Connect with us

Kerala

പതിമൂന്ന് പേര്‍ക്ക് നിപ്പാ; മലേഷ്യയില്‍ നിന്ന് മരുന്നെത്തിച്ചു

Published

|

Last Updated

കോഴിക്കോട്: പതിമൂന്ന് പേരില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിപ്പാ വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ ഒമ്പത് പേര്‍ കോഴിക്കോടും നാല് പേര്‍ മലപ്പുറത്തുമുള്ളവരാണ്. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ പരിശോധനയിലാണ് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. പതിനെട്ട് പേരുടെ രക്ത സാമ്പിളുകളാണ് സെന്ററിലേക്ക് അയച്ചിരുന്നത്. രോഗബാധയുള്ളവരുമായി അടുത്തിടപഴകിയ അറുപതോളം പേര്‍ നിരീക്ഷണത്തിലാണ്. കേന്ദ്ര സംഘവും എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘവും നടത്തിയ സന്ദര്‍ശനത്തില്‍ വൈറസ് ബാധിത മേഖലകളില്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് വിലയിരുത്തല്‍. അതിനിടെ നിപ്പാ വൈറസ് ബാധയെ പ്രതിരോധിക്കുന്ന മലേഷ്യയില്‍ നിന്നുള്ള റിബാവൈറിന്‍ മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

നിപ്പായുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ അയല്‍ ജില്ലയായ കണ്ണൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വൈറസ് ബാധ കോഴിക്കോട്ട് നിന്നാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലും ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിന് നിപ്പാ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ പത്ത് പേര്‍ ഇതിനകം മരിച്ചിരുന്നു. ചികിത്സയിലുള്ള മൂന്ന് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നിലയില്‍ നേരിയ പുരോഗതിയുണ്ട്.

മരണം പത്ത്

നിപ്പാ ബാധയെന്ന് സംശയിച്ച പേരാമ്പ്ര സൂപ്പിക്കട സാബിത്ത് ആദ്യം മരിച്ചിരുന്നു. സാബിത്തിന്റെ മൃതദേഹം സംസ്‌കരിച്ചതിനാല്‍ നിപ്പ വൈറസ് ബാധയുള്ളതായി സ്ഥിരീകരിക്കാനായിരുന്നില്ല. അതിനാലാണ് ഔദ്യോഗികമായി പത്ത് പേര്‍ മരിച്ചെന്ന് കണക്കാക്കുന്നത്. നിപ്പാ വൈറസ് ബാധിച്ചവര്‍ക്കെല്ലാം ഒരേ കേന്ദ്രത്തില്‍ നിന്നാണ് പടര്‍ന്നത്. മലപ്പുറത്ത് വൈറസ് ബാധയുണ്ടെന്നത് വേറിട്ട് കാണേണ്ടതില്ലെന്നും കോഴിക്കോട് പേരാമ്പ്രയില്‍ നിന്നുള്ള രോഗികളില്‍ നിന്ന് പടര്‍ന്നതാണിതെന്നും ആരോഗ്യ വകുപ്പധികൃതര്‍ വ്യക്തമാക്കി. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. പഴുതടച്ച പ്രതിരോധ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പുറമേ മുറിയില്‍ പ്രവേശിപ്പിക്കുന്ന മറ്റുള്ളവര്‍ക്കും പേഴ്‌സനല്‍ പ്രൊട്ടക്ടീവ് അക്യുപ്‌മെന്റ്‌സ് (പി പി എ) നല്‍കും. മാസ്‌കുകള്‍ കൂടുതലായി എത്തിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്നു മൂന്ന് പേര്‍ മരിച്ച മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണ്‍വാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മലേഷ്യയില്‍ രോഗബാധിതര്‍ക്ക് കൊടുത്തിരുന്ന പ്രതിരോധ മരുന്നായ റിബാവൈറിന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ടായിരം ടാബ്‌ലെറ്റുകള്‍ ഇന്നലെ രാവിലെ തന്നെ എത്തിച്ചിരുന്നു. എണ്ണായിരം ടാബ്‌ലെറ്റുകള്‍ കൂടി വൈകീട്ടോടെ എത്തിച്ചതായി എന്‍ എച്ച് എം സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു.

അതിനിടെ, നിപ്പാ വൈറസ് രോഗ ലക്ഷണങ്ങളോടെ രണ്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്ന അഭിന്‍ എന്ന യുവാവിന്റെ ബന്ധുക്കളാണിവര്‍. ഓട്ടോ ഡ്രൈവറായ അഭിന്‍ പേരാമ്പ്രയിലുള്ള അമ്മാവന്റെ വീട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുറച്ചു ദിവസം താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് നിപ്പാ വൈറസ് പടരുന്നതെന്ന നിഗമനത്തില്‍ കൂടിയാണ് ആരോഗ്യ വിദഗ്ധര്‍. ഇതുവരെ മൃഗങ്ങളിലെ നിപ്പാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ വവ്വാല്‍, ആട്, മുയല്‍ എന്നിവയുടെ രക്ത സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ മൃഗങ്ങളിലെ നിപ്പാ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. നിപ്പാ വൈറസ് മരണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

നാളെ സര്‍വകക്ഷി യോഗം

തിരുവനന്തപുരം: നിപ്പാ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും. ഉച്ചക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. എം പി മാര്‍, എം എല്‍ എ മാര്‍ മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. അന്ന് തന്നെ വൈകീട്ട് നാലിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ യോഗവും ചേരും.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്