ദുബൈ ഗോള്‍ഡ് സൂഖില്‍ പോലീസ് മേധാവിയുടെ പരിശോധന

Posted on: May 24, 2018 9:23 pm | Last updated: May 24, 2018 at 9:23 pm
ദുബൈ പോലീസ് മേധാവി“മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി
ദുബൈ ഗോള്‍ഡ് സൂഖില്‍ സന്ദര്‍ശനത്തില്‍

ദുബൈ: ഗോള്‍ഡ് സൂഖില്‍ ദുബൈ പോലീസ് മേധാവി“മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പരിശോധന നടത്തി. സൂഖിലെ സുരക്ഷാ സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളുടെ സേവനങ്ങളും അദ്ദേഹം വിലയിരുത്തി. ഗോള്‍ഡ് സൂഖിന് പുറമെ ഓള്‍ഡ് ഗോള്‍ഡ് മാര്‍ക്കറ്റും സന്ദര്‍ശിച്ചു. ദുബൈയുടെ സാമ്പത്തിക, വിനോദസഞ്ചാര മേഖലയില്‍ ഗോള്‍ഡ് സൂഖിന്റെ പ്രാധാന്യം കണക്കിലെടുത്തായിരുന്നു പോലീസ് മേധാവിയുടെ സന്ദര്‍ശനം.

ഗോള്‍ഡ് ഗ്രൂപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ലയും കൗണ്‍സില്‍ അംഗങ്ങളും മേജര്‍ ജനറല്‍ അല്‍ മര്‍റിയെ അനുഗമിച്ചു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നത് സംബന്ധിച്ച് ദുബൈ പോലീസും മറ്റു പൊതു-സ്വകാര്യ സംരംഭങ്ങളും സ്ഥാപനങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിന്റെ പ്രാധാന്യവും മര്‍റി സന്ദര്‍ശനത്തില്‍ ഊന്നിപ്പറഞ്ഞു. സ്വര്‍ണ വ്യാപാരികളും ധനവിനിമയ സ്ഥാപനങ്ങളും ബേങ്കുകളും പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും പോലീസ് മേധാവി നിര്‍ദേശം നല്‍കി.

എമിറേറ്റിലെ മുഴുവന്‍ താമസക്കാര്‍ക്കും ഗോള്‍ഡ് സൂഖിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ദുബൈ പോലീസ് ഒരുക്കുന്ന സേവനങ്ങള്‍ക്കും സുരക്ഷക്കും തൗഹീദ് അബ്ദുല്ല നന്ദി പറഞ്ഞു.