Connect with us

Kerala

തിരുവനന്തപുരം മെഡി. കോളജില്‍ നിര്‍ധനര്‍ക്ക് ഡോണേഴ്‌സ് അക്കൗണ്ട്

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന ആയിരത്തിലേറെ രോഗികള്‍ക്ക് ആശ്വാസമായി ഡോണേഴ്‌സ് അക്കൗണ്ട്. നിര്‍ധനരായ രോഗികള്‍ക്ക് തുടര്‍ ചികിത്സക്ക് ധനസഹായം നല്‍കുന്നതിനുള്ള ഉപാധിയാണ് ഡോണേഴ്‌സ് അക്കൗണ്ട്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 5000 രൂപ വരെയാണ് ഇതില്‍ നിന്നുള്ള സഹായം.

നിലവില്‍ ബി പി എല്‍ റേഷന്‍ കാര്‍ഡ് ഉണ്ടായിട്ടും മറ്റ് ചികിത്സാ പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍, സര്‍ക്കാറിന്റെ വിവിധ ചികിത്സാ പദ്ധതികളില്‍ നിന്ന് ധനസഹായം ലഭിക്കാത്ത എ പി എല്‍ റേഷന്‍ കാര്‍ഡുള്ള നിര്‍ധനരായ രോഗികള്‍, കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത രോഗികള്‍, തിരിച്ചറിയപ്പെടാന്‍ കഴിയാത്ത രോഗികള്‍, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍, അംഗീകൃത സ്‌പോണ്‍സര്‍മാരില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍, സര്‍ക്കാര്‍ അഭയ കേന്ദ്രങ്ങളില്‍ നിന്നും വരുന്നവര്‍, സര്‍ക്കാര്‍ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന വ്യക്തമായ രജിസ്‌ട്രേഷനും നിയമാവലിയുമുള്ള അഭയകേന്ദ്രങ്ങളില്‍ നിന്നും വരുന്നവര്‍, സര്‍ക്കാര്‍ ചികിത്സാ പദ്ധതികളില്‍ നിന്നുള്ള ധനസഹായം പൂര്‍ണമായും വിനിയോഗിക്കപ്പെടുകയും തുടര്‍ ചികിത്സക്ക് വീണ്ടും പണം ആവശ്യമുള്ളവരുമായ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ എന്നിവര്‍ക്കാണ് ഡോണേഴ്‌സ് അക്കൗണ്ടില്‍നിന്ന് തുക ലഭിക്കുക. ഇതിനകം തന്നെ നൂറിലേറെ രോഗികള്‍ക്ക് ഡോണേഴ്‌സ് ഫണ്ടില്‍ നിന്നും സഹായം നല്‍കിയിട്ടുണ്ട്.

സങ്കീര്‍ണമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍, സര്‍ക്കാറില്‍ നിന്നും ലഭിക്കാത്ത വില കൂടിയ ആന്റിബയോട്ടിക് മരുന്നുകള്‍, ക്യാന്‍സര്‍ മരുന്നുകള്‍, സ്‌കാനിംഗ്, കാര്‍ഡിയോളജി ചികിത്സയിലെ ആന്‍ജിയോ പ്ലാസ്റ്റി, ആന്‍ജിയോഗ്രാം എന്നിവക്ക് വേണ്ടിയാണ് കൂടുതല്‍ തുക അനുവദിച്ചത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ആശുപത്രി സൂപ്രണ്ടുമടങ്ങുന്ന കമ്മിറ്റിയാണ് ഡോണേഴ്‌സ് അക്കൗണ്ട് നിയന്ത്രിക്കുന്നത്.

ഡോണേഴ്‌സ് അക്കൗണ്ടിലേക്ക് ധനസഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ദി സെക്രട്ടറി, എച്ച് ഡി എസ്, മെഡിക്കല്‍ കോളജ് എന്ന വിലാസത്തിലോ, അക്കൗണ്ട് നമ്പര്‍: 67094604026, (എസ് ബി ഐ മെഡിക്കല്‍ കോളജ് ശാഖ) കഎടഇ: ടആകച0070029 എന്ന നമ്പറിലോ സംഭാവനകള്‍ നല്‍കാം. ഈ അക്കൗണ്ടില്‍ സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ രസീത് കൈപ്പറ്റി ആദായ നികുതി ഇളവിന് ഉപയോഗിക്കാനാകും.