃതി ദുരന്ത ബാധിതര്‍ക്കുമുള്ള ഔചിത്യ പൂര്‍ണമായ പുനരധിവാസം, വീടില്ലാത്തവര്‍ക്കും ഭക്ഷണവും ഔഷധങ്ങളും ചികിത്സാ സംവിധാനങ്ങളുമില്ലാത്തവര്‍ക്കും അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, അനാഥകളെ സംരക്ഷിച്ച് അറിവും അന്നവും നല്‍കി ഉത്തമ പൗരന്‍മാരാക്കി തീര്‍ക്കല്‍ പോലുള്ള പുണ്യകര്‍മങ്ങളാണ് സംഘടന സാന്ത്വനം വഴി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഓരോന്നിനും വ്യത്യസ്ത രീതികളും മാര്‍ഗങ്ങളുമുണ്ടല്ലോ. അതാതു രോഗങ്ങളിലെ വിദഗ്ധരാണ് ഓരോന്നിനും വേണ്ടി പരിഹാരം നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ പൊതു ജനങ്ങളില്‍ നിന്ന് ഈയാവശ്യാര്‍ഥം നാം സ്വരൂപിക്കുന്ന സമ്പത്ത് കൃത്യമായ രീതിയില്‍ തന്നെ വിനിമയം ചെയ്യപ്പെടുന്നു. നിര്‍ധനരായ നിത്യരോഗികള്‍ക്ക് എസ് വൈ എസ് നല്‍കുന്ന മെഡിക്കല്‍ കാര്‍ഡ് മൂന്ന് കാറ്റഗറിയായാണ് സംവിധാനിച്ചത്. നാം നിര്‍മിച്ചു നല്‍കിയ ആയിരത്തിനടുത്ത് ‘ദാറുല്‍ ഖൈര്‍’ ഭവനങ്ങളിലും ഈയൊരു സൂക്ഷ്മത കാണാം. ഒരേ പ്ലാനില്‍ വീടുവെച്ചാല്‍ പല കുടുംബങ്ങള്‍ക്കും അതു പ്രയാസകരമാകും. ചിലര്‍ക്കെങ്കിലും ധാരാളിത്വവും സംഭവിക്കും. ഇത്തരം ചെറിയ പാളിച്ചകള്‍ പോലും സംഭവിക്കാതിരിക്കാന്‍ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നമ്മുടെ ദാറുല്‍ ഖൈറുകള്‍ സംവിധാനിക്കുന്നത്. ഇതര സേവനങ്ങളിലും ഇത്തരം ശ്രദ്ധ പുലര്‍ത്തണമെന്നു സംഘടനക്ക് നിര്‍ബന്ധമുണ്ട്. പറഞ്ഞല്ലോ, നമുക്കിത് വാര്‍ത്താ പ്രാധാന്യം നേടിയെടുക്കാനുള്ള ആത്മാവില്ലാത്ത ചടങ്ങുകളല്ല, നമ്മുടെ മത പ്രവര്‍ത്തനത്തിന്റെ അനുബന്ധം പോലുമല്ലയിത് – പ്രത്യുത, ദഅ്‌വത്തിന്റെ ജൈവ ഘടകം തന്നെയാണ്.

