വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചു; ഉംറ തീര്‍ഥാടകരെ ബാധിക്കും

Posted on: May 24, 2018 12:59 am | Last updated: May 24, 2018 at 12:59 am

ജിദ്ദ: റമസാന്‍, ചെറിയ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്ന പ്രവാസികളെ പിഴിഞ്ഞ് വീണ്ടും വിമാനക്കമ്പനികള്‍. സഊദി സെക്ടറിലാണ് വിമാനക്കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. മധ്യവേനലിന് നാട്ടിലേക്ക് പോവുന്നവരുടെയും ഉംറ തീര്‍ഥാടകരുടെ തിരക്കും മുതലെടുക്കാനാണ് സഊദി സെക്ടറില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ നിരക്കിന്റെ മൂന്നിരട്ടിയാണ് ഓരോ മേഖലയിലേക്കും വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ ജിദ്ദയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് ആശ്രയിക്കേണ്ടി വരുന്നത്.

റമസാനില്‍ ഉംറ നിര്‍വഹിക്കാന്‍ പോകുന്നവരെ ഇത് പ്രയാസത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം കോഴിക്കോട്ട് നിന്ന് ഉംറക്ക് പുറപ്പെടാന്‍ 50,000 മുതല്‍ 55,000 രൂപ വരെയായിരുന്നു തീര്‍ഥാടകര്‍ക്ക് വേണ്ടി വന്നതെങ്കില്‍ ഈ മാസം മുതല്‍ നിരക്ക് 60,000 മുതല്‍ 65,000 വരെ ഉയര്‍ന്നിട്ടുണ്ട്. റമസാന്‍ അവസാനത്തോടെ നിരക്കില്‍ ഇനിയും വര്‍ധനവുണ്ടാകും.

സഊദിയിലെ പ്രവാസികളുടെ തൊഴില്‍ സംബന്ധമായ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് നാട്ടിലേക്കുള്ള നിരക്ക് വര്‍ധന. റമസാന്‍ മാസങ്ങളില്‍ നാട്ടിലേക്കുള്ള തിരക്ക് വര്‍ധിക്കുന്നതും വിമാനക്കമ്പനികള്‍ എല്ലാ വര്‍ഷങ്ങളിലും മുതലെടുക്കാറുണ്ട്. തോന്നിയപോലെ നിരക്ക് കൂട്ടിയിട്ടും വിമാന കമ്പനികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രവാസികള്‍കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.