Connect with us

Gulf

പോലീസ് വേഷത്തിലെത്തി കവര്‍ച്ച; വിചാരണയാരംഭിച്ചു

Published

|

Last Updated

ദുബൈ: പോലീസ് വേഷത്തിലെത്തി ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസ് വിചാരണ ആരംഭിച്ചു. യുവാക്കളായ പാക്കിസ്ഥാനികള്‍ക്കെതിരെയാണ് കേസ്. 2015 നവംബര്‍ 24ന് നൈഫ് പോലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തത്.
കടയിലെത്തിയ അഞ്ചു പേരുടെ സംഘം ഇന്ത്യന്‍ വ്യവസായിയെ കത്തിമുനയില്‍ നിര്‍ത്തിയശേഷം 165,000 ദിര്‍ഹവും 150,000 ദിര്‍ഹം മൂല്യമുള്ള മൊബൈല്‍ ഫോണുകളും കൊള്ളയടിക്കുകയായിരുന്നുവെന്നാണ് രേഖകളില്‍ പറയുന്നത്. എന്നാല്‍, പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. മോഷണവും ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. 42 വയസ്സുള്ള ഇന്ത്യക്കാരനാണ് പരാതിക്കാരന്‍.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വില്‍പന നടത്തുന്ന ഇയാളുടെ കടയിലാണ് കൊള്ള നടന്നത്. സംഭവ ദിവസം ഞാന്‍ കടയില്‍ തനിച്ചായിരുന്നു. വൈകിട്ട് ഏഴരയോടെ അഞ്ചു പേരുടെ ഒരു സംഘം പുറത്തുവന്നു. ഇതില്‍ രണ്ടു പേര്‍ എന്നോട് പറഞ്ഞത് അവര്‍ സിഐഡി ഓഫീസര്‍മാരാണ് എന്നാണ്. ഉടന്‍ തന്നെ സംഘത്തിലെ ഒരാള്‍ കത്തിയുമായി എനിക്കു നേരെ ചാടുകയും കഴുത്തിനുമേല്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്ലുമെന്ന് അവര്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ സഹായത്തിനായി ഉറക്കെ കരഞ്ഞു. മോഷ്ടാക്കള്‍ തുണി ഉപയോഗിച്ച് എന്റെ കൈകള്‍ കെട്ടിയിടുകയും ചെയ്തു. ഇന്ത്യക്കാരന്‍ പ്രോസിക്യൂട്ടറോട് പറഞ്ഞു.

പ്രതികള്‍ സ്ഥലത്തു നിന്നും പോയ ശേഷം താഴെ നിരങ്ങിവന്ന് സഹായം അഭ്യര്‍ഥിച്ച പരാതിക്കാരനെ മറ്റൊരു ഇന്ത്യക്കാരന്‍ സഹായിക്കുകയായിരുന്നു. കേസ് വീണ്ടും ഈ മാസം 27ന് പരിഗണിക്കും.

Latest