യന്ത്രത്തകരാര്‍: സഊദി എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി നിലത്തിറക്കി

  • ഒഴിവായത് വന്‍ അപകടം
Posted on: May 22, 2018 8:29 pm | Last updated: May 22, 2018 at 8:29 pm

ജിദ്ദ: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മദീന ധാക്ക സഊദി എയര്‍ലൈന്‍സ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും തന്നെ പരിക്കുകളൊന്നും ഇല്ലെന്നും സഊദിയ അധികൃതര്‍ അറിയിച്ചു

മദീനയില്‍ നിന്നും ധാക്കയിലേക്ക് പുറപ്പെട്ട സഊദി എയര്‍ലൈന്‍സിന്റെ എ 330 200 എയര്‍ബസ്സാണ് തിങ്കളാഴ്ച സഊദി സമയം രാത്രി 11 മണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡ് ചെയ്തയുടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി രക്ഷപ്പെടുത്തിയത് വന്‍ദുരന്തമൊഴിവാക്കാനായി. 141 യാത്രക്കാരും പത്ത് വിമാന ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

സാങ്കേതികത്തകരാറുമൂലം വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നുവെന്ന് സഊദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആകാശത്ത് കറങ്ങി ഇന്ധനം കളഞ്ഞതിന് ശേഷമാണ് വിമാനം ഇറക്കിയത്.വിമാനത്താവളത്തില്‍ എല്ലാ അടിയന്തര സഹായത്തിനുള്ള എല്ലാ സംവിധാനങ്ങളും അധികൃതര്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു.