Connect with us

Ongoing News

ഡിവില്ലേഴ്‌സ് വിരമിച്ചു; ക്രിക്കറ്റ് ലോകം ഞെട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്ലില്‍ അത്ഭുത ക്യാച്ചെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ആള്‍ റൗണ്ടര്‍ എ ബി ഡിവില്ലേഴ്‌സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ഐപിഎല്ലില്‍ ബെംഗളുരു റോയല്‍ചലഞ്ചേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു ഡിവില്ലേഴ്‌സ്. താന്‍ ഏറെ ക്ഷീണിതനാണെന്നും യുവതാരങ്ങള്‍ക്ക് മാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നുവെന്നുമാണ് ഡിവില്ലേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചത്.
114ടെസ്റ്റുകള്‍, 228 ഏകദിനങ്ങള്‍, 78 ടി20 മത്സരങ്ങള്‍ എന്നിങ്ങനെയാണ് ഡിവില്ലേഴ്‌സിന്റെ രാജ്യാന്തര റെക്കോര്‍ഡ്.

രാജ്യാന്തര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി 20014 റണ്‍സാണ് ഡിവില്ലേഴ്‌സ് നേടിയത്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കായി കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമാണ് ഡിവില്ലേഴ്‌സ്. 50.66 ശരാശരിയില്‍ 8765 റണ്‍സ്. ഏകദിന സ്‌കോറിംഗില്‍ ദക്ഷിണാഫ്രിക്കക്കാരില്‍ രണ്ടാം സ്ഥാനത്താണ് ഡിവില്ലേഴ്‌സ്. 53.50 ശരാശരിയില്‍ 9577 റണ്‍സ്. ട്വന്റി20യില്‍ 26.12 ശരാശരിയില്‍ 1672 റണ്‍സ്. 22 ടെസ്റ്റ് സെഞ്ച്വറികള്‍, 25 ഏകദിന സെഞ്ച്വറികള്‍ നേടിയ ഡിവില്ലേഴ്‌സിന്റെ ടി20യിലെ മികച്ച ഇന്നിംഗ്‌സ് 79 നോട്ടൗട്ടാണ്.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് പിന്‍മാറുകയെന്നത് ഏറെ വിഷമിപ്പിക്കുന്നതാണ്. ഇന്ത്യക്കെതിരെയും ആസ്‌ത്രേലിയക്കെതിരെയും നേടിയ ടെസ്റ്റ് പരമ്പര വിജയങ്ങള്‍ എന്നും ഓര്‍മയിലുണ്ടാകും. ഇനിയും കളിക്കാന്‍ വയ്യ. ക്ഷീണിതനാണെന്നത് യാഥാര്‍ഥ്യമാണ്. പിന്‍മാറാനുള്ള തന്റെ തീരുമാനം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതരും പരിശീലകരും സഹതാരങ്ങളും ആരാധകരും ഉള്‍ക്കൊള്ളുമെന്നറിയാം. അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു – ഡിവില്ലേഴ്‌സ് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി ഇനിയുള്ള കാലം കളിക്കും. വിദേശത്ത് ലീഗ് ക്രിക്കറ്റ് കളിക്കാന്‍ പദ്ധതിയില്ലെന്നും ഡിവില്ലേഴ്‌സ് വ്യക്തമാക്കി. കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടിയാണ് ഡിവില്ലേഴ്‌സിന്റെ വിരമിക്കല്‍ തീരുമാനമെന്നറിയുന്നു.2004 ഡിസംബറില്‍ പോര്‍ട് എലിസബത്ത് ഗ്രൗണ്ടിലാണ് ഡിവില്ലേഴ്‌സ് ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 24ഉം രണ്ടാം ഇന്നിംഗ്‌സില്‍ 14ഉം റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഗ്രെയിം സ്മിത്തായിരുന്നു ആദ്യ നായകന്‍. മത്സരം ഇംഗ്ലണ്ട് ജയിച്ചു. എന്നാല്‍, അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഡിവില്ലേഴ്‌സ് സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്‌സില്‍ 92 റണ്‍സടിച്ചതിന് പിന്നാലെയായിരുന്നു സെഞ്ച്വറി.

ലോക ക്രിക്കറ്റില്‍ അക്രമണോത്സുക ബാറ്റിംഗിന്റെ പര്യായമായി മാറി ഡിവില്ലേഴ്‌സ്. ടെസ്റ്റില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികളാണ് നേടിയത്. ആദ്യത്തേത് ഇന്ത്യക്കെതിരെ 217 നോട്ടൗട്ട്. 2018 ഏപ്രിലില്‍ അഹമ്മദാബാദിലായിരുന്നു ആ വെടിക്കെട്ട് ഇന്നിംഗ്‌സ്. രണ്ടാമത്തേത് അബുദാബിയില്‍ 2010 ല്‍ പാക്കിസ്ഥാനെതിരെ. കരിയര്‍ ബെസ്റ്റ് ആയ 278 നോട്ടൗട്ട് ആയിരുന്നു സ്‌കോര്‍. 33 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായിടത്ത് നിന്ന് കാലിസും ഡിവില്ലേഴ്‌സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 584 എന്ന സ്‌കോറിലെത്തിച്ചത് അവിസ്മരണീയം.

Latest