Connect with us

Sports

ചങ്കല്ല, ചങ്കിടിപ്പാണ് ഇനിയെസ്റ്റ

Published

|

Last Updated

ഇനിയെസ്റ്റയെ എടുത്തുയര്‍ത്തി ബാഴ്‌സ താരങ്ങള്‍ നല്‍കിയ അവിസ്മരണീയ യാത്രയയപ്പ്‌

മാഡ്രിഡ്: നൗകാംപിനെ രണ്ട് പതിറ്റാണ്ടിലേറെക്കാലം വിസ്മയിപ്പിച്ച ആന്ദ്രെ ഇനിയെസ്റ്റ കൈകള്‍ വീശി വിട ചോദിച്ചു. ബാഴ്‌സലോണക്കായി അവസാന മത്സരത്തിനിറങ്ങിയ ഇനിയെസ്റ്റയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സഹതാരങ്ങളും ആരാധകരും വിങ്ങുന്ന ഹൃദയഭാരവുമായി ഇതിഹാസത്തിന് മികച്ച യാത്രയയപ്പ് തന്നെ നല്‍കി.

സ്പാനിഷ് ലാ ലിഗയിലെ അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് വിജയത്തോടെ പടിയിറക്കം ഒരുക്കി ബാഴ്‌സലോണയിലെ സഹതാരങ്ങള്‍. ബ്രസീലിയന്‍ ഫിലിപ് കൊട്ടീഞ്ഞോയാണ് ഗോള്‍ നേടിയത്.
ക്യാപ്റ്റന്റെ ആംബാന്‍ഡ് എണ്‍പത്തിരണ്ടാം മിനുട്ടില്‍ ലയണല്‍ മെസിക്ക് നല്‍കിയാണ് ഇനിയെസ്റ്റ കളം വിട്ടത്.

മത്സരശേഷം സ്റ്റേഡിയത്തില്‍ ഇരുട്ട് വീണു. വെളിച്ച വീഴുമ്പോള്‍ ബാഴ്‌സ കളിക്കാരെല്ലാം ഇനിയെസ്റ്റയുടെ ജഴ്‌സി ധരിച്ച് ഇതിഹാസത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ തയ്യാറെടുക്കുന്നു.

പതിനാറ് വര്‍ഷം മുമ്പ് ബാഴ്‌സയില്‍ അരങ്ങേറിയ ഇനിയെസ്റ്റ 22 മേജര്‍ കിരീടങ്ങളില്‍ ഭാഗഭാക്കായി.

പന്ത്രണ്ടാം വയസിലാണ് ഇനിയെസ്റ്റ ബാഴ്‌സയുടെ യൂത്ത് ടീമിലെത്തുന്നത്. 22 വര്‍ഷക്കാലം കാറ്റലന്‍ ക്ലബ്ബിന്റെ ചങ്കല്ല, ചങ്കിടിപ്പായി ഇനിയെസ്റ്റയുണ്ടായിരുന്നു. ബാഴ്‌സയുടെ സീനിയര്‍ ടീമിനായി 674 മത്സരങ്ങള്‍ കളിച്ച ഇനിയെസ്റ്റക്ക് മുന്നില്‍ 767 മത്സരങ്ങള്‍ കളിച്ച സാവി മാത്രമാണുള്ളത്. ബാഴ്‌സയെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി നിലനിര്‍ത്തിയത് സാവി-ഇനിയെസ്റ്റ മധ്യനിര സഖ്യമായിരുന്നു. മെസിക്ക് ഗോളുകള്‍ നേടാനും, സ്വതന്ത്രമായി കളിക്കാനും അവസരമൊരുക്കിയത് സാവി-ഇനിയെസ്റ്റ മിഡ്ഫീല്‍ഡ് എഞ്ചിന്‍ റൂം ആയിരുന്നു.

ഒമ്പത് ലാ ലിഗ കിരീടങ്ങള്‍, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, മൂന്ന് ക്ലബ്ബ് ലോകകപ്പുകള്‍, ആറ് സ്പാനിഷ് കപ്പുകള്‍ എന്നിങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക.

സീസണില്‍ തോല്‍വിയറിയാതെ കുതിച്ച ബാഴ്‌സ മുപ്പത്തേഴാം മത്സരത്തില്‍ ലെവന്റെയോട് 3-2ന് അട്ടിമറിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇനിയെസ്റ്റക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി ക്ലബ്ബിനൊപ്പം സ്വന്തമാക്കാമായിരുന്നു. സീസണില്‍ ഒരു കളിയും തോല്‍ക്കാത്ത ബാഴ്‌സയുടെ നായകന്‍ എന്ന പദവി.

ചൈനീസ് സൂപ്പര്‍ ലീഗിലേക്കാണ് ഇനിയെസ്റ്റ കൂടുമാറുന്നതെന്ന സൂചനയുണ്ട്. ഏതായാലും ലോകകപ്പില്‍ സ്‌പെയിന്‍ നിരയില്‍ ഇനിയെസ്റ്റയെ കാണാം. 129 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഇനിയെസ്റ്റ 2010 ലോകകപ്പ് ഫൈനലില്‍ വിജയഗോള്‍ നേടി ഹീറോ ആയി. 2008, 2012 യൂറോ കപ്പുകളും ഇനിയെസ്റ്റ സ്വന്തമാക്കി. റഷ്യയില്‍ ലോകകപ്പ് മത്സരത്തോടെ രാജ്യാന്തര കരിയറില്‍ നിന്ന് ഇനിയെസ്റ്റ വിരമിച്ചേക്കും.

Latest