Connect with us

Kerala

വിശുദ്ധ ഖുര്‍ആന്‍ വിളിക്കുന്നു

Published

|

Last Updated

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച റമസാനില്‍ നമ്മളെത്ര ഖുര്‍ആന്‍ ഓതിയെന്നത് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. വാട്‌സാപ്പ് നോക്കാനും നീക്കാനും ചെലവഴിച്ച സമയം ഖുര്‍ആന്‍ ഓതാന്‍ നീക്കിവെച്ചിരുന്നെങ്കില്‍ എത്ര ഖത്മ് തീര്‍ക്കാമായിരുന്നു, എന്തുമാത്രം പുണ്യകര്‍മങ്ങളധികരിപ്പിക്കാമായിരുന്നു. എത്രയെത്ര മണിക്കൂറുകളാണ് ഓരോ റമസാനിലും അപ്രധാനമായ വിഷയങ്ങളിലായി തുലക്കേണ്ടിവരുന്നത്?

അല്ലാഹുവിന്റെ വിശുദ്ധ വചനത്തെ അര്‍ഹമായ ഗൗരവത്തോടെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്നത് ഖുര്‍ആനോടുള്ള വിശ്വാസികളുടെ പ്രാഥമിക ബാധ്യതകളില്‍പെട്ടതാണ്. ഖുര്‍ആന്‍ പഠനവും പാരായണവുമെല്ലാം ശ്രേഷ്ഠമായ പുണ്യകര്‍മങ്ങളായി നിശ്ചയിക്കപ്പെട്ടത് അതുകൊണ്ടാണ്. തിരുനബി(സ) പറഞ്ഞു. “നിങ്ങളിലേറ്റവും ശ്രേഷ്ഠന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് (ബുഖാരി 5027). ജനങ്ങളില്‍ അല്ലാഹുവിന് ഏറെ പ്രിയങ്കരന്‍ ഖുര്‍ആനിന്റെ ആളുകളാണ്. അവരാണ് അല്ലാഹുവിന്റെ പ്രത്യേകക്കാര്‍ (ഹദീസ് ഇബ്‌നുമാജ 215).

ഏറ്റവുമാദ്യം അക്ഷരത്തെറ്റില്ലാതെ ഖുര്‍ആന്‍ ഓതാന്‍ പഠിക്കുകയാണ് പ്രധാനം. പുണ്യ റമസാനില്‍ നമ്മുടെ പള്ളി മദ്‌റസകളില്‍ സേവനം ചെയ്യുന്ന ഉസ്താദുമാരെ ഉപയോഗപ്പെടുത്തി സുബ്ഹിക്ക് ശേഷമോ മറ്റോ ഒരു മണിക്കൂര്‍ സമയം പഠിക്കാനൊരുങ്ങിയാല്‍ എളുപ്പത്തില്‍ ഓതിപ്പഠിക്കാനാകുന്നതേയുള്ളൂ. തിരുനബി(സ) പറയുന്നു: ഒരാള്‍ തന്റെ സന്താനത്തെ ഖുര്‍ആന്‍ നോക്കി ഓതാന്‍ പഠിപ്പിച്ചാല്‍ അവന്റെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ സര്‍വ പാപങ്ങളും പൊറുക്കപ്പെടും. മനഃപാഠമാക്കാന്‍ പഠിപ്പിച്ചാല്‍ അന്ത്യനാളില്‍ പതിനാലാം രാവിലെ ചന്ദ്രനെപ്പോലെ അല്ലാഹു അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. പാരായണം ചെയ്യുന്നതിനനുസരിച്ച് പിതാവിന്റെ പദവി അല്ലാഹു ഉയര്‍ത്തിക്കൊണ്ടിരിക്കും. അങ്ങനെ ഖുര്‍ആന്‍ മുഴുവന്‍ അവന്‍ പാരായണം ചെയ്യുന്നതുവരെ അതു തുടരുകയും ചെയ്യും(ത്വബ്‌റാനി).

ഖുര്‍ആന്‍ പഠിക്കുകയും പ്രയോഗവത്കരിക്കുകയും അതിന് സാഹചര്യമൊരുക്കുകയും ചെയ്യുന്നവര്‍ക്ക് അന്ത്യനാളില്‍ ലഭിക്കുന്ന അതിമഹത്തായ പ്രതിഫലം വിവരിക്കുന്ന നിരവധി ഹദീസുകള്‍ കാണാം. പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറഞ്ഞു: ഞങ്ങള്‍ തിരുനബി(സ)യില്‍ നിന്ന് പത്ത് ആയത്തുകള്‍ പഠിച്ചുകഴിഞ്ഞാല്‍ അവയില്‍ അടങ്ങിയിട്ടുള്ള കര്‍മങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാതെ അതിനുശേഷം അവതരിച്ച പത്ത് ആയത്തുകള്‍ പഠിക്കാറുണ്ടായിരുന്നില്ല. ഖുര്‍ആന്‍ അവതീര്‍ണമായത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണിത്. ഭൂമിയില്‍ പ്രകാശം പരത്തി ജീവിക്കുന്നവരാണ് ഖുര്‍ആന്‍ പഠിക്കുകയും പ്രയോഗവത്കരിക്കുകയും അതിന് സാഹചര്യമൊരുക്കുകയും ചെയ്യുന്നവര്‍. അവരുടെ ജീവിതത്തിന് വെളിച്ചവും തെളിച്ചവും നല്‍കുന്നത് വിശുദ്ധ ഖുര്‍ആനാണ്.

റമസാന്‍ പ്രമാണിച്ച് നാടാകെ നടക്കുന്ന ഖുര്‍ആന്‍ പഠനക്ലാസുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ വിരളമാണെന്ന ദുഃഖസത്യം എന്തു വിലകൊടുത്തും പരിഹരിച്ചേ പറ്റൂ. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ പുതിയ രൂപങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

Latest