Connect with us

Kerala

പൊതു ഗതാഗത വാഹനങ്ങളില്‍ ജി പി എസ് നിരീക്ഷണ സംവിധാനം വരുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ ജി പി എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പില്‍ വരുന്നു. ആദ്യപടിയായി ജൂലൈയോടെ സ്‌കൂള്‍ വാഹനങ്ങളില്‍ സംവിധാനം നിലവില്‍ വരും. ഇതിന് സോഫ്റ്റ് വെയര്‍ നവീകരണമടക്കം പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി.

വാഹന നിരീക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ജില്ലാതലങ്ങളില്‍ മിനി കണ്‍ട്രോള്‍ റൂമുകളും തിരുവനന്തപുരത്ത് മോട്ടോര്‍ വാഹന വകുപ്പ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമും വഴി വാഹനങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വേഗം, റൂട്ട്, നിയമലംഘനങ്ങള്‍ എന്നിവ ഇത് വഴി നിരീക്ഷിക്കാനാകും. വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടന്‍ സമീപത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തിലും പോലീസ് സ്റ്റ്ഷനിലും കണ്‍ട്രോള്‍ റൂമിലും സന്ദേശമെത്തും.
റൂട്ട് മാറി ഓടുന്നതും ഡൈവറുടെ പെരുമാറ്റവുമടക്കം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. വേഗപരിധി വിട്ടാല്‍ അലാറം ശബ്ദിക്കുകയും വാഹന ഉടമക്ക് സന്ദേശമെത്തുകയും ചെയ്യും. വേഗം കുറക്കാന്‍ ഉടമക്ക് ഡൈവറോട് ആവശ്യപ്പെടാം. ആര്‍ ടി ഒ, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ സന്ദേശമെത്തും. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ എമര്‍ജന്‍സി ബട്ടന്‍ അമര്‍ത്തിയാല്‍ സമീപത്തെ പോലീസ് സ്റ്റേഷനിലും എന്‍ഫോഴ്‌സ് മെന്റ് വാഹനത്തിലും കണ്‍ട്രോള്‍ റൂമിലും വിവരമെത്തും. ടാക്‌സി കാറുകളില്‍ ഇത്തരം രണ്ട് ബട്ടനാണ് ഉണ്ടാകുക. വാഹനങ്ങളില്‍ സ്ഥാപിക്കുന്ന വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിംഗ് (വി എല്‍ ടി) യൂനിറ്റുകള്‍ വഴിയാണ് സംവിധാനം നടപ്പാക്കുന്നത്. ചെലവ് വാഹനഉടമകള്‍ വഹിക്കണം. അംഗീകൃത വി എല്‍ ടി ബ്രാന്‍ഡുകളുടെ പട്ടിക വകുപ്പ് പുറത്തിറിക്കും.

റോഡുകളുടെ വിശദ ഭൂപടം സഹിതമുള്ള നാവിഗേഷന്‍ സംവിധാനവും ഇതിനനുബന്ധമായി വാഹനത്തിലുണ്ടാകും. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പിന്നാലെ ബസുകള്‍. ട്രക്കുകള്‍, ടാക്‌സികള്‍, കരാര്‍ വാഹനങ്ങള്‍ തുടങ്ങിയവയും ജി പി എസ് അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിന് കീഴില്‍ കൊണ്ട്‌വരാനാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.