ഗവര്‍ണര്‍ പദവി

Posted on: May 21, 2018 6:00 am | Last updated: May 21, 2018 at 12:31 am

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല കേന്ദ്രത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പദവി വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാന ഭരണനിര്‍വഹണ വിഭാഗത്തിന്റെ തലവനാണ് ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാറിന് മുകളില്‍ ഒരു ഭരണഘടനാ സംരക്ഷകന്‍ എന്ന നിലയിലാണ് ഈ പദവി വിലയിരുത്തപ്പെടുന്നത്. രാഷ്ട്രപതിയുടെ പ്രതിനിധിയായി അദ്ദേഹം നിയമിക്കുന്ന ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനം കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കതീതവും തീര്‍ത്തും നിഷ്പക്ഷവുമായിരിക്കേണ്ടത് ഫെഡറല്‍ സംവിധാനത്തിന് അനിവാര്യമാണ്. എങ്കിലേ സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന സങ്കല്‍പം യാഥാര്‍ഥ്യമാവൂ. എന്നാല്‍, എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തി കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ചട്ടുകമായാണ് ഈ പദവി ഉപയോഗപ്പെടുത്തുന്നത്. ആദ്യകാലത്ത് ഉന്നത വ്യക്തിത്വങ്ങള്‍ വഹിച്ച പദവിയില്‍ മൂന്നാംകിട രാഷ്ട്രീയക്കാരാണ് ഇപ്പോള്‍ കയറിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിശേഷിച്ചും. ഈ ലക്ഷ്യത്തിലാണ് കേന്ദ്രത്തില്‍ ഭരണം മാറുമ്പോള്‍ ഗവര്‍ണര്‍മാരെ മാറ്റി പ്രതിഷ്ഠിക്കുന്നത്.

കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അനഭിമതരായതിന്റെ പേരില്‍ ഗവര്‍ണര്‍മാരെ മാറ്റാനാവില്ലെന്നും സ്വഭാവദൂഷ്യമോ അഴിമതിയോ പോലുള്ള കാരണങ്ങളുടെ അടിസ്ഥാനത്തിലേ മാറ്റാനാവൂ എന്നും 2004ല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങളനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരാളല്ല ഗവര്‍ണറെന്ന് 1979ല്‍ സുപ്രീം കോടതി ഓര്‍മിപ്പിച്ചതുമാണ്. എങ്കിലും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഗവര്‍ണര്‍മാരെ ഇളക്കി പ്രതിഷ്ഠിക്കുകയും കേന്ദ്ര കക്ഷിയുടെ രാഷ്ട്രീയ ആയുധമായി അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതേ തുടര്‍ന്നു ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 2016 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സിലില്‍ സംസാരിക്കവെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. പദവി നിര്‍ത്തലാക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍മാരെ നിയമിക്കുമ്പോഴും നീക്കം ചെയ്യുമ്പോഴും സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായം കൂടി തേടുകയും സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ എസ് എസിന്റെ മ്യൂസിയങ്ങളില്‍ ഇരിക്കേണ്ടവരാണ് ഇന്ന് രാജ്ഭവനുകളിലിരിക്കുന്നതെന്നും ഗവര്‍ണര്‍ പദവി അനാവശ്യമാണെന്നുമാണ് സി പി ഐ നേതാവ് എസ് സുധാകര്‍ റെഡ്ഡിയുടെ പക്ഷം.

രാജ്യത്തിന്റെ ഐക്യം ഉറപ്പു വരുത്തേണ്ട ഒരു നിര്‍ണായക പദവി ആയാണ് ഭരണഘടനാ നിര്‍മാതാക്കള്‍ ഗവര്‍ണര്‍ സ്ഥാനത്തെ കണ്ടത്. സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ ഭരണപ്രതിപക്ഷങ്ങള്‍ക്കിടയില്‍ അനുരഞ്ജകനായി പ്രവര്‍ത്തിക്കേണ്ടയാളാണ് അദ്ദേഹം. എന്നാല്‍, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നതകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഇപ്പോഴവരുടെ പ്രധാന ജോലി. സമീപ കാലത്ത് സജീവ പൊതുരാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നവരെ പരിഗണിക്കരുതെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തിയെ മറ്റൊരു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തേക്ക് അയക്കരുതെന്നുമാണ് സര്‍ക്കാരിയ കമ്മീഷന്റെ നിര്‍ദേശം. എങ്കിലും സജീവ രാഷ്ട്രീയക്കാരാണ് നിലവിലെ ഗവര്‍ണര്‍മാരില്‍ ഏറെയും. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ അധികാര പദവി വീതംവെയ്പില്‍ പരിഗണക്കപ്പെടാതെ പോകുന്നവരെ കുടിയിരുത്താനുള്ള ഒരു വേദിയായി ഗവര്‍ണര്‍ പദവി അധഃപതിച്ചു. രാജ്ഭവനുകളിലിരുന്നും അവര്‍ തങ്ങളുടെ കക്ഷിരാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കയാണ്.

തിരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ട് സ്വരൂപിക്കാമെന്ന് ബി ജെ പി നേതാക്കള്‍ക്ക് ഉപദേശിച്ചു കൊടുക്കുന്ന ജോലിയാണല്ലോ മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം സാത്‌ന വിമാനത്താവളത്തില്‍ വെച്ച് ബി ജെ പി ജില്ലാ പ്രസിഡന്റ് നരേന്ദ്ര ത്രിപാഠി, മേയര്‍ മംമ്താ പാണ്ഡെ എന്നിവരടക്കമുള്ള നേതാക്കള്‍ക്ക് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന വീഡിയോ ഇതിനിടെ പുറത്തു വരികയുണ്ടായി. ‘വോട്ടുകള്‍ അത്ര എളുപ്പം ലഭിക്കില്ല, നിങ്ങള്‍ പോഷകാഹാര കുറവുള്ള കുട്ടികളുള്ള വീടുകളില്‍ പോകൂ, അവിടെ ചെന്ന് അവരോടൊപ്പം ഇരിക്കൂ, കുട്ടികളെ എടുത്ത് മടിയില്‍ വെക്കൂ, ഇങ്ങനെയൊക്കെ ചെയ്താലേ വോട്ടുകള്‍ ലഭിക്കുകയുള്ളൂ’വെന്നാണ് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ ആനന്ദിബെന്‍ പട്ടേല്‍ നേതാക്കള്‍ക്ക് ഉപദേശിക്കുന്നത്.
ഭരണഘടനാപരമായി മഹത്തായ ഒരു പദവി ഈ വിധം ദുരുപയോഗപ്പെടുത്തുന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള കടുത്ത അവഹേളനമാണ്. ഇതവസാനിപ്പിക്കാന്‍ നേരത്തെ ഗവര്‍ണര്‍മാരുടെ നിയമന രീതിയില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കാവുന്നതാണ്. രാഷ്ട്രപതി നിയമിക്കുന്നതിന് പകരം തിരഞ്ഞെടുപ്പിലൂടെയാകണം ഗവര്‍ണര്‍മാരുടെ നിയമനമെന്ന് നേരത്തെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. ചുരുങ്ങിയ പക്ഷം സംസ്ഥാനത്തെ എം എല്‍ എമാരും എം പിമാരും ചേര്‍ന്നു തിരഞ്ഞെടുക്കുന്ന സംവിധാനമെങ്കിലും ആകാവുന്നതാണ്. ഇക്കാര്യത്തെക്കുറിച്ചു ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ ചര്‍ച്ച ഉയര്‍ന്നുവരേണ്ടതുണ്ട്.