Connect with us

Kerala

കോഴിക്കോട് പേരാമ്പ്രയിലെ പനി മരണങ്ങള്‍: ഐഎംഎ വിദഗ്ധ സമിതിയെ നിയോഗിച്ചു

Published

|

Last Updated

കോഴിക്കോട് പേരാമ്പ്രയിലെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐഎംഎ വിദഗ്ധ സമിതിയെ നിയോഗിച്ചു. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കി. ചികിത്സാ പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കാനം നിര്‍ദേശമുണ്ട്.

ഇന്ന് കാലത്ത് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറസ് സ്റ്റഡീസില്‍നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഏത് തരം വൈറസാണ് മരണത്തിന് കാരണമാക്കിയതെന്ന് തിരിച്ചറിയാനായിട്ടില്ലെന്ന് വിദഗ്ധ സംഘം പറഞ്ഞു. സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയക്കുമെന്നും സംഘം പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം പ്രദേശത്തില്ലെന്ന് മെഡിക്കല്‍ സംഘത്തലവന്‍ ഡോ.അരുണ്‍കുമാര്‍ പറഞ്ഞു.

വൈറല്‍ പനിഭീതിയെത്തുടര്‍ന്ന് 30ലധികം കുടുംബങ്ങള്‍ പ്രദേശത്തുനിന്നും മാറിത്താമസിച്ചിട്ടുണ്ട്. വൈറസ് പനിയെ നേരിടുന്നതിന് ജില്ലയില്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട് . ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തിക്കുക. അപൂര്‍വ്വമായ വൈറസ് പനി പിടിപെട്ട് പേരാമ്പ്രയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. വളച്ചുകെട്ടിയില്‍ മൂസയുടെ മക്കളായ സാബിത്ത്(23), സ്വാലിഹ്(26) ഇവരുടെ പിത്യസഹോദരനായ വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(51) എന്നിവരാണ് മരിച്ചത്. ഏത് തരം വൈറസാണ് രോഗം പടര്‍ത്തുന്നതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

Latest