Connect with us

Gulf

മംഗലാപുരം വിമാന ദുരന്തത്തിന് എട്ടാണ്ട്

Published

|

Last Updated

ദുബൈ: മംഗലാപുരം വിമാന ദുരന്തത്തിന് എട്ട് വര്‍ഷമായി. 2010 മേയ് 22ന് പുലര്‍ച്ചെ ഒന്നിനാണ് ദുരന്തമുണ്ടായത്. 158 പേരാണ് മരിച്ചത്. ദുബൈയില്‍ നിന്ന് പുറപ്പെട്ട എ ഐ 812 വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ഗര്‍ത്തത്തില്‍ പതിക്കുകയായിരുന്നു. കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം സ്വദേശികളായ 160 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ എട്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ കണ്ണൂര്‍ കുറുമാളൂര്‍ സ്വദേശി മായിന്‍കുട്ടി ഉമ്മുല്‍ ഖുവൈനിലുണ്ട്.
ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനദുരന്തമായിരുന്നു മംഗലാപുരത്തേത്.

പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കരിഞ്ഞുപോയതായിരുന്നു. പിന്നീട് അവ ഒന്നിച്ച് സംസ്‌കരിച്ചു. വിമാനദുരന്തത്തിന്റെ ഓര്‍മക്ക് അപകടം നടന്ന സ്ഥലത്ത് ചെറിയൊരു സ്മാരകം നിര്‍മിച്ചിരുന്നുവെങ്കിലും കാടുപിടിച്ച അവസ്ഥയിലാണ്. ഇവിടെ കമ്യൂണിറ്റി ഹാളും സ്മാരകങ്ങളും നിര്‍മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടന്നില്ല.

കുടുംബാംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാനും അധികൃതര്‍ വൈമുഖ്യം കാണിച്ചു. പലരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും നിയമയുദ്ധം നടത്തിയാണ് അര്‍ഹതപ്പെട്ടത് സ്വന്തമാക്കിയത്. നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യണമെന്നും മറ്റു നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയക്കണം എന്നുമാവശ്യപ്പെട്ടും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കാസര്‍കോട് എംപി പി.കരുണാകരന്‍ മംഗലാപുരത്തെ എയര്‍ ഇന്ത്യാ ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തുകയുണ്ടായി.

സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 2010 ജൂണ്‍ മൂന്നിന് ഇന്ത്യന്‍ ഗവണ്‍മെന്റ് എയര്‍ സ്റ്റാഫ് മുന്‍ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ ബുഷാന്‍ നില്‍കാന്ത് ഗോഖലെയെ അന്വേഷണച്ചുമതല ഏല്‍പിച്ചു. സാധാരണ പറന്നിറങ്ങുന്ന സ്ഥലത്ത് നിന്ന് 2000 അടി (610 മീറ്റര്‍) മാറിയതാണ് അപകടത്തിന് കാരണമായത്. പൈലറ്റ് കോക്പിറ്റില്‍ ഉറങ്ങിയതാണ് ഇതിന് വഴിവച്ചത്.

അപകടമുണ്ടായ ഉടന്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നാഷനല്‍ റിലീഫ് ഫണ്ടില്‍ നിന്ന് അനുവദിച്ചു. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയും രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചു. മൊന്‍ട്രിയല്‍ കോണ്‍വന്‍സേഷന്‍ പ്രകാരമുള്ള 72 ലക്ഷം രൂപ വീതം ഓരോ ഇരയുടെയും കുടുംബത്തിന് നല്‍കാനും സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു.

12 വയസിന് മുകളിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയും താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും വിമാനക്കമ്പനിയും താത്കാലിക നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ ഇന്ത്യ ജോലിയും വാഗ്ദാനം ചെയ്തു. പക്ഷേ, ഇതില്‍ പലതും യാഥാര്‍ഥ്യമായില്ല.

Latest