ഖുർആൻ പെൻ: വിശുദ്ധ റമസാനിൽ ഒരു സ്മാർട്ട് വായന

സ്മാർട്ട് ലെെഫ്
Posted on: May 19, 2018 7:58 pm | Last updated: May 19, 2018 at 8:27 pm
SHARE

വിശുദ്ധ റമസാന്‍. ഈ മാസത്തിലാണ് മാനവ കുലത്തിനു മോചനത്തിന്റെ തിരുവെളിച്ചം വിതറി പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്.ഏതു സത്കര്‍മങ്ങള്‍ക്കും എന്നപോലെ ഖുര്‍ആനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികള്‍ക്കും ഒരുപാട് മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസമാണ് റമസാന്‍. പ്രത്യേകിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും എല്ലാം. വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നതും പഠിക്കുന്നതും മനസിലാക്കുന്നതും ഉപകാരപ്രദമായ ഒരുസാങ്കേതിക ഉപകരണമാണ് ഖുര്‍ആന്‍ പെന്‍. പ്രായ വ്യത്യാസമില്ലാതെ,അറബികള്‍ക്കും അനറബികള്‍ക്കുംതുടക്കക്കാര്‍ക്കും വൈദഗ്ധ്യം നേടിയവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു ഉപകരണമാണിത്.

ഉസ്മാനീ ലിപിയില്‍ പ്രത്യേകം തയാറാക്കുന്ന ഖുര്‍ആന്‍ പതിപ്പാണ് ഖുര്‍ആന്‍ പേനയോടൊപ്പം ഉപയോഗിക്കുന്നത്. കാഴ്ചയില്‍ സാധാരണ മുസ്ഹഫ് പോലെ തന്നെ.എന്നാല്‍ വരികള്‍ക്കിടയില്‍ ഖുര്‍ആന്റെ ഓരോ പദങ്ങളുടെയും കൂടെ പ്രത്യേക കോഡുകള്‍ കൂടി പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത് പക്ഷെ നഗ്ന നേത്രങ്ങള്‍ കൊണ്ട് വായിച്ചെടുക്കാന്‍ പറ്റിയ രൂപത്തിലല്ല. ഖുര്‍ആന്‍ പേനയുടെ അഗ്രം ഈ പ്രത്യേക മുസ്ഹഫില്‍ സ്പര്‍ശിക്കുന്നതോടെ ആ സ്ഥലത്തുള്ള കോഡ് വായിച്ചെടുക്കുകയും പേനക്കകത്തെ ഇലക്ട്രോണിക് ചിപ്പുകളില്‍ ശേഖരിച്ചു വച്ചിരിക്കുന്ന ഖുര്‍ആന്‍ വോയ്സ് പ്ലേ ചെയ്യുകയാണ് ചെയ്യുന്നത്.

ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരാളുടെ സഹായം കൂടാതെ പ്രിന്റഡ് ഖുര്‍ആന്‍ തന്നെ ഉപയോഗിച്ച് അതു സാധ്യമാക്കുന്ന അത്യാധുനിക സംവിധാനമാണ് ഖുര്‍ആന്‍ പെന്‍. കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിക്കുമ്പോള്‍ കണ്ണിന് സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ടെക്‌നോളജി വശമില്ലാത്തവര്‍ക്കും ഒരുപോലെ അനായാസം ഉപയോഗിക്കാനാവും എന്നതാണ് പ്രത്യേകത. അറബി അക്ഷരങ്ങള്‍, ഖുര്‍ആനിലെ വാക്കുകള്‍ എന്നിവയുടെ ഉച്ചാരണങ്ങള്‍ കൃത്യമായി പഠിക്കാനും ഖുര്‍ആന്‍ പാരായണം ശ്രവിക്കാനും സാധിക്കും.
പേനയില്‍ തന്നെയുള്ള ലൗഡ് സ്പീക്കറിലൂടെയോ ഹെഡ്‌സെറ്റ് ഉപയോഗിച്ചോ നാമുദ്ദേശിക്കുന്ന ആയത്തുകളോ ആയത്തുകളിലെ പ്രത്യേക വാക്കുകളോ നമുക്ക് ശ്രവിക്കാവുന്നതാണ്. പ്രശസ്തരായ ഖാരിഉകളുടെ പാരായണം യഥേഷ്ടം മാറി മാറി കേള്‍ക്കാന്‍ ഒരു ബട്ടന്‍ അമര്‍ത്തേണ്ട ആവശ്യമേ ഉള്ളൂ. ലഘുതഫ്സീറുകളും ലഭ്യമാണ്.

ഈ പ്രത്യേക പേന കൊണ്ട് ഖുര്‍ആനിലെ ഒരു ആയത്തില്‍ തൊട്ടാല്‍ ആ ആയത്ത് മാത്രമായും പേജ് നമ്പറില്‍ തൊട്ടാല്‍ ആ പേജ് മാത്രമായും സൂറത്തിന്റെ പേരില്‍ തൊട്ടാല്‍ സൂറത്ത് അവസാനിക്കുന്നതു വരെയും പാരായണം ശ്രവിക്കാവുന്നതാണ്. യാത്രയില്‍ ഈ ഖുര്‍ആന്‍ എടുക്കാനും ഉപയോഗിക്കാനും പ്രയാസം നേരിടുന്നവര്‍ക്ക് അതിനും സംവിധാനമുണ്ട്. ഖുര്‍ആന്‍ മുഴുവനും അടങ്ങിയ ഒരു പോക്കറ്റ് കാര്‍ഡ് മാത്രം മതിയാവും. ഖുര്‍ആന്‍ പെന്‍ കിറ്റിനോടൊപ്പം അതും ഒരുക്കിയിരിക്കുന്നു. ഇതിലും സൂറത്തുകള്‍ തിരഞ്ഞെടുത്തു കേള്‍ക്കാനും ദൈനംദിന പ്രാര്‍ഥനകള്‍ കേള്‍ക്കാനും സൗകര്യമുണ്ട്. സഹീഹ് ബുഖാരി,സഹീഹ് മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ധങ്ങളുടെ വായനയും ഇപ്പോള്‍ ഖുര്‍ആന്‍ പേനയില്‍ ലഭ്യമാണ്.

ഖുര്‍ആന്‍ ടെക്സ്റ്റ് ബുക്കിലെ അക്ഷരങ്ങളുടെ വലിപ്പ വ്യത്യാസമനുസരിച്ചും,ഖുര്‍ആന്‍ റീഡിംഗ് പെന്നിന്റെ വ്യത്യാസമനുസരിച്ചും വിവിധ തരത്തിലുള്ള പ്രോഡക്റ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍സ്റ്റോറുകളിലൂടെയും ഇത് വാങ്ങാന്‍ സാധിക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here