Connect with us

National

അസാമില്‍ അമിത് ഷായെ വരവേറ്റത് കരിങ്കൊടി

Published

|

Last Updated

അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ കരിങ്കൊടി വീശുന്ന കൃഷക് മുക്തി സംഗ്രാം സമിതി നേതാവ് അഖില്‍ ഗൊഗോയി

ഗുവാഹതി: എന്‍ ഡി എയുടെ ഭാഗമായ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സി(എന്‍ ഇ ഡി എ)ന്റെ മൂന്നാമത് നേതൃയോഗത്തിനെത്തിയ ബി ജെ പി പ്രസിഡന്റ് അമിത് ഷാക്കെതിരെ വ്യാപക പ്രതിഷേധം. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭത്തിലുള്ള സംഘടനകളാണ് അമിത് ഷാ വന്നിറങ്ങിയ ലോകപ്രിയ ഗോപിനാഥ് ബര്‍ദൊലായി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും സമ്മേളനം നടക്കുന്ന ശ്രീമന്ത ശങ്കര്‍ദേവ കലാക്ഷേത്രത്തിന് മുമ്പിലും വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൃഷക് മുക്തി സംഗ്രാം സമിതി (കെ എം എസ് എസ്) യുടെ നേതൃത്വത്തിലായിരുന്നു നൂറ് കണക്കിന് പേര്‍ അണി നിരന്നത്. അമിത് ഷായെ അസാമില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് പ്രക്ഷേഭകര്‍ മുദ്രാവാക്യം മുഴക്കി. കരിങ്കൊടിയുമേന്തിയായിരുന്നു പ്രകടനം. 10.30നാണ് പ്രത്യേക വിമാനത്തില്‍ അമിത് ഷാ സംസ്ഥാനത്തെത്തിയത്.

കെ എം എസ് എസ് മേധാവിയും പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനുമായ അഖില്‍ ഗൊഗോയി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറ് കണക്കിന് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അമിത് ഷാ എത്തും മുമ്പ് തന്നെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനായിരുന്നു നിര്‍ദേശമെന്നും പ്രകോപനമില്ലാതിരിക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എ ഡി ജി പി മുകേഷ് അഗര്‍വാള്‍ പറഞ്ഞു.

അസാംവിരുദ്ധ പൗരത്വ നിയമം പാസ്സാക്കാമെന്ന് ബി ജെ പി സ്വപ്‌നം കാണേണ്ടെന്ന് അഖില്‍ ഗൊഗോയി പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ജനാധിപത്യപരമായ പ്രക്ഷോഭം തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബംഗ്ലാദേശ് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പൗരത്വ (ഭേദഗതി) നിയമം.

അതിനിടെ എന്‍ ഇ ഡി എയിലെ അനൈക്യം മറനീക്കി പുറത്ത് വന്നു. സഖ്യത്തില്‍ അംഗമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ അധ്യക്ഷനും സിക്കിം മുഖ്യമന്ത്രിയുമായ പവന്‍ കുമാര്‍ ചാംലിംഗ് യോഗത്തിനെത്തിയില്ല. കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ പരാജയമടഞ്ഞതിന് പിറകേയാണ് ഈ വിട്ടുനില്‍ക്കല്‍ എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ചാംലിംഗ് പങ്കെടുക്കാത്തതില്‍ അസാധാരണമായി ഒന്നുമില്ലെന്നും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ എത്തിയിട്ടുണ്ടെന്നുമാണ് എന്‍ ഇ ഡി എ കണ്‍വീനറും അസാം മന്ത്രിയുമായ ഹിമാന്ത വിശ്വ ശര്‍മ പറഞ്ഞത്. മൊത്തം 14 പാര്‍ട്ടികളാണ് എന്‍ ഇ ഡി എയില്‍ ഉള്ളത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരിക്കുകയോ ഭരണത്തില്‍ പങ്കാളിയാകുകയോ ചെയ്യുന്ന ആറിടത്ത് നിന്നുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ എത്തി. അസാമിലെ സര്‍ബാനന്ദ സോനോവാള്‍, അരുണാചല്‍ പ്രദേശിലെ പേമാ ഖണ്ഡു, മണിപ്പൂരിലെ ബിരേന്‍ സിംഗ്, മേഘാലയയിലെ കോണ്‍റാഡ് സാംഗ്മാ, നാഗാലാന്‍ഡിലെ നെയ്ഫ്യു റിയോ, ത്രിപുരയിലെ ബിപ്ലവ് കുമാര്‍ ദേവ് എന്നിവരാണവര്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലും നാഗാ പീപ്പിള്‍സ് ഫ്രണ്ടും ഈയിടെ എന്‍ ഇ ഡി എ വിട്ടിരുന്നു.