ഖലീഫയുടെ രണ്ടാം സമ്മാനം

ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിച്ച് പരവശരാകുന്നവരാണ് ഭൂരിപക്ഷവും. എല്ലാം പോയി മറഞ്ഞ ശേഷം വിലപിച്ചിട്ടു കാര്യമൊന്നുമില്ല. ഏതു കാര്യവും പിന്നെയാകട്ടെ എന്നു കരുതി നീട്ടിവെക്കുന്നത് അലസതയാണ്. സ്വഹാബിയായ ഇബ്‌നു മസ്ഊദ് (റ) പറയുന്നു: 'എന്റെ ആയുസ്സില്‍ നിന്ന് ഒരു ദിവസം കുറഞ്ഞു പോകുകയും അതില്‍ കര്‍മങ്ങളൊന്നും ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു ദിവസത്തെ കുറിച്ച് ഖേദിച്ചത്ര ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ഖേദിച്ചിട്ടില്ല.'
Posted on: May 24, 2018 6:00 am | Last updated: May 24, 2018 at 1:08 am

മുസ്‌ലിം ലോകത്തെ പ്രസിദ്ധനായ ഭരണാധികാരിയായിരുന്നു അബ്ബാസി ഖലീഫ അബൂ ജഅഫറുല്‍ മന്‍സൂര്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെയടുക്കലേക്ക് ഒരാള്‍ വന്നു. രാജാവിന്റെ മുമ്പില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുക എന്നതായിരുന്നു അയാളുടെ ആഗമനോദ്ദേശ്യം. രണ്ട് സിദ്ധികളാണ് അയാള്‍ക്ക് പ്രകടിപ്പിക്കാനുണ്ടായിരുന്നത്. 20 പാത്രങ്ങള്‍ ഒരേ സമയം നിലത്ത് വീഴാതെ വായുവില്‍ എറിഞ്ഞു കളിക്കലായിരുന്നു ആദ്യത്തേത്. ആദ്യ പ്രകടനം കണ്ടപ്പോള്‍ തന്നെ കൊട്ടാരവാസികള്‍ മുഴുവന്‍ അത്ഭുതസ്തബ്ധരായി.

രണ്ടാമതായി അയാള്‍ ഒരു സൂചി നിലത്തിട്ടു. ശേഷം മറ്റൊരു സൂചിയെടുത്ത് കൃത്യം ആദ്യത്തേതിന്റെ മുനയില്‍ തന്നെ എറിഞ്ഞു കൊളളിച്ചു. അങ്ങനെ നൂറ് സൂചികള്‍. ഒന്നിന്റെ പോലും ഉന്നം തെറ്റിയില്ല. കൊട്ടാരത്തില്‍ വന്നയാളുടെ പ്രകടനം കണ്ട് ഓരോരുത്തരും തരിച്ചിരിക്കുകയാണ്. ഉടനെ വന്നു രാജാവിന്റെ പ്രഖ്യാപനം. ഇയാള്‍ക്ക് 1,000 ദിര്‍ഹം സമ്മാനമായി നല്‍കുക. അതോടുകൂടെ 100 ചാട്ടവാറടിയും നല്‍കുക. രണ്ടാമത്തെ ‘സമ്മാന’ത്തിന്റെ സാംഗത്യം കൊട്ടാരസദസ്സിന് മനസ്സിലായില്ല. ഇത് തിരിച്ചറിഞ്ഞ രാജാവ് പറഞ്ഞു: ‘ഒരുപാട് കാലത്തെ പരിശീലനത്തിനും പരിശ്രമത്തിനുമൊടുവില്‍ ഇയാള്‍ നേടിയെടുത്ത കഴിവിനുളള സമ്മാനമാണ് 1,000 ദിര്‍ഹം. ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്ത ഒരു കഴിവ് നേടിയെടുക്കാന്‍ ഒരുപാട് സമയം ഇയാള്‍ ദുര്‍വിനിയോഗം ചെയ്തു. അതോടുകൂടെ ഇത് പ്രകടിപ്പിക്കുന്നതിലൂടെ മറ്റു പല നല്ല കാര്യങ്ങളിലും ചെലവഴിക്കേണ്ട സമയം ഇയാള്‍ മൂലം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു. ഇതിനാണ് രണ്ടാമത്തെ സമ്മാനം. സദസ്സിന് കാര്യം ബോധ്യമായി.

