Connect with us

Articles

രാഷ്ട്രീയക്കാരാ, ഗ്രാമങ്ങളില്‍ ചില വിശേഷങ്ങളുണ്ട്

Published

|

Last Updated

വളരെ വിചിത്രമായ ഒരു ഉത്തരവ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയാണ് ഈ വര്‍ഷമാദ്യം മോദി ശ്രദ്ധിക്കപ്പെട്ടത്. നിലവിലെ സുഖസൗകര്യങ്ങള്‍ കുറച്ചു സമയം ത്യജിക്കാനും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ ഒരു രാത്രി ബി ജെ പി പാര്‍ലമെന്റേറിയന്മാര്‍ താമസിക്കണമെന്നുമായിരുന്നു മോദിയുടെ ഉത്തരവ്. ദളിത് ജനസംഖ്യ 50 ശതമാനമോ അതിലധികമോ ഉളള 20,000 ഗ്രാമങ്ങളാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്.”അംബേദ്ക്കര്‍ ദിവസ്” ആയി ആചരിക്കുന്ന ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ നീണ്ടു നില്‍ക്കുന്ന മൂന്നാഴ്ചത്തെ ക്യാമ്പെയിന്‍ ഇതിനു വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തു. കോളിളക്കങ്ങളൊന്നും സൃഷ്ടിക്കാതെ വളരെ സുന്ദരമായി ഈ പദ്ധതി പരാജയപ്പെട്ടു. മന്ത്രിസഭയില്‍ കൃഷി മന്ത്രി രാധാമോഹന്‍ മാത്രമാണ് മോദിയുടെ വാക്കിന് ചെറുതായെങ്കിലും പരിഗണന കൊടുത്തത്.

ഓല കൊണ്ട് മേഞ്ഞ് ഷീറ്റ് വെച്ചു കെട്ടിയ ചെറിയൊരു കൂര, അതിന്റെയുള്ളില്‍ വീട്ടുകാര്‍ക്ക് കിടക്കാന്‍ ചെറിയൊരു കട്ടില്‍, ഒരു മൂലയില്‍ ആഹാരം പാകം ചെയ്യാനുളള അടുപ്പ്, അതിന്റെയപ്പുറത്ത് വീട്ടിലെ പശുവിനെ കെട്ടിയിരിക്കുന്നു. പശു അതിന്റെ വിസര്‍ജ്യങ്ങള്‍ ഒഴിവാക്കലും അവിടെത്തന്നെ. പശ്ചിമ ബംഗാളിന്റെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിന് താമസിക്കാനുളള ഒറ്റമുറി വീടിന്റെ ചിത്രമാണിത്. കക്ഷി രാഷ്ട്രീയത്തെക്കുറിച്ചോ ക്ലാസിക്കല്‍ ഫാസിസത്തെക്കുറിച്ചോ വിവിധ മോഡല്‍ വികസനത്തെക്കുറിച്ചോ ഇവര്‍ക്ക് അവബോധം ഉണ്ടായിക്കൊള്ളണമെന്നില്ല. അന്നന്നത്തെ ജീവിതം കഴിഞ്ഞു പോകാനുളള ആശയിലായിരിക്കും ഇവരുടെ ജീവിതം. ഈയൊരു സാഹചര്യത്തില്‍ ചെറിയൊരു റിലീഫ് കിറ്റോ ഇടക്കിടെയുളള പരിഗണനാ പൂര്‍വമുളള സംസാരമോ തെരുവില്‍ സ്ഥാപിക്കുന്ന സ്ട്രീറ്റ് ലൈറ്റോ മതിയാകും ഇവരുടെ ഹൃദയം കവരാന്‍. എന്നാല്‍ ഇതിനു പോലും നമ്മുടെ മുഖ്യധാരാ രാഷ്ട്രിയ കക്ഷികള്‍ ശ്രമിക്കുന്നില്ല.

പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും ശ്രദ്ധ ലഭിക്കാതെ കിടക്കുന്ന നിരവധി ഗ്രാമങ്ങളും ഗ്രാമീണരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരം 6,40,867 ഗ്രാമങ്ങളിലായാണ് ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും (ഏകദേശം 833.1 മില്യണ്‍) ജീവിക്കുന്നത്. കൃഷിയെ ആശ്രയിച്ചാണ് വലിയൊരു വിഭാഗം ജനങ്ങള്‍ ജീവിക്കുന്നതെന്ന് ചുരുക്കം. ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകളുളള ഉത്തര്‍പ്രദേശിലാണ് ഗ്രാമീണ ജനസംഖ്യയുടെ 15.5 കോടി ജനങ്ങള്‍ ജീവിക്കുന്നത്.

ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ പ്രയോഗം ഇന്നും നമുക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഗവണ്‍മെന്റ് സംവിധാനങ്ങളില്‍ നിന്നും കടുത്ത അവഗണനയാണ് ഈ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്നത്. ദളിതരും മുസ്‌ലിംകളും അടങ്ങുന്ന പിന്നാക്ക വിഭാഗങ്ങളാണ് ഇവിടങ്ങളില്‍ അതിജീവനം സാധ്യമാക്കുന്നത് എന്നതാവാം ക്രൂരമായ അരികുവത്കരണത്തിന്റെ ഇരകളായി ഇവര്‍ മാറാന്‍ കാരണം. ഗ്രാമീണ ജനസംഖ്യയുടെ 66 ശതമാനത്തിനും ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭിക്കുന്നില്ല. ഏതെങ്കിലും വിധത്തിലുളള വൈദ്യ ശുശ്രൂഷ ലഭിക്കണമെങ്കില്‍ 30 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നത് 31 ശതമാനം പേര്‍ക്കാണ്. 2014 ലെ കണക്കനുസരിച്ച് 1.7 കോടി കുട്ടികളാണ് ഇന്ത്യയില്‍ സ്‌കൂളില്‍ പോകാത്തത്. ഇനി മക്കളെ സ്‌കൂളിലേക്കയക്കാന്‍ സാധാരണക്കാരായ ഗ്രാമീണര്‍ക്ക് കഴിഞ്ഞാല്‍ തന്നെ രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഒറ്റമുറി പ്രാഥമിക വിദ്യാലയത്തിലേക്കായിരിക്കുമത്. ചിലപ്പോള്‍ അവിടെ സ്‌കൂള്‍ മുറികളേ ഉണ്ടാവില്ല. വല്ല മരത്തണലോ മറ്റോ ആയിരിക്കും ക്ലാസ് മുറി.

ഇത്രമേല്‍ വികസിച്ചുവെന്ന് അവകാശവാദമുയര്‍ത്തുമ്പോഴും ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുവെന്നത് ഭയാനകമാണ്. ഇന്ത്യയിലെ 38 ശതമാനം സ്‌കൂളിലും ജാതിവിവേചനം പ്രകടമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ പോകാന്‍ വിസമ്മതിക്കുന്നതിനാല്‍ ദളിത് പിന്നാക്ക ഗ്രാമങ്ങളില്‍ നിന്ന് പകര്‍ച്ചവ്യാധികളുടെയും മരണങ്ങളുടെയും വാര്‍ത്തകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. പല പഞ്ചായത്ത് ഓഫീസുകളിലും ദളിതരെ കയറാന്‍ അനുവദിക്കുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്താല്‍ അവരുടെ ഉത്പന്നങ്ങള്‍ പൊതുമാര്‍ക്കറ്റില്‍ സ്വീകാര്യമാകുന്നില്ല. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തതിനാല്‍ ദളിതരുടെ മ്യതദേഹം നദികളില്‍ ഒഴുക്കിവിടുകയോ സ്വന്തം കൂരക്കകത്ത് കുഴിവെട്ടി മൂടുകയോ ചെയ്യേണ്ടിവരുന്നത് എത്ര ദയനീയമാണ്.

ജനസംഖ്യയുടെ 17 ശതമാനത്തിലേറെയും ദളിത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജനവിഭാഗമാണ്. വലിയൊരു വോട്ടു ബേങ്കാണ് ഇവര്‍. എന്നാല്‍, ഓരോ 18 മിനുട്ടിലും ജാതിഭേദത്തിന്റെ ഭാഗമായി ഒരു ദളിതന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ദിവസം മൂന്ന് ദളിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന് വിധേയരാകുന്നു. മതിയായ ഭൗതിക വിദ്യാഭ്യാസമോ സാമൂഹിക ബോധമോ ഇല്ലാതെ അന്നന്നത്തെ ജീവിതം മുന്നോട്ടു തള്ളി നീക്കുന്ന ഇവരില്‍ വലിയൊരു വിഭാഗത്തിന് തങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെ എങ്ങനെ പ്രതിരോധിക്കണമെന്നു പോലും അറിയില്ല.

മനുഷ്യ വിഭവവും പ്രകൃതി വിഭവവും പരിഗണിച്ചാല്‍ മുന്‍നിര രാജ്യങ്ങളിലൊന്നാവേണ്ട ഇന്ത്യ സ്വാതന്ത്ര്യം നേടി അറര പതിറ്റാണ്ട് പിന്നിട്ടിട്ടും വികസ്വര രാജ്യങ്ങളുടെ ഇടയിലാണ്. ശരിയായ വികസന ആസൂത്രണത്തില്‍ നാം പരാജയപ്പെടുന്നത് കൊണ്ടാണ് ഈയവസ്ഥ. കൃഷിയെ ആശ്രയിച്ച് 70 ശതമാനം ജനങ്ങള്‍ താമസിക്കുന്ന രാജ്യത്ത് കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുന്നത് കാണുന്നില്ല. അന്താരാഷ്ട്ര സൂചിക പരിശോധിച്ചാല്‍ അളോഹരി വരുമാനത്തില്‍ ഏറെ പുരോഗതി കൈവരിച്ച രാജ്യമാണ് ഇന്ത്യ. അതോടൊപ്പം ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുളളതും ഇന്ത്യയില്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പോഷകാഹാരം കിട്ടാതെ മരണപ്പെടുന്ന രാജ്യം, അഞ്ചര ലക്ഷം ഗ്രാമങ്ങള്‍ ശുദ്ധജല പ്രതിസന്ധി അനുഭവിക്കുന്ന രാജ്യം എന്നിങ്ങനെയുളള “ബഹുമതികള്‍” ഇന്ത്യയെ അവികസിതരുടെ പട്ടികയിലേക്ക് തളളി വിടുകയാണ്. ചൊവ്വയില്‍ ജലാംശം കണ്ടെത്താനുളള നമ്മുടെ ശ്രമങ്ങള്‍ വിജയിക്കുമ്പോഴും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വെറും 17 ശതമാനത്തില്‍ മാത്രമാണ് ശുദ്ധജലം ലഭ്യമായിട്ടുളളൂ എന്ന വൈരുധ്യം നാം അഭിമുഖീകരിക്കുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനത്തോളം ജീവിക്കുന്ന ഗ്രാമങ്ങള്‍ വലിയൊരു വോട്ടു ബേങ്കാണ്. ഗ്രാമീണരെ കാണാനും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും ആര് സമയം കണ്ടെത്തുന്നുണ്ടോ, അവര്‍ക്ക് സര്‍വം സമര്‍പ്പിക്കാന്‍ ഗ്രാമീണര്‍ തയ്യാറാകും. തിരഞ്ഞെടുപ്പ് സമയത്തെ മികച്ച പ്രചാരണായുധങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഗ്രാമത്തിലെ ഇലക്ഷന്‍ പ്രചരണ രംഗത്ത് സോഷ്യല്‍ മീഡിയയുടെ സാധ്യത അത്രയെളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയണമെന്നില്ല . ഈയടുത്ത് ട്രായ് നടത്തിയ ഒരു പഠനത്തില്‍ നഗരങ്ങളില്‍ 100 പേരില്‍ 61 പേര്‍ക്ക് ഇന്‍ര്‍നെറ്റ് കണക്ഷനുളളപ്പോള്‍ ഗ്രാമങ്ങളില്‍ 100 പേരില്‍ 13 പേര്‍ക്ക് മാത്രമാണ് ഉളളത്. ഗ്രാമീണരില്‍ 87 ശതമാനം പേരും ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ മീഡിയയുടെയും ലോകത്തിന് പുറത്തായതുകൊണ്ട് തന്നെ അവരിലേക്കിറങ്ങിച്ചെല്ലാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ പ്രകടമായ രാഹുല്‍ ഗാന്ധി ഇഫക്ടിന്റെ മുഖ്യ കാരണം പതിവ് ഇലക്ഷന്‍ പ്രചാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി സാധാരണക്കാരുടെ മനസ്സ് കവരാന്‍ അര്‍ക്കായി എന്നിടത്താണ്. പ്രാഥമികമായി ഗ്രാമീണരെ നേരിട്ടു കാണുകയും അവരുടെ ചെറിയ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാവുകയും ചെയ്താല്‍ ഇവരുടെ വോട്ട് കീശയിലാക്കാന്‍ ഒരോരുത്തര്‍ക്കും കഴിയും. ക്രൂരമായ വംശഹത്യക്കു വിധേയമായിട്ടും ഗുജറാത്തിലെ മുസ്‌ലിംകള്‍ എന്തുകൊണ്ട് ബി ജെ പിക്കു തന്നെ വോട്ടു ചെയ്യുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം ഗുജറാത്ത് ജനസംഖ്യയുടെ 9.67 ശതമാനം മുസ്‌ലിംകളാണ്. മുസ്‌ലിംകളിലെ ഉന്നതകുലജാതരായ ആളുകളെ ബി ജെ പി റാലികളില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ചാണ് നിര്‍ണായകമായ മുസ്‌ലിം വോട്ട് ബി ജെ പി കൈക്കലാക്കുന്നത്. ഈയിടെ രാജ്‌നാഥ് സിംഗും രവിശങ്കര്‍ പ്രസാദും സുഷീല്‍ കുമാര്‍ മോദിയും ബിഹാറിലെ പാറ്റ്‌നയില്‍ നടന്ന പാസ്വാന്‍ മഹാസഭയില്‍ പങ്കെടുക്കുകയും ബി ജെ പിയുടെ സഹായം ഉറപ്പു നല്‍കുകയും ചെയ്തത് ദളിത് വോട്ടുകള്‍ കീശയിലാക്കുക എന്ന ലക്ഷ്യത്തില്‍ മാത്രമാണ്.

