Connect with us

Sports

മറഡോണയാകാന്‍ ഇവര്‍ !

Published

|

Last Updated

ഡിയഗോ മറഡോണ, തിയറി ഓന്റി, റൊണാള്‍ഡഞ്ഞോ. ഫിഫ ലോകകപ്പ് ജേതാക്കളായ ഇവര്‍ക്കൊരു പ്രത്യേകതയുണ്ട്. അണ്ടര്‍ 20 ലോകകപ്പ് കിരീടം രാജ്യത്തിന് നേടിക്കൊടുത്തതിന് ശേഷമാണ് ഇവര്‍ സീനിയര്‍ ടീമിലെത്തുന്നതും ലോകചാമ്പ്യന്‍മാരായതും. 2018 റഷ്യ ലോകകപ്പിലും അണ്ടര്‍ 20 ലോകകപ്പില്‍ മിന്നിയവരുണ്ട്. അവര്‍ രാജ്യത്തിന് ലോകകപ്പ് സമ്മാനിക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

2015 അണ്ടര്‍ 20 ലോകകപ്പില്‍ ബ്രസീലിന്റെ സൂപ്പര്‍ താരമായിരുന്ന സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് റഷ്യയില്‍ ശ്രദ്ധേയ സാന്നിധ്യമാകും. പ്രതിഭാസ്പര്‍ശമുള്ള നെയ്മറിനൊപ്പം ബ്രസീലിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുക ജീസസ് ആയിരിക്കും.

മൂന്ന് വര്‍ഷം മുമ്പ് യൂത്ത് ലോകകപ്പ് കളിച്ച ജീസസ് ഏറെ പക്വതയാര്‍ജിച്ചിരിക്കുന്നു. 2016 ല്‍ പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റി യുവതാരത്തെ സ്വന്തമാക്കി. പെപ് ഗോര്‍ഡിയോളയുടെ കീഴില്‍ ജീസസ് ഏറെ പാകപ്പെട്ടു. സിറ്റി 2017-18 സീസണില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായതിന് പിറകില്‍ ജീസസിന്റെ അധ്വാനമുണ്ടായിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടിലും ജീസസ് തിളങ്ങി. മഞ്ഞപ്പടക്കായി ആറ് ഗോളുകളാണ് നേടിയത്. റിയോ ഒളിമ്പിക്‌സില്‍ ബ്രസീല്‍ സ്വര്‍ണം നേടിയപ്പോഴും മൂന്ന് ഗോളുകളുമായി ജീസസ് തിളങ്ങി.

2015 അണ്ടര്‍ 20 ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍. രണ്ട് അസിസ്റ്റുകള്‍. പോര്‍ച്ചുഗലിനെ ക്വാര്‍ട്ടര്‍ വരെ കുതിപ്പിച്ച ഈ യുവതാരത്തിന്റെ പേര് ആന്ദ്രെ സില്‍വ.യൂറോപ ലീഗില്‍ മിലാന് വേണ്ടി ഗോളുകള്‍ നേടി. പോര്‍ച്ചുഗല്‍ ലോകകപ്പിന് വരുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പടനായകനില്‍ വിശ്വസിച്ചാണ്. എന്നാല്‍, കോച്ച് സാന്റോസ് ക്രിസ്റ്റിയാനോയോട് മത്സരിച്ച് ഗോളടിക്കാന്‍ കണ്ടെത്തിയത് ആന്ദ്രെ സില്‍വയെയാണ്. യൂറോ കപ്പ് പോര്‍ച്ചുഗല്‍ ഉയര്‍ത്തിയതിന് ശേഷമാണ് ആന്ദ്രെ സില്‍വ ദേശീയ ടീമില്‍ അരങ്ങേറിയത്. ഇരുപത് മത്സരങ്ങള്‍ കളിച്ചു. പതിനൊന്ന് ഗോളുകള്‍ നേടി. പത്ത് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍.

2017 ജൂണില്‍ മിലാനില്‍ ചേര്‍ന്ന സില്‍വയുടെ യഥാര്‍ഥ ഫോം പുറത്തു വന്നിട്ടില്ല. പോര്‍ച്ചുഗല്‍ കോച്ച് സാന്റോസ് വിശ്വസിക്കുന്നത് റഷ്യയിലാകും ആ പ്രകടനം എന്നാണ്.

2017 അണ്ടര്‍ ലോകകപ്പില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഉറുഗ്വെ നിരയില്‍ റോഡ്രിഗോ ബെന്റാന്‍കുര്‍ ഉണ്ടായിരുന്നു. ആറ് മത്സരങ്ങള്‍ കളിച്ചു. സെമി ഫൈനലിലെ ഷൂട്ടൗട്ടില്‍ സമ്മര്‍ദത്തെ മറികടന്ന് ഗോള്‍ നേടി. മിഡ്ഫീല്‍ഡില്‍ റോഡ്രിഗോ മാസ്മരിക പ്രകടനമാണ് യൂത്ത് ലോകകപ്പില്‍ പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ ബൊക്ക ജൂനിയേഴ്‌സില്‍ നിന്ന് ഇറ്റലിയിലെ ചാമ്പ്യന്‍ ക്ലബ്ബായ യുവെന്റസിലേക്ക് കൂടുമാറ്റം. യുവെ കോച്ച് മാസിമിലിയാനോ അലെഗ്രി ബെന്റാകുറിനെ പകരക്കാരനായിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. 2017 ഒക്ടോബറിലാണ് ഉറുഗ്വെയുടെ ദേശീയ ടീമില്‍ അരങ്ങേറിയത്.

വെനെസ്വലക്കെതിരായ യോഗ്യതാ മത്സരത്തിലായിരുന്നു അരങ്ങേറ്റം. അതിന് ശേഷം ഉറുഗ്വെയുടെ എല്ലാ മത്സരത്തിലും സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ യുവെ മിഡ്ഫീല്‍ഡര്‍ക്ക് ഇടമുണ്ടായിരുന്നു. 2017 അണ്ടര്‍ 20 ലോകകപ്പില്‍ മെക്‌സിക്കോ ടീമില്‍ മിന്നിയ താരമുണ്ട്. ക്ലബ്ബ് അമേരിക്കയുടെ എഡ്‌സന്‍ അല്‍വാരസ്.

ലോകകപ്പില്‍ ജര്‍മനി, സെനഗല്‍ ടീമുകള്‍ക്കെതിരെ ഗോള്‍ വഴങ്ങാതെ മെക്‌സിക്കോ നിന്നത് ഡിഫന്‍ഡര്‍ എഡ്‌സന്‍ അല്‍വാരസിന്റെ മിടുക്കിലായിരുന്നു. ഇതിന് ശേഷം മെക്‌സിക്കോയുടെ സീനിയര്‍ ടീമില്‍ എഡ്‌സന്‍ സ്ഥിരാംഗമായി. 2017 ഗോള്‍ കപ്പില്‍ എല്ലാ മത്സരവും കളിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിലും എഡ്‌സന്‍ തിളങ്ങി.

Latest