വിശുദ്ധ ഇസ്‌ലാം സമയത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഖുര്‍ആനില്‍ പലയിടങ്ങളിലായി കാലത്തേയും രാത്രിയേയും പകലിനേയും വെച്ച് സത്യം ചെയ്യുന്നതിലൂടെ അല്ലാഹു തന്റെ സൃഷ്ടികളോട് ഇത് നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. സൂറത്തുല്‍ മുനാഫിഖൂനയിലെ അവസാന രണ്ട് ആയത്തുകളില്‍ സമയത്തിന്റെ ഗൗരവം അല്ലാഹു ഓര്‍മപ്പെടുത്തുന്നത് കാണുക: ‘നിങ്ങളിലോരോരുത്തര്‍ക്കും മരണം ആസന്നമാകും മുമ്പേ നാം തന്നതില്‍ നിന്നു നിങ്ങള്‍ ചെലവഴിക്കുക. തല്‍സമയം അവര്‍ ഇങ്ങനെ പരിഭവിച്ചേക്കാം, നാഥാ, സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിക്കാത്തത്. അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യും സജ്ജനങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യും. അവധി ആഗതമായാല്‍ ഒരാള്‍ക്കും അല്ലാഹു ആയുസ്സ് നീട്ടിക്കൊടുക്കുകയില്ല. നിങ്ങളുടെ ചെയ്തികളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണവന്‍.’ (ഖുര്‍ആന്‍ 63 / 10, 11 ). മനുഷ്യന്റെ ഏറ്റവും വലിയ മൂലധനമാണ് സമയം. അതു തിരിച്ചറിഞ്ഞ് സമയത്തെ നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്തുന്നിടത്താണ് നമ്മുടെ വിജയം.

സമയം പാഴാക്കുക എന്നതിന്റെയര്‍ഥം ജീവിതം പാഴാക്കുക എന്നതാണ്. ഇനി ആലോചിക്കുക. ദൈനംദിന ജീവിതത്തില്‍ നാം എന്തിനെല്ലാം വേണ്ടിയാണ് സമയം ചെലവഴിക്കുന്നത്. ഒരു ദിവസത്തെ 24 മണിക്കൂര്‍ സമയം എടുത്താല്‍ 7-8 മണിക്കൂര്‍ ഉറങ്ങാനായും 8 മണിക്കൂര്‍ ജോലിക്കായും ഒന്നോ രണ്ടോ മണിക്കൂര്‍ ദിനചര്യകള്‍ക്കായും നാം വിനിയോഗിക്കുന്നു. ബാക്കിയുള്ള സമയം എപ്രകാരം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജീവിത വിജയം. ഓരോ ദിവസവും പ്രയോജനകരമല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി പാഴാക്കിക്കളയുന്ന സമയം തിരിച്ചറിഞ്ഞ് അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്കാകണം. മനുഷ്യന്‍ വഞ്ചിക്കപ്പെടുന്ന രണ്ട് അനുഗ്രഹങ്ങള്‍ ആരോഗ്യവും ഒഴിവു സമയവുമാണെന്ന പ്രവാചക വചനം പുതിയ കാലത്ത് പകല്‍ വെളിച്ചം പോലെ പ്രകടമാണ്.

ഒഴിവു സമയത്തിന്റെ വലിയൊരു ഭാഗം സോഷ്യല്‍ മീഡിയയിലെ അനാവശ്യ ചാറ്റിംഗിലും മറ്റുമായി സമയം കൊല്ലുന്ന പലരും സ്വന്തം മക്കളെയും കുടുംബത്തേയും മറന്നു പോകുന്നു. കൂട്ടുകാരോടൊത്തുളള ജൈവികമായ സൗഹൃദങ്ങള്‍ ഇവര്‍ക്ക് നഷ്ടമാകുന്നു. അവസാനം തനിക്കു ലഭിച്ച ആരോഗ്യം നശിച്ച് ഒന്നിനും കഴിയാത്തവനായി ഒരിടത്തിരിക്കുമ്പോള്‍ മാത്രമാണ് പലരും നഷ്ടമായ അനുഗ്രഹങ്ങളെ ആലോചിച്ച് വിലപിക്കുക.

തിരക്കുപിടിച്ച, എന്നാല്‍ സമയക്രമീകരണവും നിയന്ത്രണങ്ങളുമുണ്ടെങ്കില്‍ നമ്മുടെ കുടുംബത്തോടും മക്കളോടുമൊപ്പം ചെലവഴിക്കാന്‍ നമുക്ക് സമയം കണ്ടെത്താം. കേവലം 23 വര്‍ഷത്തെ പ്രബോധന ജീവിതത്തില്‍ തുല്യതയില്ലാത്ത വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്‍കിയ മുഹമ്മദ് നബി (സ)ക്ക് ഇതിനു സാധിച്ചിരുന്നു. ഭാര്യമാര്‍ക്കു അര്‍ഹമായ സ്‌നേഹവും പരിഗണനയും നല്‍കുന്നതോടുകൂടെ അവരെ വീട്ടുജോലികളില്‍ സഹായിക്കുന്ന പ്രവാചകനേയും നമുക്കറിയാം. പേരമക്കളായ ഹസന്‍ (റ ), ഹുസൈന്‍(റ) എന്നിവരോടൊപ്പം കുട്ടിക്കളികളില്‍ ഏര്‍പ്പെടുന്ന തിരുനബി(സ) ഇതിനെല്ലാം എവിടെ നിന്നാണ് സമയം കണ്ടെത്തിയത്?

