ആ പ്രതീക്ഷയും തെറ്റി: ഇന്ധന വില കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല

Posted on: May 24, 2018 6:07 am | Last updated: May 24, 2018 at 12:58 am

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. ദീര്‍ഘകാല പരിഹാരമാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ധനവില നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കുമെന്ന് പെട്രോളീയം മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എക്സൈസ് തീരുവയിനത്തില്‍ നാല് രൂപ വരെ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. കൂടാതെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച ഒരുവിധത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.

അതേസമയം, ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും രംഗത്തെത്തി. കേന്ദ്ര സര്‍ക്കാറിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ന്നെന്നും, വില റോക്കറ്റ് പോലെയാണ് കുതിച്ച് ഉയരുന്നതെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവിലയടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് ദേശവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന് ഇന്ധന വില ലിറ്ററിന് 25 രൂപ വരെ കുറച്ചു നല്‍കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരവും വ്യക്തമാക്കി. ട്വിറ്ററിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധനം വഴി ജനത്തിന് മേല്‍ ചുമത്തുന്ന നികുതി ഭീമമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൂഡ് ഓയില്‍ വിലയനുസരിച്ച് നിലവില്‍ 15 രൂപ വരെ ഇന്ധനവില കുറക്കാന്‍ കേന്ദ്രത്തിന് കഴിയും. ഇതിന് പുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാല്‍ 10 രൂപ കൂടി കുറക്കാം. ഇങ്ങനെ ചെയ്താല്‍ സാധാരണ ഉപഭോക്താവിന് ഒരുപാട് ഗുണം ലഭിക്കും. പക്ഷേ, ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.