Connect with us

National

കര്‍ണാടക ഉപ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ ഡി എസ് മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വകുപ്പ് വിഭജനത്തെച്ചൊല്ലി അഭിപ്രായ ഭിന്നത. രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ജെ ഡി എസുമായി കൈകോര്‍ക്കാന്‍ തയ്യാറായതെന്നും അഭിപ്രായ സമന്വയത്തിന് വഴി തെളിഞ്ഞില്ലെങ്കില്‍ ജെ ഡി എസുമായി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് യാതൊരു തര്‍ക്കമില്ലെന്നും അടുത്ത അഞ്ച് വര്‍ഷം സ്ഥിരതയുള്ള സര്‍ക്കാറായിരിക്കും ഭരിക്കുകയെന്നും നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു.

ഉപ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത ഉടലെടുത്തത്. ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗത്തിന്റെ പ്രതിനിധിക്ക് ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് അംഗങ്ങളായ ലിംഗായത്തുകളാണ് നേതൃത്വത്തോട് ഈ ആവശ്യമുന്നയിച്ചത്. ഇത് സംബന്ധിച്ച് സമുദായ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ലിംഗായത്ത് നേതാവ് ശാമന്നൂര്‍ ശിവശങ്കരപ്പയെ ഉപ മുഖ്യമന്ത്രിയാക്കണമെന്നതാണ് ആവശ്യം. അഖിലേന്ത്യാ വീരശൈവ മഹാസഭയുടെ അധ്യക്ഷനാണ് ഇദ്ദേഹം. ഉപ മുഖ്യമന്ത്രി പദം മാത്രമല്ല, മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകളും കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും കിട്ടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജെ ഡി എസിന് 13ഉം കോണ്‍ഗ്രസിന് 20ഉം മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനായിരുന്നു ആദ്യ ധാരണ. ലിംഗായത്തുകളെ മതിയായ രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സമ്മര്‍ദ ശക്തിയായി നിന്ന് പരമാവധി പദവികള്‍ കൈക്കലാക്കാനാണ് ഇവരുടെ നീക്കം.

ഉപമുഖ്യമന്ത്രി സ്ഥാനം കെ പി സി സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വരയ്യക്ക് നല്‍കാനായിരുന്നു ധാരണ. ഇതിനിടയിലാണ് ലിംഗായത്തുകള്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരാകരുത് എന്നതിനാലാണ് ദളിത് നേതാവായ പരമേശ്വരയെ ഉപ മുഖ്യമന്ത്രിയാക്കാന്‍ ധാരണയുണ്ടായത്.

പരമേശ്വര ഈ സ്ഥാനത്ത് വരികയാണെങ്കില്‍ വൊക്കലിഗക്കാരനായ ഡി കെ ശിവകുമാറിനെ കെ പി സി സി പ്രസിഡന്റാക്കണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. അധികാരത്തിലെത്താന്‍ ബി ജെ പി നടത്തിയ കുതിരക്കച്ചവടത്തില്‍ നിന്ന് കോണ്‍ഗ്രസ് എം എല്‍ എമാരെ രക്ഷിച്ചത് ശിവകുമാര്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയായിരുന്നു എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി സുരക്ഷിത താവളം ഒരുക്കിയാണ് ബി ജെ പിയുടെ ഈ നീക്കത്തെ ശിവകുമാര്‍ പ്രതിരോധിച്ചത്. ഈയൊരു അനുകൂല ഘടകവും ശിവകുമാറിന് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.

ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസില്‍ 18 ഉം ജെ ഡി എസില്‍ രണ്ടും എം എല്‍ എമാരാണുള്ളത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയിലെ രണ്ടാം പദവി തന്നെ നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ലിംഗായത്ത് സമുദായം. വിജയിച്ച സീറ്റുകളുടെ എണ്ണം കൂടുതലായതിനാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. മന്ത്രിമാരുടെ എണ്ണം കുറഞ്ഞാലും സുപ്രധാന വകുപ്പുകള്‍ വേണമെന്ന് ജെ ഡി എസും ആവശ്യമുന്നയിച്ചിട്ടുണ്ട്.

നാളെ ഉച്ചക്ക് 12ന് വിധാന്‍സൗധക്ക് മുന്നില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രി പദം കോണ്‍ഗ്രസുമായി പങ്കിടാമെന്ന കരാറില്ലെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest