Connect with us

National

കര്‍ണാടകയില്‍ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ച സജീവം; കുമാരസ്വാമി ഇന്ന് ഡല്‍ഹിക്ക്

Published

|

Last Updated

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ സജീവം. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിഞ്ഞതോടെയാണ് കോണ്‍ഗ്രസ്- ജെ ഡി എസ് മന്ത്രിസഭക്ക് കര്‍ണാടകയില്‍ കളമൊരുങ്ങിയത്. 2013ല്‍ കിട്ടിയ സീറ്റിനേക്കാളും രണ്ട് സീറ്റ് കുറവുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം തന്നെ ലഭിച്ചത് ജെ ഡി എസിനും കുമാരസ്വാമിക്കും ലഭിച്ച അപ്രതീക്ഷിത നേട്ടമാണ്. സംസ്ഥാനത്തെ 24-ാമത്തെ മുഖ്യമന്ത്രിയായാണ് കുമാരസ്വാമി ബുധനാഴ്ച അധികാരമേല്‍ക്കുന്നത്. തിരഞ്ഞെടുപ്പിന് തുടക്കം മുതലേ കിംഗ് മേക്കറാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച കുമാരസ്വാമി അതേ ആത്മവിശ്വാസത്തില്‍ തന്നെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കും ഒരുങ്ങുന്നത്. ബുധനാഴ്ച പ്രധാനപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമായിരിക്കും മന്ത്രിസഭ വികസിപ്പിക്കുക.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം മന്ത്രിസഭയിലെത്താന്‍ സാധ്യത കുറവാണ്. മുഖ്യമന്ത്രിയാകുന്ന എച്ച് ഡി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യ വകുപ്പിന്റെയും ചുമതല വഹിക്കുക.

33 അംഗ മന്ത്രിസഭ നിലവില്‍ വരാനാണ് സാധ്യത. കൂടുതല്‍ മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെയായിരിക്കും. കോണ്‍ഗ്രസിന് ഇരുപതും ജെ ഡി എസിന് പതിമൂന്നും മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനാണ് നീക്കം. ഡോ. ജി പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കും. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പും നല്‍കിയേക്കും. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു പരമേശ്വര. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വൊക്കലിഗ സമുദായത്തില്‍ നിന്നാകരുത് എന്ന് തീരുമാനമുണ്ടായാല്‍ പരമേശ്വരക്കായിരിക്കും നറുക്ക് വീഴുകയെന്ന് ഉറപ്പാണ്. വൊക്കലിഗക്കാരനായ ഡി കെ ശിവകുമാറിനെ കെ പി സി സി പ്രസിഡന്റാക്കാനാണ് നീക്കം. മലയാളികളായ കെ ജെ ജോര്‍ജിനും യു ടി ഖാദറിനും ഇക്കുറിയും മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജോര്‍ജിന് നേരത്തെ കൈകാര്യം ചെയ്തിരുന്ന നഗര വികസനം തന്നെ ലഭിക്കും. യു ടി ഖാദറിന് ആരോഗ്യ വകുപ്പിന്റെ ചുമതല ലഭിച്ചേക്കും. ഏതൊക്കെ വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

കോണ്‍ഗ്രസ്- ജെ ഡി എസ്. എം എല്‍ എമാരുടെ യോഗം ഇന്നലെ ബെംഗളൂരുവില്‍ നടന്നു. കുതിരക്കച്ചവടത്തിന് ഇനിയും സാധ്യതയുള്ളതിനാല്‍ ഇരുപാര്‍ട്ടികളിലെയും എം എല്‍ എമാര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഇന്നലെ രാവിലെയോടെ അവരുടെ മണ്ഡലങ്ങളിലേക്ക് പോയി.

117 പേരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടത്താനാണ് നിശ്ചയിച്ചതെങ്കിലും വിധാന്‍സൗധക്ക് മുന്നിലേക്ക് മാറ്റി. 23ന് ഉച്ചക്ക് പന്ത്രണ്ടിനാണ് സത്യപ്രതിജ്ഞ. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന് കുമാരസ്വാമി ഇന്ന് ന്യൂഡല്‍ഹിയിലേക്ക് പോകും. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യത്തിലെ നേതാക്കള്‍ക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്. മമതാ ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര്‍ റാവു, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞക്കെത്തുമെന്നാണ് കരുതുന്നത്.

പതിനാല് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസും ജെ ഡി എസും ചേര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. 2004ല്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിലെ ധരംസിംഗും ഉപമുഖ്യമന്ത്രി അന്ന് ജെ ഡി എസിലായിരുന്ന സിദ്ധരാമയ്യയുമായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ കരാറില്ല

ബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനം നിശ്ചിത കാലയളവിന് ശേഷം കോണ്‍ഗ്രസുമായി പങ്കുവെക്കാമെന്ന കരാറില്ലെന്നും അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പദം സംബന്ധിച്ചും അധികാരം പങ്കിടുന്നത് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. തനിക്ക് കീഴില്‍ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകും. അത് കോണ്‍ഗ്രസില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2007ല്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറിയപ്പോള്‍ ഇത്തരമൊരു ധാരണ ജെ ഡി എസ് ഉണ്ടാക്കിയിരുന്നു. അധികാരം പങ്കിടുന്നതിനെ ചൊല്ലിയുടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത് മാസത്തിന് ശേഷം സഖ്യം തകരുകയും മന്ത്രിസഭ നിലംപതിക്കുകയുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ കുമാരസ്വാമി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭ വീണത്.

---- facebook comment plugin here -----

Latest