Connect with us

Kerala

കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു; നിപ്പാ മരണം 11

Published

|

Last Updated

കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ സഹോദരങ്ങളുടെ പിതാവ് പന്തിരിക്കര വളച്ചുകെട്ടി മൂസ (55) ആണ് മരിച്ചത്. ഇതോടെ രോഗലക്ഷണങ്ങളോടെയുള്ള മരണം പന്ത്രണ്ടായി. എന്നാല്‍, 11 പേര്‍ക്ക് മാത്രമേ നിപ്പായാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിക്ക് കൂടി ഇന്നലെ നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിപ്പാ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനാലായി. കോഴിക്കോട് ഇരുപത് പേരടക്കം അഞ്ച് ജില്ലകളിലായി 29 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡി എം ഒ. വി ജയശ്രീ പറഞ്ഞു.

നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ മലേഷ്യയില്‍ നിന്നെത്തിച്ച റിബവൈറിന്‍ മരുന്ന് ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്ടര്‍മാര്‍ക്ക് നല്‍കി ചികിത്സാ മാര്‍ഗ രേഖ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എയിംസിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വൈറസ് ബാധിതര്‍ക്ക് റിബവൈറിന്‍ നല്‍കിത്തുടങ്ങി. നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ തുടങ്ങിയവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍ദേശം നല്‍കി. ജില്ലയിലെ അങ്കണ്‍വാടികള്‍ 31 വരെ പ്രവര്‍ത്തിക്കരുതെന്നും ട്യൂഷനുകള്‍, ട്രെയിനിംഗ് ക്ലാസ്സുകള്‍ എന്നിവ നടത്തരുതെന്നും നിര്‍ദേശമുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പരമാവധി കൂടിച്ചേരലുകള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുചടങ്ങുകളും പരീക്ഷകളും മാറ്റിയത്.

ഇന്നലെ മരിച്ച മൂസയുടെ മക്കളായ സാബിത്തും സ്വാലിഹും നേരത്തെ മരിച്ചു. ഇവരില്‍ സ്വാലിഹിന് നിപ്പയാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാബിത്താണ് ആദ്യം മരിച്ചതെങ്കിലും രക്തസാമ്പിളുകള്‍ പരിശോധനക്കയക്കാത്തതിനാല്‍ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഈ മരണവും നിപ്പാ ബാധിച്ചാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. നിപ്പാ ബാധിച്ച് മൂസയുടെ സഹോദര ഭാര്യ മറിയവും മരിച്ചിരുന്നു.

മൂസയുടെ വീട്ടില്‍ വിദേശയിനത്തില്‍പ്പെട്ട മുയലുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ നിന്നാകാം രോഗം പകര്‍ന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, വവ്വാലുകള്‍ തന്നെയാണ് വൈറസ് പരത്തുന്നതെന്ന അഭിപ്രായമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ വവ്വാല്‍, ആട്, മുയല്‍ എന്നിവയുടെ രക്ത സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്ന് ലഭിച്ചേക്കും. ഇതിന്റെയടിസ്ഥാനത്തില്‍ മാത്രമേ വൈറസിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതിനിടെ, സ്ഥിതിഗതികള്‍ പഠിക്കാന്‍ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘം ഇന്ന് എത്തുന്നുണ്ട്. ഇന്ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരും. നിപ്പാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എല്ലാ ദിവസവും വൈകീട്ട് 6.30ന് ഗസ്റ്റ് ഹൗസില്‍ കോര്‍ ഗ്രൂപ്പ് അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ മാത്രം 136 പേര്‍ നിരീക്ഷണത്തിലാണ്. 160 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണക്കാരനെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഇന്നലെ വൈകീട്ട് ചേര്‍ന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest