ജറൂസലമില്‍ പരാഗ്വയും എംബസി തുറന്നു

Posted on: May 22, 2018 6:03 am | Last updated: May 21, 2018 at 11:08 pm

ബീജിംഗ്: ജറൂസലമില്‍ യു എസ് എംബസി തുറന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ പരാഗ്വയും തങ്ങളുടെ എംബസി ജറൂസലമില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവും പരാഗ്വയുടെ പ്രസിഡന്റ് ഹൊറാസിയോ കാര്‍ട്ടസും സംബന്ധിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഗാസയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അരങ്ങേറിയിരുന്നു. ഗാസയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട 62 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇസ്‌റാഈലിനെതിരെ അന്താരാഷ്ട്ര സമൂഹം കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരുന്നത്.

അമേരിക്ക ജറൂസലമില്‍ എംബസി പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഗ്വാട്ടിമലയും അവരുടെ എംബസി ജറൂസലമിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇസ്‌റാഈലിനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായിരുന്നു ഗ്വാട്ടിമല.

ഈ മാസം അവസാനത്തോടെ തങ്ങളുടെ എംബസിയും ജറൂസലമിലേക്ക് മാറ്റുമെന്ന് പരാഗ്വ നേരത്തെ അറിയിച്ചിരുന്നു. ഹോണ്ടുറസ്, ചെക് റിപ്പബ്ലിക്ക്, തുടങ്ങിയ ചില രാജ്യങ്ങളും തങ്ങളുടെ എംബസി ജറൂസലമിലേക്ക് മാറ്റാന്‍ താത്പര്യപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.