ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാകണമെന്ന് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ചട്ടങ്ങള്‍ മറികടന്നു കൊണ്ടാണെന്ന വാദമാണ് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രിയില്‍ പൂട്ടേണ്ടിവരുമെന്നും മാനേജ്‌മെന്റുകള്‍ പറയുന്നു. എന്നാല്‍ നിലവില്‍ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സുപ്രീം കോടതി തിരിച്ചയക്കുകയായിരുന്നു.