തൂത്തുക്കുടി പോലീസ് വെടിവെപ്പ്: മരണം 12 ആയി; തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു

Posted on: May 23, 2018 9:34 am | Last updated: May 23, 2018 at 10:41 am

തൂത്തുക്കുടി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 12 ആയി. സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം അലയടിക്കുകയാണ്. സമരക്കാരുടെ പ്രതിഷേധം നിയന്ത്രണാതീതമായപ്പോഴാണ് പോലീസ് വെടിവെച്ചതെന്നാണ് തമിഴ്‌നാട് ഡിജിപി ടികെ രാജേന്ദ്രന്‍ ഔദ്യോഗികമായി പ്രതികരിച്ചത്. സമരം അക്രമാസക്തമായതിന് പിന്നില്‍ വിദേശകരങ്ങളുണ്ടോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ ഇന്ന് തൂത്തുക്കുടി സന്ദര്‍ശിക്കും. കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയാണ് സ്റ്റാലിന്‍ തൂത്തുക്കുടിയിലേക്ക് വരുന്നത്്.

കമല്‍ഹാസന്‍, രജനീകാന്ത്, സത്യരാജ് തുടങ്ങിയവരെല്ലാം സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശമാണ് നടത്തിയത്. സഹായധനം പ്രഖ്യാപിച്ചും ജുഡീഷ്യല്‍ അന്വേഷണത്തിനുത്തരവിട്ടും പ്രതിഷേധം അണക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാലും സാധ്യമാകില്ലെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്. കോപ്പര്‍ പ്ലാന്റ് ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം നൂറ് നാള്‍ തികയുന്ന ദിവസമാണ് പോലീസ് വെടിവെപ്പില്‍ 12 ജീവനുകള്‍ പൊലിഞ്ഞത്.