Connect with us

International

ആണവ പരീക്ഷണ കേന്ദ്രം ഉത്തരകൊറിയ തകര്‍ത്തു; വിദേശ മാധ്യമ പ്രവര്‍ത്തകരടക്കം സാക്ഷികളായി

Published

|

Last Updated

പ്യോങ്യാങ്: വിദേശ മാധ്യമങ്ങളെയടക്കം സാക്ഷിയാക്കി രാജ്യത്തെ ഏക ആണവ പരീക്ഷണ കേന്ദ്രം ഉത്തരകൊറിയ തകര്‍ത്തു. ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കുന്നതിന്റെ ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു. ആദ്യഘട്ട നശീകരണ പ്രവര്‍ത്തനങ്ങളെന്ന വിശേഷണത്തോടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഉത്തരകൊറിയയുടെ വടക്കു കിഴക്കന്‍ മേഖലയിലെ പുംഗ്യേരി ആണവ പരീക്ഷണ കേന്ദ്രം സ്‌ഫോടനം നടത്തി തകര്‍ക്കുന്നതിന് സാക്ഷികളാവാന്‍ വിദേശ മാധ്യമപ്രവര്‍ത്തകരെയടക്കം ഉത്തരകൊറിയ ക്ഷണിച്ചിരുന്നു. റഷ്യ, ചൈന, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയാണ് നശീകരണത്തിനു സാക്ഷികളാകാന്‍ ഉത്തരകൊറിയ ക്ഷണിച്ചുവരുത്തിയത്. അസോസിയേറ്റഡ് പ്രസ്, റഷ്യ ടുഡേ, സിന്‍ഹുവ എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളും നശീകരണ സമയത്ത് സന്നിഹിതരായിരുന്നു.

അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടര്‍പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു കിം ജോങ് ഉന്നിന്റെ നിര്‍ദേശ പ്രകാരം പന്‍ഗീരിയിലെ ആണവപരീക്ഷണ കേന്ദ്രം തകര്‍ത്തത്. ഇവിടെയാണു കഴിഞ്ഞ സെപ്റ്റംബറിലേത് അടക്കം ആറു പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയത്. പര്‍വതം തുരന്നു നിര്‍മിച്ച ഈ ആണവപരീക്ഷണ കേന്ദ്രം വിദേശ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഉത്തരകൊറിയ തകര്‍ത്തത്. സ്‌ഫോടനത്തിനു പിന്നാലെ തുരങ്കത്തിലേക്കുള്ള വാതിലുകളും അടച്ചു. ഒന്‍പതു മണിക്കൂറോളം നീണ്ട തുടര്‍ സ്‌ഫോടനങ്ങള്‍ക്കൊടുവിലാണ് ആണവകേന്ദ്രം തകര്‍ത്തത്. പര്‍വതം തുരന്നു മൂന്നു തുരങ്കങ്ങളിലായിട്ടായിരുന്നു പരീക്ഷണകേന്ദ്രം. പര്‍വതത്തിന്റെ സമീപപ്രദേശങ്ങളില്‍ ആണവകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടങ്ങളും നിര്‍മിച്ചിരുന്നു. ഇവയും സ്‌ഫോടനത്തില്‍ തകര്‍ത്തു.

Latest