പാവങ്ങളെ അര്‍ഹമായ വിധം സഹായിക്കുന്നതിനും അവരുടെ കണ്ണീരൊപ്പുന്നതിനും ഏറെ പ്രാധാന്യമാണ് ഇസ്‌ലാം നല്‍കുന്നത്. മതനിഷേധികളെ പരിചയപ്പെടുത്തി സത്യമതം പറയുന്നത് ശ്രദ്ധിക്കുക. ”മതത്തെ കളവാക്കുന്നവരാരാണെന്ന് (നബിയേ) അങ്ങേക്കറിയാമോ? അനാഥകളെ അവഗണിക്കുകയും പാവപ്പെട്ടവ രുടെ ഭക്ഷണകാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവരാണവര്‍(107/1-3). നരകത്തിലെ ആഗാധ പ്രദേശമായ ‘സഖറി’ല്‍ എത്തിച്ചേരാനുള്ള കാരണം ബോധിപ്പിക്കുമ്പോഴും ഖുര്‍ആനില്‍ സാന്ത്വന പ്രവര്‍ത്തനം പരാമര്‍ശിക്കുന്നതുകാണുക: സ്വര്‍ഗസ്ഥര്‍ തെമ്മാടികളെക്കുറിച്ച് അവര്‍ ഭീകരമായ നരകത്തില്‍ പതിക്കാനുള്ള കാരണമന്വേഷിക്കും. അവര്‍ മറുപടി പറയും ഞങ്ങള്‍ നിസ്‌കരിക്കുന്നവരുടെ ഗണത്തിലായില്ല. ഞങ്ങള്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. ഞങ്ങള്‍ വൃത്തികെട്ടവര്‍ക്കൊപ്പം തോന്നിവാസത്തില്‍ മുഴുകുമായിരുന്നു, പ്രതിഫല ദിനത്തെ നിഷേധിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ ഉറപ്പായ മരണം ഞങ്ങള്‍ക്കെത്തിച്ചേര്‍ന്നു. (74/40-47) ഹദീസുകളിലും ഇത്തരം വ്യാപക പരാമര്‍ശങ്ങളുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയത്‌നിക്കുന്നവരുടെയും നരകത്തിനുമിടയില്‍ ആകാശ ഭവനങ്ങളുടെ വ്യാസമുള്ള പലകിടങ്ങുകള്‍ സ്ഥാപിക്കപ്പെടുമെന്ന് തിരുദൂതര്‍ (സ്വ) പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യവസ്ഥാപിതവും വൈവിധ്യപൂര്‍ണവുമാണ് നമ്മുടെ പദ്ധതികള്‍. സംഘടന സജീവമായി ഇപ്പോള്‍ ശ്രദ്ധിച്ചുവരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വമായി പരിചയപ്പെടാം.

ദാറുല്‍ ഖൈര്‍

ഇതിനകം 500-ലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. പുതിയ ആയിരം വീടുകളില്‍ 300 വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. ആറ് ലക്ഷം രൂപയാണ് ഒരു ദാറുല്‍ ഖൈറിന് വകയിരുത്തുന്നത്.

ആശുപത്രി സേവനങ്ങള്‍: കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍, ജില്ലാ- താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള വളണ്ടിയര്‍ സേവനങ്ങള്‍ എല്ലാ വിഭാഗം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ആശ്വാസകരമാണ്. കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ സേവന നിരതരായ വളണ്ടിയര്‍മാര്‍ ഏറെ പ്രശംസപിടിച്ചു പറ്റിയിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒന്നും ചെയ്യാനാകാത്ത പ്രതിസന്ധി ഘട്ടങ്ങളില്‍ രോഗിക്ക് താങ്ങാവാന്‍ ഈ വളണ്ടിയര്‍മാര്‍ക്കായിട്ടുണ്ട്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സാങ്കേതിക സൗകര്യങ്ങള്‍ സംവിധാനിക്കാനും സാന്ത്വനത്തിനായിട്ടുണ്ട്. പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെടാതിരിക്കാന്‍ ജാഗരൂകരാണ് സര്‍ക്കാര്‍ ആശുപത്രികളിലെ സാന്ത്വനം വളണ്ടിയര്‍മാര്‍.

മെഡിക്കല്‍ കാര്‍ഡ്

നിര്‍ധന രോഗികള്‍ക്കുള്ള അവശ്യമരുന്നുകള്‍ ഫാര്‍മസികള്‍ വഴി സൗജന്യമായി ലഭ്യമാക്കുകയാണ് സാന്ത്വനം മെഡിക്കല്‍ കാര്‍ഡ് വഴി ചെയ്യുന്നത്. രോഗിയുടെ സാമ്പത്തിക നിലയും മരുന്നുവിലയുമൊക്കെ പരിഗണിച്ച് 10,000, 5,000, 3,000 എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലുുള്ള മെഡിക്കല്‍ കാര്‍ഡുകള്‍ക്കുള്ള തുക കോഴിക്കോടുള്ള യൂത്ത് സ്‌ക്വയറില്‍ നിന്ന് ഫാര്‍മസികള്‍ക്ക് നേരിട്ടെത്തിക്കുന്ന വ്യസ്ഥാപിതമായ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അയ്യായിരത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ ഇതിന്റെ പ്രയോജകരാണ്.

