സ്ത്രീ സുരക്ഷ; മധ്യപൗരസ്ത്യ മേഖലയില്‍ ഒന്നാമത് യു എ ഇ

Posted on: May 23, 2018 11:11 pm | Last updated: May 23, 2018 at 11:17 pm

ദുബൈ: മധ്യപൗരസ്ത്യ മേഖലയില്‍ സ്ത്രീസുരക്ഷയില്‍ ഒന്നാമത് യു എ ഇ. അടുത്ത 10 വര്‍ഷം രാജ്യത്തിന്റെ സമൃദ്ധിക്ക് ഇത് കാരണമാകുമെന്നും ന്യൂ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് പറയുന്നു.

ഏതാനും വര്‍ഷങ്ങളായി സ്ത്രീ സുരക്ഷ ലോകത്തെ മുഖ്യവിഷയം തന്നെയാണ്. ഒരു രാജ്യത്തിന്റെ സുസ്ഥിരതയുള്ള സമ്പദ് വ്യവസ്ഥയെ വിലയിരുത്താനുള്ള മികച്ച വഴിയാണ് സ്ത്രീ സുരക്ഷയെന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് ഗവേഷണ മേധാവി ആന്‍ഡ്ര്യൂ അമോലിസ് പറഞ്ഞു.
ആഗോളതലത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതത്വുമുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ ഓസ്‌ട്രേലിയ, മാള്‍ട്ട, ഐസ്‌ലാന്‍ഡ്, ന്യൂസിലാന്‍ഡ്, കാനഡ, പോളണ്ട്, മൊണാകോ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവയാണ്.

മേഖലാതലത്തില്‍ യൂറോപ്പില്‍ മാള്‍ട്ട, പോളണ്ട്, മൊണോകോ, ഐസ്‌ലാന്‍ഡ് എന്നിവയും ഏഷ്യാ പസിഫികില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുമാണ്. ആഫ്രിക്കയില്‍ മൗറീഷ്യസ്, ബോത്‌സ്വാന, നമീബിയയും അമേരിക്കന്‍ രാജ്യങ്ങളില്‍ അമേരിക്കയും കാനഡയുമാണ് സ്ത്രീസുരക്ഷയില്‍ മുന്നിലുള്ളത്. മധ്യപൗരസ്ത്യ മേഖലയില്‍ യു എ ഇക്ക് പുറമെ ഇസ്‌റാഈലും പട്ടികയിലുണ്ട്. 2017ലെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ കുറഞ്ഞ രാജ്യങ്ങളില്‍ സോമാലിയ, സുഡാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെല്ലാം സാമ്പത്തിക രംഗത്ത് പിറകോട്ടാണെന്നത് ശ്രദ്ധേയമാണ്. അതേസമയം സാമ്പത്തിക മേഖലയില്‍ അത്ര പിറകിലല്ലാത്ത നൈജീരിയയും സ്ത്രീ സുരക്ഷയില്‍ പിറകോട്ടാണ്.

ബലാത്സംഗം, ദാസവൃത്തി, സ്ത്രീകള്‍ക്കു മേലുള്ള പൊതുവായ അതിക്രമങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ശാരീരികാതിക്രമം, ആസിഡ് അക്രമങ്ങള്‍ തുടങ്ങിയവയാണ് പഠനത്തില്‍ വിലയിരുത്തിയത്. ലോകത്തെ 195 രാജ്യങ്ങളില്‍ 58 രാജ്യങ്ങളുടെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് മാത്രമാണ് വിശ്വസനീയമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.