ദളിത് ജനസംഖ്യ 50 ശതമാനമോ അതിലധികമോ ഉളള 20,000 ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത് ഒരു രാത്രി അവിടങ്ങളില്‍ തങ്ങണമെന്ന നിര്‍ദേശം ബി ജെ പി പാര്‍ലിമെന്റേറിയന്മാര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കിയതും ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ്. ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാകുകയായിരുന്നെങ്കില്‍ 2019 ല്‍ കാവിവത്കരണത്തില്‍ സംശയമുണ്ടാകില്ലായിരുന്നു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന വലിയൊരു ജനവിഭാഗത്തിന്റെ വിലപ്പെട്ട വോട്ടുകള്‍ സ്വന്തം അക്കൗണ്ടിലേക്ക് എഴുതിച്ചേര്‍ക്കാന്‍ ഇങ്ങനെ ആവിഷ്‌കരിച്ച ഒരു പദ്ധതി പരാജയപ്പെട്ടുവെന്നത് ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. രാഷ്ട്രീയ ചാണക്യന്മാര്‍ ആവശ്യത്തിനുളള ബി ജെ പി നേതൃത്വം അടങ്ങിയിരിക്കുമെന്ന് നാം കരുതേണ്ടതില്ല. ജനാധിപത്യ മതേതരത്വ സംഹിതയുടെ സംരക്ഷണക്കുത്തക അവകാശപ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തുകയും മധ്യ വര്‍ഗത്തിന്റെ വോട്ടുകള്‍ ഉറപ്പാക്കുന്നതോടുകൂടെ ഗ്രാമീണ ജനതയുടെ വോട്ടുകള്‍ ഏകീകരിക്കാനുളള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം.

---- facebook comment plugin here -----

Latest