Connect with us

National

'ഒരുത്തനെങ്കിലും മരിക്കണം' ; സ്റ്റെര്‍ലൈറ്റ് പ്രതിഷേധം: പോലീസ് ഭീകരത വെളിവാക്കി വീഡിയോ

Published

|

Last Updated

സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധ സമരത്തിന് നേരെ വാഹനത്തിന് മുകളില്‍ കയറി പോലീസ് വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ പോലീസിനെ കടുത്ത പ്രതിരോധത്തിലാക്കി വീഡിയോ പുറത്ത്. വാനിന്റെ മുകളില്‍ കയറി നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുന്ന ദൃശ്യമാണ് പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടത്. മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ദൃശ്യത്തില്‍ ആദ്യം വെടിയുതിര്‍ക്കുന്നത്. പിറകേ കറുത്ത വസ്ത്രം ധരിച്ചയാളുമെത്തുന്നു. “ഒരുത്തനെങ്കിലും മരിക്കണ”മെന്ന് പോലീസ് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പ്രതിഷേധക്കാരെ പിരിച്ചു വിടുന്നതിന് പകരം കൊല്ലുക തന്നെയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

ദൃശ്യം പുറത്തുവന്നതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ നിരവധിയിടങ്ങളില്‍ തെരുവിലിറങ്ങി. എന്നാല്‍ ദൃശ്യത്തിലെ ശബ്ദം പോലീസിന്റേത് തന്നെയാണോയെന്ന് വ്യക്തമല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ മുന്‍ കരുതല്‍ എന്ന രീതിയില്‍ മാത്രമേ നിയമപ്രകാരം പോലീസിന് വെടിവെക്കാന്‍ കഴിയൂ. എന്നാല്‍ തൂത്തുക്കുടിയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിക്ഷാ രീതിയെന്ന നിലയില്‍ വെടിയുതിര്‍ക്കുന്നത് നിയമം കര്‍ശനമായി വിലക്കുന്നു. പ്രതിരോധമെന്ന നിലയില്‍ മാത്രമേ നിബന്ധനകള്‍ക്ക് വിധേയമായി തോക്കെടുക്കാനാകൂ.

ജനങ്ങളെ നിയന്ത്രിക്കാന്‍ ഒരു തരത്തിലും സാധ്യമാകാതെ വന്നതോടെയാണ് വെടിവെപ്പെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. വാഹനങ്ങള്‍ക്ക് തീയിടുകയും കലക്ടറേറ്റ് ആക്രമിക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തെ നേരിടാന്‍ അനിവാര്യമായ സാഹചര്യത്തില്‍ എടുത്ത നടപടിയെന്ന് പോലീസും പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. സമരം നടക്കുന്നിടത്തു നിന്നും ഏറെ മാറി പോലീസ് വാഹനത്തിന് മുകളില്‍ നിന്നാണ് വെടിവെപ്പു നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപ പ്രദേശത്തെ കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നും പോലീസ് ഏറെ അകലെയുള്ള സമരക്കാരെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 2016ല്‍ പുറത്തിറക്കിയ മാനദണ്ഡം മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്ന് റിട്ടയേര്‍ഡ് ഐ പി എസ് ഉദ്യോഗസ്ഥന്‍ പി പി എസ് സിദ്ധു പറയുന്നു. അത്യാവശ്യമായതിനേക്കാള്‍ അധികം സായുധ സേനാംഗങ്ങളെ ഇറക്കരുത്. ശിക്ഷാ നടപടിയെന്ന നിലയില്‍ തോക്ക് ഉപയോഗിക്കരുത്. പിരിച്ചു വിടുകയെന്ന ലക്ഷ്യം പൂര്‍ത്തിയായാല്‍ ഉടന്‍ പിന്‍വാങ്ങണം. ഇവയാണ് ആ നിര്‍ദേശങ്ങള്‍. ദൃശ്യം ആധികാരികമാണെങ്കില്‍ ഈ നിര്‍ദേശങ്ങള്‍ മൂന്നും തൂത്തുക്കുടിയില്‍ ലംഘിക്കപ്പെട്ടുവെന്ന് സിദ്ധു പറഞ്ഞു. അരക്ക് താഴേക്ക് മാത്രമേ വെടിവെക്കാവൂ എന്ന നിബന്ധനയും ലംഘിക്കപ്പെട്ടിരിക്കുന്നു. കൊല്ലുക തന്നെയായിരുന്നു ലക്ഷ്യമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Latest