യുവാവിനെ തല്ലിക്കൊന്ന സംഭവം; നാല് ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍

Posted on: May 20, 2018 3:41 pm | Last updated: May 21, 2018 at 10:09 am

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. പവന്‍ സിംഗ് ഗൊണ്ട്, വിജയ് സിംഗ് ഗൊണ്ട്, ഫൂല്‍ സിംഗ് ഗൊണ്ട്, നാരായണ്‍ സിംഗ് ഗൊണ്ട് എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സബ് ഡിവിഷണല്‍ ഓഫീസര്‍ അരവിന്ദ് തിവാരിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് കൂടുതല്‍ സേനയെ നിയോഗിച്ചു.

സത്‌ന ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കശാപ്പ് നടത്തുകയാണെന്ന് ആരോപിച്ച് റിയാസ് (45) എന്നയാളെയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഷക്കീലിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പശുവിനെ മേയ്ച്ചുകൊണ്ടുവരുന്നതിനിടെ റിയാസിനെയും ഷക്കീലിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ച് പുലര്‍ച്ചയോടെ പൊലീസ് സംഭവ സ്ഥലത്തെത്തുമ്പോഴേക്കും റിയാസ് മരിച്ചിരുന്നു.

അതേസമയം, ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷക്കീലിനെതിരേ ഗോവധത്തിന് കേസെടുത്തു. മധ്യപ്രദേശില്‍ പശുവിനെ കൊല്ലുന്നത് രണ്ട് വര്‍ഷം വരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. കശാപ്പ് നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്ന് കാളയുടേയും മറ്റ് രണ്ട് മൃഗങ്ങളുടേയും മാസം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രാജ്യത്ത് ഗോവധത്തിന്റെയും പശുക്കടത്തിന്റെയും പേരില്‍ നിരവധി പേര്‍ക്കാണ് നേരത്തെ ജീവന്‍ നഷ്ടപ്പെട്ടത്.