മുഖ്യമന്ത്രിയെ തള്ളി ആരോഗ്യമന്ത്രി; പുറത്ത് നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തത്കാലം വേണ്ട

Posted on: May 22, 2018 8:10 pm | Last updated: May 23, 2018 at 9:37 am

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട്ട് സേവനമനുഷ്ഠിക്കാന്‍ താത്പര്യമുണ്ടെന്ന ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാന്റെ നിലപാടിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. പുറമേ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തത്കാലം വേണ്ടെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവിടെയുള്ള ഡോക്ടര്‍മാര്‍ രോഗബോധ തടയുന്നതിന് നന്നായി ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

നിപ്പാ വൈറസ് രോഗ ബാധക്കെതിരെ സേവനം ചെയ്യാന്‍ നേരത്തെ ഡോ.ഖഫീല്‍ ഖാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചികിത്സിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി നിരവധി പേരും രംഗത്തുവന്നിരുന്നു. ഡോ.കഫീല്‍ ഖാനെ പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്നും താത്പര്യമുള്ള വിദഗ്ധരായ ആളുകള്‍ ആരോഗ്യവകുപ്പ് ഡയറക്ടറെയോ കോഴിക്കോട് മെഡിക്കല്‍ കോളജ് സുപ്രണ്ടിനെയോ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നതായും മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.