Kerala
പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് ടാറിംഗ്; സര്‍ക്കാറിന് ലഭിച്ചത് എട്ട് കോടിയുടെ വരുമാനം

കൊച്ചി: പുനരുപയോഗം ചെയ്യാന്‍ സാധിക്കാത്ത പ്ലാസ്റ്റിക് റോഡ് ടാറിംഗിന് ഉപയോഗിച്ചതിലൂടെ സര്‍ക്കാറിന് അധിക വരുമാന നേട്ടം. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്ലാസ്റ്റിക് റോഡുകള്‍ നിര്‍മിച്ചതിലൂടെ സര്‍ക്കാറിന് എട്ട് കോടിയുടെ അധിക വരുമാനമാണ് ലഭിച്ചത്. സംസ്‌കരിക്കാന്‍ കഴിയാത്തതും കത്തിച്ചാല്‍ കാന്‍സറിന് കാരണമാകുന്നതുമായ 50 മൈക്രോണിന് താഴെയുള്ള തെര്‍മോസെറ്റിംഗ് പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ഇതുവരെയായി സംസ്ഥാനത്ത് 154 കി. മീ. റോഡാണ് ടാര്‍ ചെയ്തത്. 250,000 കിലോ പ്ലാസ്റ്റിക്കാണ് ഇതിനായി ഉപയോഗിച്ചത്. ഇതിലൂടെ എട്ട് കോടി രൂപ വരുമാന ലഭിച്ചതിന് പുറമേ ഒന്നരക്കോടി രൂപയുടെ ലാഭവും ലഭിച്ചു.
റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത പ്ലാസ്റ്റിക്കാണ് ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ നടന്ന ക്രഷിംഗ് യൂനിറ്റുകള്‍ വഴി ക്രഷ് ചെയ്ത് ടാറിംഗിന് ഉപയോഗിച്ചത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് പ്ലാസ്റ്റിക് ചിപ്‌സാക്കി മാറ്റിയാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഒരു കിലോമീറ്റര്‍ ടാറിംഗിന് 1,300 കിലോ പ്ലാസ്റ്റിക്കാണ് വേണ്ടത്. ബിറ്റുമിനില്‍ എട്ട്ശതമാനംവരെ പ്ലാസ്റ്റിക് മിശ്രിതം ചേര്‍ക്കും. റോഡ് നിര്‍മിക്കുമ്പോള്‍ ഏറ്റവും അടിത്തട്ടിലുള്ള പാളിയിലാണ് പ്ലാസ്റ്റിക് ടാറിങ് നടത്തുക. അതിനുമുകളില്‍ ബിറ്റുമിന്‍ മക്കാഡവും ഏറ്റവും മുകളില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് നിര്‍മാണം. കൊച്ചി നഗരസഭയില്‍ നിന്നാണ് പ്ലാസ്റ്റിക്ക് കൂടുതലായും ശേഖരിച്ചത്. റോഡ് ടാറിംഗിനായി ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചത് പാലക്കാട് ജില്ലയിലാണ്. 24,596 കിലോയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 21,167 കിലോയും എറണാകുളത്ത് 15,826 കിലോയും തൃശ്ശൂരില്‍ 13,095 കിലോ പ്ലാസ്റ്റിക്കും ടാറിംഗിനായി ഉപയോഗിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായി കൊല്ലം (6153), മലപ്പുറം (5745), കാസര്‍കോട് (5976), ഇടുക്കി(5244) എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് പ്രയോജനപ്പെടുത്തി. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ അയ്യായിരത്തില്‍ താഴെയാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത്.
പ്ലാസ്റ്റിക് ഉപയോഗിച്ച് ടാര്‍ ചെയ്യുന്ന റോഡുകള്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ മികച്ചരീതിയില്‍ നിലനില്‍ക്കുമെന്നും മെറ്റലുകള്‍ തമ്മിലുള്ള പിടിത്തം പ്ലാസ്റ്റിക് കാരണം കൂടുതല്‍ ബലപ്പെടുന്നതിനാല്‍ റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിയില്ലെന്നും ക്ലീന്‍ കേരള കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. റീ സൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത പ്ലാസ്റ്റിക്കിന് കിലോക്ക് മുപ്പത് രൂപയാണ് ഗ്രീന്‍ കേരള കമ്പനി നല്‍കുന്നത്. എട്ട് ശതമാനം വരെ പ്ലാസ്റ്റിക്ക് റോഡ് ടാറിംഗിന് ഉപയോഗിക്കാമെന്ന് ക്ലീന്‍ കേരള കമ്പനി മുന്‍ എം ഡി കബീര്‍ ബി ഹാറൂണ്‍ പറഞ്ഞു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വരുമാന മാര്‍ഗം കൂടിയായി മാറുകയാണ്.
കുടുംബശ്രീ വഴിയാണ് പ്ലാസ്റ്റിക്ക് ശേഖരണവും തരംതിരിവും. ഇതിലൂടെ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും സാധിക്കുന്നുണ്ട്. ഇനി മുതല്‍ റോഡ് നിര്‍മിക്കുമ്പോള്‍ നിര്‍മാണത്തിന്റെ പത്ത് ശതമാനം പ്ലാസ്റ്റിക് ഉപയോഗിച്ചായിരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവും നിലനില്‍ക്കുന്നുണ്ട്.