അനസ്(റ)വിന്റെ സഹോദരനായ അബൂഉമൈറിന്റെ സംഭവം ഓര്‍ക്കുക. കൊച്ചു കുട്ടിയായിരുന്ന അബൂഉമൈറിന് ഒരു കിളിയുണ്ടായിരുന്നു. നുഗൈര്‍ എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. പ്രവാചകന്‍ അബൂഉമൈറിനെ കാണുമ്പോഴെല്ലാം നുഗൈറിന്റെ കഥകള്‍ തിരക്കുമായിരുന്നു. ഒരിക്കല്‍ നുഗൈര്‍ ചത്തുപോയി എന്ന വാര്‍ത്തയാണ് വിഷണ്ണനായി നില്‍ക്കുന്ന അബൂഉമൈറില്‍ നിന്ന് നബി (സ)ക്ക് കേള്‍ക്കാനായത്. കൊച്ചു കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കിയ നബി (സ) അവനെ ആശ്വസിപ്പിച്ച് സമാധാനിപ്പിക്കാനും മറ്റുമായി അവനോടൊപ്പം അല്‍പസമയം ചെലവഴിച്ചു. നബി (സ)ക്ക് എങ്ങനെ ഇതിനു സാധിച്ചു. മാതൃകാ യോഗ്യനായ നേതാവിന്റെ സമര്‍ഥമായ ‘ടൈം മാനേജ്‌മെന്റ്’ എന്ന് നമുക്കിതിനെ ചുരുക്കി വായിക്കാം.

