Gulf
നിക്ഷേപകര്‍ക്കും വിദഗ്ധര്‍ക്കും ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്കും ഇനി മുതല്‍ 10 വര്‍ഷത്തെ വിസ

ദുബൈ: നിക്ഷേപകര്‍ക്കും വിദഗ്ധര്‍ക്കും 10 വര്‍ഷം വരെ കാലാവധിയുള്ള വിസാ സംവിധാനവുമായി യു എ ഇ.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രി സഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ആഗോള തലത്തില്‍ നിക്ഷേപം നടത്തുന്ന സംരംഭകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍ അവരുടെ കുടുംബങ്ങള്‍, ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ പ്രത്യേക വിസ അനുവദിക്കുക. ഇത് സംബന്ധിച്ചു ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍, എന്‍ജിനിയര്‍മാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് വിദഗ്ധരുടെ മേഖലയില്‍ ഗുണഫലം ലഭിക്കുക.
വ്യാപാരങ്ങളില്‍ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം സാധ്യമാക്കിയിട്ടുള്ള പുതിയ ഉത്തരവും മന്ത്രിസഭാ യോഗത്തില്‍ ഇറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ഇതിലൂടെ 100 ശതമാനം നിക്ഷേപം നടത്താന്‍ സാധിക്കും.
നിക്ഷേപകര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഒരുക്കുന്നതിനാണ് രാജ്യം തയ്യാറെടുക്കുന്നത്. മികച്ച ജീവിതാന്തരീക്ഷം, സഹിഷ്ണുതാ നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍, സുതാര്യമായ നിയമ നടപടികള്‍ തുടങ്ങിയവ അന്താരാഷ്ട്ര നിക്ഷേപകരെയും കൂടുതല്‍ മികവുറ്റവരായ വിദഗ്ധരെയും ആകര്‍ഷിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. മനുഷ്യ പ്രയത്‌നങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഒരുക്കുവാനും സ്വപ്‌ന സാക്ഷാത്കരണത്തിനും യു എ ഇ മികച്ച രാജ്യമായി നില നില്‍ക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു.
യു എ ഇയിലെ എല്ലാ അതോറിറ്റികളോടും ഈ വര്‍ഷം അവസാനത്തോടെ നിയമം നടപ്പിലാക്കുന്നതിന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു രാജ്യത്ത് തൊഴില്‍ സമ്പാദിക്കുന്നവര്‍ക്ക് മികച്ച രീതിയില്‍ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേകമായ താമസ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനും താമസ കുടിയേറ്റ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.