ജൂണ്‍ 12ലെ ട്രംപ്- ഉന്‍ കൂടിക്കാഴ്ച സംശയം പ്രകടിപ്പിച്ച് യു എസും

Posted on: May 24, 2018 6:06 am | Last updated: May 24, 2018 at 12:07 am

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെയാണ് ഇപ്പോള്‍ കൂടിക്കാഴ്ച സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അടുത്ത മാസം 12ന് സിംഗപ്പൂരില്‍ വെച്ച് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ചരിത്രപരമായ കൂടിക്കാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി ഇതു സംബന്ധിച്ച ആശങ്കകള്‍ തുടരുകയാണ്. ഉന്നുമായുള്ള കൂടിക്കാഴ്ച ഇപ്പോള്‍ സംഭവിച്ചില്ലെങ്കില്‍ പിന്നീട് അത് സംഭവിക്കുമെന്നായിരുന്നു ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം. അമേരിക്ക സന്ദര്‍ശിക്കുന്ന ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെയാണ് കൂടിക്കാഴ്ച സംബന്ധിച്ച സംശയം വ്യക്തമാക്കുന്ന പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട്, ചിലപ്പോള്‍ കൂടിക്കാഴ്ച നടക്കുമെന്നും എന്നാല്‍ കൂടിക്കാഴ്ച നടക്കാതിരിക്കാനുള്ള സാധ്യതയും ഉണ്ടെന്നും ട്രംപ് പ്രതികരിച്ചു. കൂടിക്കാഴ്ച നടക്കണമെങ്കില്‍ ചില ഉപാധികള്‍ അമേരിക്ക നേരത്തെ ഉത്തര കൊറിയക്ക് മുന്നില്‍ വെച്ചിരുന്നു. ഇത് നടപ്പാക്കാന്‍ ആ രാജ്യം മുന്നോട്ടുവന്നാല്‍ കൂടിക്കാഴ്ച നടക്കും. അല്ലെങ്കില്‍ കൂടിക്കാഴ്ച സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം നടക്കാനിരിക്കുന്ന ട്രംപ്- ഉന്‍ കൂടിക്കാഴ്ചക്ക് മുമ്പായി ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. കഴിഞ്ഞയാഴ്ച നാടകീയമായി ട്രംപുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച എങ്ങനെയെങ്കിലും നടത്തുക എന്ന ലക്ഷ്യത്തില്‍ മൂണ്‍ ജെ ഇന്‍ അമേരിക്കയിലെത്തുന്നത്. എന്നാല്‍ ട്രംപിന്റെ പ്രതികരണം ചര്‍ച്ച സംബന്ധിച്ച് കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.