ആയുസ്സ് എന്നാല്‍ എത്ര കാലം ജീവിച്ചു എന്നതല്ല, എത്ര കാലം സത്കര്‍മങ്ങള്‍ ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കേണ്ടത് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇബ്‌നുല്‍ ജൗസി (റ) പറയുന്നത് കാണുക: ‘ഒഴിവു സമയം അല്ലാഹു തന്ന അനുഗ്രഹമാണ്. അതിനെ നന്മകള്‍ കൊണ്ട് ധന്യമാക്കുന്നതിന് പകരം തിന്മകൊണ്ട് നിന്ദ്യമാക്കിയാല്‍ ഹൃദയത്തില്‍ നിന്ന് അവന്‍ സമാധാനം എടുത്തുകളയും.’ നാം ഒരുപാട് കാര്യങ്ങള്‍ക്കു വേണ്ടി കരയാറും സങ്കടപ്പെടാറുമുണ്ട്. എന്നാല്‍ നമ്മിലെത്ര പേര്‍ നഷ്ടപ്പെട്ടു പോയ സമയത്തെക്കുറിച്ച് വേവലാതിപ്പെട്ട് തിരുത്താന്‍ തയ്യാറാകാറുണ്ട്. സ്വഹാബിയായ ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ‘എന്റെ ആയുസ്സില്‍ നിന്ന് ഒരു ദിവസം കുറഞ്ഞു പോകുകയും അതില്‍ കര്‍മങ്ങളൊന്നും ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു ദിവസത്തെ കുറിച്ച് ഖേദിച്ചത്ര ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ഖേദിച്ചിട്ടില്ല.’
ജീവിതത്തില്‍ അനാവശ്യമായ ക്രമീകരണങ്ങള്‍ നാം നിര്‍മിച്ചതാണ് പുതിയ തലമുറയുടെ വളര്‍ച്ചാ മുരടിപ്പിന്റെ പ്രധാന കാരണം. ഒരു ശരാശരി കേരളീയന്‍ 20 വര്‍ഷമാണ് പഠനത്തിന് വേണ്ടി മാറ്റിവെക്കുന്നതെങ്കില്‍ ഇരുപതോ മുപ്പതോ വര്‍ഷം ജോലിക്കു വേണ്ടിയും ബാക്കിയുളള കാലം വിശ്രമത്തിനു വേണ്ടിയും മാറ്റിവെക്കുന്നു. എന്നാല്‍ ലോകം കീഴടക്കിയ മഹാന്മാരാകട്ടെ അവരുടെ ജീവിതകാലം മുഴുവന്‍ പഠന നിരീക്ഷണങ്ങളിലും അതിലൂടെ പുതിയ കണ്ടുപിടുത്തങ്ങളും പുതിയ ഗ്രന്ഥരചനകളും നടത്തി വിജയിച്ചു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നമ്മോട് വിട പറഞ്ഞ പലരെയും നാം ഇന്നുമോര്‍ക്കുന്നത് അവര്‍ ലോകത്തിന് നല്‍കിയ സംഭാവനകളിലൂടെയാണ്. ജാമിഉ ബയാനില്‍ ഇല്‍മില്‍ ഇബ്‌നു അബ്ദില്‍ബര്‍റ് എന്നവര്‍ കൊണ്ടുവരുന്ന ഒരു വിഷയം ഇതുമായി ബന്ധപ്പെട്ടതാണ്. നഈമുബ്‌നു ഹമാദ് (റ) ഉദ്ധരിക്കുന്നു: നിങ്ങള്‍ എത്ര കാലം വരെയാണ് അറിവ് നേടുക എന്ന് ഇബ്‌നു മുബാറക്ക് (റ) വിനോട് ചോദിക്കപ്പെട്ടപ്പോള്‍ അവരുടെ മറുപടി ‘തൗഫീഖുണ്ടെങ്കില്‍ മരണം വരെ ഞാന്‍ ഇല്‍മിന്റെ വഴിയിലാകും’ എന്നായിരുന്നു. വിശ്രമമില്ലാത്ത പഠനവും ഗവേഷണങ്ങളും നമ്മെ ഉന്നതിയിലെത്തിക്കും. മരണത്തോടു കൂടിയാവണം നമ്മുടെ വിശ്രമം. പ്രായമായി, ഇനിയല്‍പ്പം വിശ്രമിക്കട്ടെ എന്ന് കരുതുന്നത് ജീവിതം പാഴാക്കിക്കളയാന്‍ നാം ഒരുങ്ങി എന്നതിന്റെ സൂചനയാണ്. ത്വബ്‌റാനി ഇമാം ജാമിഉല്‍ കബീറില്‍ പറയുന്ന ഒരു സംഭവം കാണുക. ഉമാറത്തു ബ്‌നു ഖുസൈമ (റ)വാണ് ഉദ്ധരിക്കുന്നത്. ഒരിക്കല്‍ ഉമര്‍ (റ) വീട്ടില്‍ വിശ്രമിക്കുന്ന എന്റെ പിതാവിനോട് ചോദിച്ചു: ‘ഭൂമിയില്‍ കൃഷി ചെയ്യുന്നതില്‍ നിന്ന് എന്താണ് നിങ്ങളെ തടയുന്നത്’. ‘എനിക്കു പ്രായമായി. ഇനി ഞാന്‍ അല്‍പകാലം വിശ്രമിക്കട്ടെ’ എന്നതില്‍ ഉത്തരം കണ്ടെത്തിയ എന്റെ പിതാവിനോട് വളരെ കര്‍ശനമായാണ് ഉമര്‍ (റ) കൃഷി ചെയ്യാന്‍ വേണ്ടി കല്‍പ്പിച്ചത്. ശേഷം എന്റെ പിതാവിന്റെ കൂടെ കൃഷിപ്പണി എടുക്കുന്ന ഉമര്‍ (റ)വിനെയാണ് ഞാന്‍ കണ്ടത്. സമയത്തിന്റെ വില തിരിച്ചറിഞ്ഞവരായിരുന്നു ഇവരെല്ലാം.

ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിച്ച് പരവശരാകുന്നവരാണ് ഭൂരിപക്ഷവും. എല്ലാം പോയി മറഞ്ഞ ശേഷം വിലപിച്ചിട്ടു കാര്യമൊന്നുമില്ല. ഏതു കാര്യവും പിന്നെയാകട്ടെ എന്നു കരുതി നീട്ടിവെക്കുന്നത് അലസതയാണ്. ലോകം കുതിച്ചു പായുമ്പോള്‍ നാം കൈയും കെട്ടി നോക്കി നിന്നാല്‍ കാര്യങ്ങള്‍ അപകടത്തിലാകും. തന്ത്രപരമായ സമയക്രമീകരണം ജീവിതത്തില്‍ അനിവാര്യമായും നാം പാലിക്കണം. പ്രത്യേകിച്ചും നമ്മില്‍ സമാഗതമായ വിശുദ്ധ റമസാനിന്റെ ആദ്യത്തില്‍ നമ്മുടെ ആത്മീയ പുരോഗതി ലക്ഷ്യമാക്കി നാമെടുത്ത തീരുമാനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ വിജയിക്കാനും കൃത്യമായ ടൈം മാനേജ്‌മെന്റ് അത്യാവശ്യമാണ്.