തിരഞ്ഞെടുപ്പില്‍ കൃത്രിമത്വമെന്ന് ആരോപണം: 14 രാജ്യങ്ങള്‍ വെനിസ്വേലയില്‍ നിന്ന് സ്ഥാനപതിമാരെ തിരിച്ചുവിളിച്ചു

Posted on: May 23, 2018 6:03 am | Last updated: May 22, 2018 at 11:07 pm
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നിക്കോളാസ് മാഡുറോ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

കരാക്കസ്: വെനിസ്വേലയില്‍ സ്വതന്ത്രവും നീതിപൂര്‍ണവുമായ വോട്ടെടുപ്പ് നടത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്നാരോപിച്ച് 14 അമേരിക്കന്‍ രാജ്യങ്ങള്‍ തങ്ങളുടെ അംഗങ്ങളെ വെനിസ്വേലയില്‍ നിന്ന് തിരിച്ചുവിളിച്ചു. ചര്‍ച്ചകള്‍ക്ക് വേണ്ടി ഇപ്പോള്‍ കരാക്കസിലുള്ള തങ്ങളുടെ അംഗങ്ങളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുവിളിക്കുകയാണെന്ന് ലിമ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അര്‍ജന്റീന, ബ്രസീല്‍, കാനഡ, ചിലി, കംബോഡിയ, കോസ്റ്ററിക്ക, ഗ്വാട്ടിമല, ഗയാന, ഹോണ്ടുറസ്, മെക്‌സിക്കോ, പനാമ, പരാഗ്വ, പെറു, സെന്റ് ലൂഷ്യ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഇതിന് പുറമെ ഈ രാജ്യങ്ങളിലെ വെനിസ്വേലയുടെ അംബാസഡര്‍മാരെ വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈ രാജ്യങ്ങളെല്ലാം വെനിസ്വേലയുമായുള്ള ബന്ധം കുറക്കാനും തീരുമാനമായിട്ടുണ്ട്.

നിക്കോളോ മാഡുറോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ് കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ മാഡുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ അനീതിയില്‍ പ്രതിഷേധിച്ച് പ്രധാന പ്രതിപക്ഷം വോട്ട് ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പുറമെ രണ്ട് പ്രധാന പ്രതിപക്ഷ നേതാക്കളെ മത്സരിക്കുന്നതില്‍ നിന്ന് ഭരണകൂടം വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വോട്ടെടുപ്പ് നടന്ന രീതിക്കെതിരെ അമേരിക്കയും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. വെനിസ്വേലയില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ മാഡുറോ സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും അടിയന്തരമായി മോചിപ്പിക്കണമെന്നും വെനിസ്വേല ജനത അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കള്‍ക്ക് പരിഹാരം കാണണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

55കാരനായ മാഡുറോ 58 ലക്ഷം വോട്ടുകള്‍ നേടിയാണ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.