സാന്ത്വനം ക്ലബ്ബ്

യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഹോംകെയര്‍, പാലിയേറ്റീവ്, ട്രോമാ കെയര്‍ സംവിധാനങ്ങല്‍ യോജിപ്പിച്ച് കിടപ്പുരോഗിള്‍ക്കാശ്വാസവും ദുരന്തനിവാരണങ്ങള്‍ക്ക് സഹായകവുമായ രൂപത്തില്‍ നിരന്തര പരിശീലനം നല്‍കി വാര്‍ത്തെടുക്കുന്ന സന്നദ്ധ സേവകരാണ് സാന്ത്വനം ക്ലബ്ബംഗങ്ങള്‍.

സാന്ത്വനകേന്ദ്രം

ചികിത്സാപരമായ സഹായങ്ങളാണ് സാന്ത്വനം കേന്ദ്രങ്ങള്‍ നല്‍കുന്നത്. നിത്യരോഗികള്‍ക്കും ശയ്യാവലംബരായവര്‍ക്കും വാട്ടര്‍ ബെഡ്, എയര്‍ബെഡ്, വീല്‍ ചെയര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുക, രോഗികള്‍ക്ക് പ്രാഥിക ചികിത്സാ സംവിധാനം ഒരുക്കുക, സര്‍ക്കാറില്‍നിന്നും ലഭ്യമാകുന്ന സഹായങ്ങള്‍ അര്‍ഹര്‍ക്ക് കൃത്യമായി എത്താന്‍വേണ്ട സഹായങ്ങള്‍ ചെയ്യുക എന്നിവയാണ് സാന്ത്വനം കേന്ദ്രം വഴിചെയ്യുന്നത്.

ആംബുലന്‍സ് സര്‍വീസ്

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളുള്‍പ്പെടെയുള്ളതും അവശ്യസൗകര്യങ്ങളുള്ളതുമായ 132 ആംബുലന്‍സുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നുണ്ട്. നിര്‍ധനര്‍ക്ക് ഈ സേവനം തികച്ചും സൗജന്യമാണ്. സാന്ത്വനം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മറ്റു ആംബലുന്‍സ് ഡ്രൈവര്‍മാരെ പോലെ ഡ്രൈവിംഗ് ഒരു തൊഴിലായി സ്വീകരിച്ച കേവലം ഡ്രൈവര്‍മാരല്ല. അടിയന്തര ഘട്ടങ്ങളില്‍ വേണ്ട എല്ലാ സേവനങ്ങളും ആരുടെയും പ്രേരണ കൂടാതെ അവര്‍ ചെയ്യുന്നു.

വിവാഹ സഹായം സാമ്പത്തിക പരാധീനത മൂലം പെണ്‍മക്കളുടെയും സഹോദരിമാരുടെയും വിവാഹ സ്വപ്‌നങ്ങള്‍ പൂവണിയിക്കാനാകാതെ കഷ്ടപ്പെടുന്ന രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസമേകിയിട്ടുണ്ട് എസ് വൈ എസിന്റെ വിവാഹ ധനസഹായങ്ങള്‍. നീലഗിരി ജില്ലാ ഘടകത്തിനു കീഴില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം മുഴുവന്‍ ചെലവും ആഭരണങ്ങളും നല്‍കി സുമംഗലികളാക്കിയത് മുന്നൂറോളം യുവതികളെയാണ്. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഈ സമൂഹ വിവാഹങ്ങള്‍ കണ്ണീരുണക്കിയത് എത്രയെത്ര ആലംബഹീനരുടേതാണ്. ദുരിതാശ്വാസം പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കുള്ള അടിയന്തര ചികിത്സാ സഹായം തുടങ്ങിയ ഇനങ്ങളില്‍ ഓരോ വര്‍ഷവും ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. കടല്‍ക്ഷോഭം വറുതിയിലാക്കുന്ന തീരദേശ മത്സ്യ തൊഴിലാളികള്‍ക്ക് വ്യവസ്ഥാപിതമായ രൂപത്തില്‍ ഭക്ഷ്യസാധനങ്ങളെത്തിക്കാനുള്ള റേഷനിംഗ് സംവിധാനം കെടുതിയുടെ കാലയളവ് മുഴുക്കെ സംവിധാനിക്കുന്നത് ഇതില്‍ ശ്രദ്ധേയമാണ്.

