ജനകീയ പ്രതിഷേധം വെള്ളവും മണ്ണും സംരക്ഷിക്കാന്‍

Posted on: May 23, 2018 6:15 am | Last updated: May 22, 2018 at 11:45 pm
തൂത്തുക്കുടി പാളയംകോട്ടൈ ബൈപ്പാസില്‍ റോഡരികില്‍ നിര്‍ത്തിയിട്ട
ബൈക്കുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടപ്പോള്‍

തൂത്തുക്കുടി: വേദാന്തയുടെ സ്റ്റെര്‍ലെറ്റ് കോപ്പര്‍ യൂനിറ്റ് പൂട്ടണമെന്നാവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പുതിയ പ്രതിഷേധം അക്രമാസക്തമായത് നൂറാം ദിവസത്തില്‍. പ്ലാന്റിലേക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞപ്പോഴായിരുന്നു ഇത്. വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലെറ്റ് കോപ്പര്‍ യൂനിറ്റ് തീരനഗരമായ തൂത്തുക്കുടിയില്‍ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുതിയ പ്രതിഷേധം ആരംഭിച്ചത്. പ്ലാന്റിന് സമീപം താമസിക്കുന്നവര്‍ മാര്‍ച്ചില്‍ ചിദംബരം നഗര്‍ ബസ്സ്റ്റാന്‍ഡില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം കാരണം കുടിവെള്ളം മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് പതിറ്റാണ്ടായി പ്രതിഷേധം നടത്തുന്ന കുമാരട്ടിയാപുരം ഗ്രാമത്തിലുള്ളവരും സാമൂഹികപ്രവര്‍ത്തകരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. പ്ലാന്റ് കാരണം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഗ്രാമീണര്‍ ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണികള്‍ക്കായി മാര്‍ച്ച് 29ന് 15 ദിവസത്തേക്ക് യൂനിറ്റ് അടച്ചിരുന്നു. ഇതിന് ശേഷം യാതൊരു മാനദണ്ഡവും ലംഘിച്ചില്ലെന്ന് അവകാശപ്പെട്ട് പത്രങ്ങളില്‍ കമ്പനി പരസ്യം നല്‍കി.

പ്രദേശവാസികളില്‍ തൊണ്ട, നേത്ര അര്‍ബുദങ്ങള്‍ വര്‍ധിക്കുന്നുവെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ചെമ്പ് ഉരുക്കുന്നത് വ്യത്യസ്ത മലിനീകരണത്തിലേക്ക് നയിക്കുമെന്നും താമസകേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകലെയാണ് യൂനിറ്റ് സ്ഥാപിക്കേണ്ടതെന്നും പാരിസ്ഥിതിക പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന് പുറമെ, സ്റ്റെര്‍ലെറ്റ് പോലുള്ള പ്ലാന്റിന് വലിയ അളവില്‍ ഉപരിതല വെള്ളവും സ്രോതസ്സുകളും വേണം. ഇത് കുടിവെള്ള ദൗര്‍ലഭ്യത്തിനും കാര്‍ഷിക മുരടിപ്പിനും കാരണമാകും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ നാലിന് പ്ലാന്റിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വര്‍ഷം നാല് ലക്ഷം ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റാണിത്. തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജൂണ്‍ ആറ് വരെ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡി എം കെ, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് 2013ല്‍ സുപ്രീം കോടതി നിലയത്തിന് പിഴ ഈടാക്കിയിരുന്നു.