കുവൈത്ത് പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം- കാന്തപുരം

Posted on: May 21, 2018 6:00 am | Last updated: May 21, 2018 at 12:03 am
കുവൈത്തിലെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ ജീവ സാഗറിനൊപ്പം

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവില്‍ ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കുവൈത്ത് ഐ സി എഫിന്റെ റമസാന്‍ അതിഥിയായി എത്തിയ കാന്തപുരം എംബസിയില്‍ അംബാസഡര്‍ ജീവ സാഗറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു.

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കുവൈത്ത് നല്‍കുന്ന തൊഴിലവസരങ്ങള്‍ വിലപ്പെട്ടതാണ്. പല കാരണങ്ങളാലും മതിയായ രേഖകളില്ലാതെ കുടുങ്ങിയ ഇന്ത്യക്കാരോട് കുവൈത്ത് അമീര്‍ കാണിച്ച കരുണ പ്രശംസനീയമാണ്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാന്‍ അംബാസഡര്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.

ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിലവില്‍ തൊഴിലിടങ്ങളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമങ്ങള്‍ നടത്തണമെന്ന് കാന്തപുരം അംബാസഡറോട് അഭ്യര്‍ഥിച്ചു. കുവൈത്തില്‍ ജോലി തേടിയെത്തുന്ന ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് റസിഡന്‍സി സ്റ്റാമ്പിംഗ് പൂര്‍ത്തീകരിക്കുന്നതിന് കുവൈത്ത് എന്‍ജിനീയറിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ലഘൂകരിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്തോ അറബ് മിഷന്‍ സെക്രട്ടറി ഡോ. അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി, മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ സി പി ഉബൈദുല്ല സഖാഫി, ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹഖീം ദാരിമി, ജന. സെക്രട്ടറി അഡ്വ. തന്‍വീര്‍ ഉമര്‍, സെക്രട്ടറി അബ്ദുല്ല വടകര, കോ ഓര്‍ഡിനേറ്റര്‍ ശമീര്‍ മുസ്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.