തിരുവനന്തപുരം സാന്ത്വനകേന്ദ്രം

കാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കിരയായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്കോ ശ്രീചിത്തിര ആശുപത്രിയിലേക്കോ എത്തിച്ചേരുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും അഭയവും ആശ്രയവുമൊരുക്കാനായുള്ള സംവിധാനമാണ് തിരുവനന്തപുരം സാന്ത്വന കേന്ദ്രം. ഈ സമുച്ചയം പൂര്‍ത്തിയാകുന്നതോടെ മുന്നൂറോളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമത്തിനും അവശ്യസേവനത്തിനുമുള്ള ഒരു കേന്ദ്രമായിരിക്കുമിത്. യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെ ഒരു പിരമിഡ് മാതൃകയില്‍ വര്‍ത്തിക്കുന്ന സാന്ത്വനം പദ്ധതികളുടെ ആസ്ഥാനമാവുകയാണ് തിരുവനന്തപുരം സാന്ത്വന കേന്ദ്രം.

കുടിവെള്ള പദ്ധതികള്‍

കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്ന അനേകം കുടുംബങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും ആശ്വാസമായാണ് എസ് വൈ എസ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് കീഴില്‍ വിവിധയിടങ്ങളില്‍ വന്‍കിട കുടിവെള്ള പദ്ധതികള്‍ നിലവില്‍ വരുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രത്ത് കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്ന സ്ഥലത്ത് 42 കുടുംബങ്ങള്‍ക്ക് ആശ്വാസമായി അഞ്ച് ലക്ഷം രൂപ ചെലവില്‍ വലിയൊരു പദ്ധതി നിലവില്‍ വന്നു കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ കരുവന്‍പൊയിലില്‍ 60 കുടുംബങ്ങള്‍ക്ക് തെളിനീരുമൊഴുക്കിയാണ് പതിനേഴ് ലക്ഷം രൂപ ചെലവിലുള്ള വന്‍കിട കുടിവെള്ള പദ്ധതി വന്നത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി അനേകം കിണറുകളും ശുദ്ധജല ടാങ്കുകളും കുടിവെള്ള വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട് എസ് വൈ എസ്. ഏറെ പ്രവര്‍ത്തിച്ചുവെങ്കിലും ഇനിയും നിരവധി കാര്യങ്ങള്‍ നമുക്ക് നിര്‍വഹിക്കാനുണ്ട്. എത്ര സുരക്ഷിതനും ആരോഗ്യവാനുമാണെങ്കിലും മനുഷ്യന്റെ കഴിവുകേടു വ്യക്തമായി ബോധ്യപ്പെടുത്തുകയാണ് പലദുരന്തങ്ങളും. ഈയിടെ കേരളത്തില്‍ കണ്ടുതുടങ്ങിയ നിപ്പാ വൈറസ് പരത്തുന്ന മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചോര്‍ത്തു നോക്കുക. നമ്മെപ്പോലെ നിരവധി പ്രതീക്ഷകള്‍ സൂക്ഷിച്ച് ജീവിച്ചുകൊതി തീരാത്ത പച്ച മനുഷ്യരാണ് പൊടുന്നനെ പിന്‍വാങ്ങുന്നത്. പരിഭ്രമിച്ചു നില്‍ക്കാനല്ലാതെ നമുക്കൊന്നും സാധ്യമാകാത്ത അവസ്ഥകള്‍. മനുഷ്യന്റെ അനേകായിരം കഴിവുകള്‍ക്കൊപ്പം അവന്റെ കഴിവുകേടുകള്‍ ബോധ്യപ്പെടുത്തുന്ന മറ്റനവധി ദൈന്യതകള്‍ വേറെയും.

അല്ലാഹു നല്‍കിയ ആരോഗ്യവും ആയുസ്സും സമ്പത്തും അല്‍പ്പമെങ്കിലും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുമ്പോഴേ അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്തവരായിത്തീരാന്‍ നമുക്ക് സാധിക്കുകയുള്ളൂ. വിശുദ്ധ റമസാനിലെ കാരുണ്യത്തിന്റെ പത്തില്‍ നമുക്ക് വിരുന്നെത്തുന്ന രണ്ടാം വെള്ളിയാഴ്ച (ഇന്ന്) എസ് വൈ എസ് സാന്ത്വന ദിനമായി ആചരിക്കുകയാണ്. ഉപര്യുക്ത സദ്കര്‍മങ്ങള്‍ക്കായി നമ്മുടെ സമ്പത്തിന്റെ ചെറുതല്ലാത്ത ഒരംശം മാറ്റിവെക്കണമെന്ന്, ഈ സദ്‌വൃത്തിയില്‍ എല്ലാവരും പങ്കുചേരണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു.