വീട്ടുജോലിക്കുള്ള വേതനം ചോദിച്ച 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ചു

Posted on: May 21, 2018 12:57 pm | Last updated: May 21, 2018 at 1:46 pm

ന്യൂഡല്‍ഹി: വീട്ടുജോലിയെടുത്തതിനുള്ള വേതനം ചോദിച്ചതിന് 16കാരിയെ വെട്ടിക്കൊന്നു. പശ്ചിം വിഹാറിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഝാര്‍ഘണ്ഡ് സ്വേദേശിനി സോണി കുമാരിയെയാണ് ജോലിയുടെ ഇടനിലക്കാരനായ മഞ്ജീത് കര്‍കേത വെട്ടിനുറുക്കിയത്. മ്യതദേഹം പിന്നീട് റാവു വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു.

ഝാര്‍ഘണ്ഡിലെ ദരിദ്ര ഗ്രാമങ്ങളില്‍നിന്നും പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുവരുന്ന സംഘത്തില്‍പ്പെട്ടയാളാണ് കര്‍കേത. റാഞ്ചിയോ മാല്‍ഗ്രോ ഗ്രാമത്തില്‍നിന്നുള്ള സോണിയയെ വിഹാറിലെ വീട്ടിലെത്തിച്ചത് കര്‍കേതയും സുഹ്യത്തുക്കളുമാണ്. ഇവിടെ ജോലി ചെയ്ത് വരവെ സോണിയക്ക് ലഭിക്കേണ്ട വേതനം കൈപ്പറ്റിയിരുന്നത് കര്‍കേതയായിരുന്നു. ഒരു വര്‍ഷത്തോളം ജോലി ചെയ്തിട്ടും വേതനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗ്രാമത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ സോണിയയെ ഇയാള്‍ തടഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്നാണ് സോണിയയെ വെട്ടിനുറുക്കി മ്യതദേഹം ബാഗിലാക്കി ഉപേക്ഷിച്ചത്. ഈ മാസം നാലിനാണ് ബാഗ് കണ്ടെത്തിയ വിവരം പോലീസിന് ലഭിക്കുന്നത്.