തൊഴിലാളിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഏഷ്യക്കാര്‍ക്കെതിരെ വിചാരണ

Posted on: May 23, 2018 11:19 pm | Last updated: May 23, 2018 at 11:19 pm

ദുബൈ: പാക്കിസ്ഥാന്‍ തൊഴിലാളിയെ മര്‍ദിക്കുകയും തള്ളിയിട്ടു കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഏഷ്യക്കാരായ രണ്ടു പേര്‍ക്കെതിരെയുള്ള കേസ് വിചാരണ ആരംഭിച്ചു. 25ാം നിലയുടെ മുകളില്‍ ജോലി ചെയ്യുമ്പോള്‍ തമാശക്ക് പറഞ്ഞു തുടങ്ങിയ വാക്കുതര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചതെന്നാണ് പ്രൊസിക്യൂഷന്‍. 34 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയും 22 വയസ്സുള്ള പാക്കിസ്ഥാന്‍ സ്വദേശിയുമാണ് കേസിലെ പ്രതികള്‍.

കൊല്ലപ്പെട്ട പാക് പൗരനെ ശാരീരകമായി ഉപദ്രവിക്കുകയും കൂട്ടത്തില്‍ ഒരാള്‍ താഴേക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. മെക്കാനിക്ക് ആയും നിര്‍മാണ തൊഴിലാളിയുമായി ജോലി ചെയ്യുന്ന പ്രതികള്‍ കുറ്റം നിഷേധിച്ചു. സ്വയരക്ഷയുടെ ഭാഗമായി താന്‍ അഭിനയിക്കുകയായിരുന്നുവെന്ന് ഒന്നാം പ്രതി കോടതിയില്‍ പറഞ്ഞു. എന്നാല്‍, സംഘര്‍ഷം നടക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാനാണ് താന്‍ എത്തിയതെന്നും ഇതിനിടെ പ്രശ്‌നക്കാരെ പിടിച്ചു മാറ്റുന്നതിനിടെ അബദ്ധത്തില്‍ പാക്ക് സ്വദേശിയെ തള്ളുകയായിരുന്നുവെന്നും രണ്ടാം പ്രതി പറഞ്ഞു. ഏപ്രില്‍ മൂന്നിന് ബര്‍ ദുബൈ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.