അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്കം

Posted on: May 24, 2018 9:30 pm | Last updated: May 25, 2018 at 8:09 pm
താന്‍സാനിയന്‍ പ്രതിനിധി

ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആണ്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായുള്ള ഖുര്‍ആന്‍ പാരായണ മത്സരം ഇന്നലെ ആരംഭിച്ചു. ഫാരിസ് സഈദ് ഹമാദി (താന്‍സാനിയ), നാസര്‍ നിഹാദ് ഇബ്രാഹിം (ജോര്‍ദാന്‍), മുഹമ്മദ് സാലെഹ് ഹയാതുഫ് (താജികിസ്ഥാന്‍), ബാരി ഉമര്‍ ബെല്ല (ഗാബോണ്‍), താരിഖ് അസീസ് കടോടിയ (പോര്‍ച്ചുഗല്‍), അയ്മന്‍ (മ്യാന്‍മാര്‍) എന്നിവരാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്. പ്രാഥമിക ഘട്ടത്തിലുള്ള യോഗ്യതാ റൗണ്ട് മത്സരം കഴിഞ്ഞതിന് ശേഷമാണ് മത്സരാര്‍ഥികളെ പ്രധാന വേദിയില്‍ എത്തിച്ചത്. പ്രധാന ജുസ്ഹ് (അധ്യായങ്ങള്‍) മനഃപാഠമാക്കിയ പ്രാവിണ്യത്തെയാണ് പരിശോധനാ വിധേയമാക്കിയത്. ആഗോളതലത്തില്‍ പ്രശസ്ഥരായ വിധി കര്‍ത്താക്കളാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് എത്തിയത്. ദുബൈ ഭരണാധികാരിയുടെ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഉപദേഷ്ടാവും ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി മേധാവിയുമായ ഇബ്രാഹിം മുഹമ്മദ് ബു മില്‍ഹ, മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, അവാര്‍ഡ് പ്രോഗ്രാം പ്രായോജകരായ വിവിധ സംരംഭങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മല്‍സരങ്ങളുടെ രണ്ടാം ദിവസമായ ഇന്ന് ഷോഖാന്‍ ഉളിയേവ് (കസാഖിസ്ഥാന്‍). എസ് കെ സഔബാന്‍ അന്‍വര്‍ (ആസ്ട്രേലിയ) ഇസ്ഹാഖ് എമത്തുല്ല (ഫ്രാന്‍സ്), മുഹമ്മദ് സുബൈര്‍ (സിംഗപ്പൂര്‍), മുഹമ്മദ് അബ്ദുല്ല (സുഡാന്‍), സുല്‍കിഫില്‍ അസോമ (ബെനിന്‍) ഡായിരാജി അമാനി (ബുറുണ്ടി) മുര്‍ശിദുല്‍ അമീന്‍ (മാലിദ്വീപ്) ശദാദി കാസിമു മുഹമ്മദ് (കോംഗോ) എന്നിവര്‍ മത്സരത്തിനായെത്തുന്നുണ്ട്.

ദുബൈ ക്രീക്കിന് സമീപത്തെ ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനത്താണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്ന പൊതു ജനങ്ങള്‍ക്ക് വിവിധ സമ്മാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. ഏഴ് വയസിനു താഴെയുള്ള കുട്ടികളെ മത്സരങ്ങള്‍ നടക്കുന്ന ഓഡിറ്റേറിയത്തിലേക്ക് അധികൃതര്‍ പ്രവേശനം അനുവദിക്കുകയില്ല.