Connect with us

Kerala

വേനല്‍ മഴ തുണച്ചു; വൈദ്യുതി സുലഭം

Published

|

Last Updated

തിരുവനന്തപുരം: കടുത്ത വേനല്‍ പതിവുള്ള മെയ് മാസം മഴ തിമിര്‍ത്ത് പെയ്തതോടെ ഒട്ടും പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോര്‍ഡ്. സംഭരണികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനൊപ്പം ഉപയോഗവും ഗണ്യമായി കുറഞ്ഞു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ കുറവുണ്ടായിട്ടും പ്രതിസന്ധി അനുഭവപ്പെടുന്നില്ല. മഴയിലും കാറ്റിലും ഫീഡറുകളും മറ്റും തകര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും ഉപയോഗം കുറയാന്‍ ഇടയാക്കുന്നു. ആവശ്യകത നിറവേറ്റാന്‍ മുന്‍കാലത്ത് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം നികത്താനാണ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നതെങ്കില്‍ ഉപയോഗം കുറയുന്നത് മൂലമുള്ള നഷ്ടം എങ്ങനെ നികത്തുമെന്ന് തലപുകയ്ക്കുകയാണ് വൈദ്യുതി ബോര്‍ഡ്. ഉപയോഗം കുറയുമ്പോള്‍ വൈദ്യുതി ബില്ലിലും പ്രതിഫലിക്കുന്ന കുറവ് നഷ്ടക്കണക്ക് കൂട്ടാന്‍ ഇടയാക്കുമോയെന്ന ആശങ്കയിലാണ് കെ എസ് ഇ ബി.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയിലും രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിലും സമാന്യം ഭേദപ്പെട്ട നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ 27 ശതമാനവും പമ്പയില്‍ 30 ശതമാനവും വെള്ളമുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിലാകെ ഇപ്പോള്‍ 26ശതമാനം വെള്ളമാണുള്ളത്. ഇതില്‍ നിന്ന് 1083.7 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. വേനല്‍കാലത്തെ ഈ ജലനിരപ്പ് പ്രതീക്ഷ നല്‍കുന്നതാണ്.

71.3 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ ശരാശരി ഉപയോഗം. സാധാരണ കടുത്ത വേനല്‍ അനുഭവപ്പെടുന്ന മെയ് മാസം 78 ദശലക്ഷം യൂനിറ്റ് വരെ ആവശ്യമായി വരാറുണ്ട്. മഴയില്‍ ചൂട് കുറഞ്ഞതോടെ വൈദ്യുതി ഉപയോഗവും കുറയുകയായിരുന്നു. കാറ്റില്‍ ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍, തകരാര്‍ മൂലം വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും ഉപയോഗം കുറയാന്‍ ഇടയാക്കി. പുറത്തുനിന്നുള്ള വൈദ്യുതിക്കൊപ്പം എല്‍ ഇ ഡി ഉപയോഗം വര്‍ധിച്ചതും വൈദ്യുതി ആവശ്യകത കുറയാന്‍ വഴിവെച്ചു.

കല്‍ക്കരി ക്ഷാമം മൂലം പുറത്ത് നിന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ ഒരാഴ്ചയായി കുറവുണ്ട്. കരാര്‍ അനുസരിച്ചുള്ള നിശ്ചിത അളവ് വൈദ്യുതി നല്‍കാന്‍ സ്വകാര്യ ഉത്പാദകര്‍ക്ക് കഴിയുന്നില്ല. 350 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ഇവിടങ്ങളില്‍ ആവശ്യകത വര്‍ധിച്ചതും കേരളത്തിലേക്കുള്ള വൈദ്യുതി വരവിനെ ബാധിച്ചു. എന്നിട്ടും ഒട്ടും പ്രതിസന്ധിയില്ലെന്നതാണ് സ്ഥിതി.

കേരളത്തിന് കേന്ദ്രവിഹിതമായി ദിവസം 3.5 കോടി യൂനിറ്റ് വരെ ലഭിക്കുന്നുണ്ട്. 2.5 -3.5 രൂപയാണു വില. സ്വകാര്യ കമ്പനികളില്‍ 2.5 കോടി യൂനിറ്റ് വങ്ങാനും കരാറുണ്ട്. ശരാശരി നാല് രൂപയാണ് ഇതിന്റെ വില. ഇതിനൊപ്പമാണ് സംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചത്. ഈ മാസം 29ന് കാലവര്‍ഷം തുടങ്ങുമെന്ന പ്രവചനം യാഥാര്‍ഥ്യമായാല്‍ സംഭരണികളിലെല്ലാം യഥേഷ്ടം വെള്ളമെത്തും.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ശരാശരി വില 5.5 രൂപയാണ്. ഉപയോഗം വര്‍ധിക്കുമ്പോള്‍ സ്ലാബ് അനുസരിച്ചു നിരക്കും കൂടും. ബോര്‍ഡിന്റെ വരുമാനവും ലാഭവുമാണ് ഇങ്ങനെ വര്‍ധിക്കുന്നത്. വൈദ്യുതി ഉപയോഗം കുറഞ്ഞത് ഈ ലാഭത്തെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ബോര്‍ഡ് കണക്ക് കൂട്ടല്‍ തുടങ്ങിയിട്ടുണ്ട്.

Latest